സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിന്‌ അടിയന്തിര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനം വകുപ്പ്‌ മന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി, വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി, ആരോഗ്യ വകുപ്പ്‌ മന്ത്രി, ചീഫ്‌ സെക്രട്ടറി, എഡിജിപി ബി സന്ധ്യ, എന്നിവരും വിവിധ വകുപ്പ്‌ മേധാവികളും പങ്കെടുത്തു. 2012-13, 2013-14 കാലങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ച ഇടമലക്കുടി പാക്കേജ്‌ ലക്ഷ്യംകാണുകയോ, പൂര്‍ത്തീകരിക്കുകയോ ചെയ്‌തിട്ടില്ലെന്ന്‌ യോഗം വിലയിരുത്തി. 250 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ആകെ 103 വീട്‌ മാത്രമാണ്‌ പൂര്‍ത്തീകരിക്കാനായത്‌. 14 കി.മീ റോഡ്‌ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പിലായില്ല. പാക്കേജിന്റെ ഭാഗമായി 12.5 കോടി വകയിരുത്തിയെങ്കിലും ഏകദേശം 4 കോടി രൂപ മാത്രമാണ്‌ ചിലവഴിച്ചത്‌.
ഇന്നത്തെ യോഗം കൈക്കൊണ്ട തീരുമാനങ്ങള്‍ 1. ഇടമലക്കുടി പഞ്ചായത്തില്‍ തന്നെ പഞ്ചായത്ത്‌ ആസ്ഥാനം പണികഴിപ്പിക്കുന്നതാണ്‌. 2. സൊസൈറ്റികുടിക്കടുത്ത്‌ പ്രാദേശിക ആരോഗ്യകേന്ദ്രവും ജീവനക്കാര്‍ക്കുള്ള ക്വാട്ടേര്‍സും സ്ഥിരം മെഡിക്കല്‍ സംവിധാനവും ഏര്‍പ്പെടുത്തും. 3. ഭവന നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കും. 4. കുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ തടയുന്നതിന്‌ വേണ്ടി വിദ്യാസമ്പന്നരായ തദ്ദേശീയരായ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ടവരെ ടീച്ചര്‍മാരായി നിയമിക്കും. 5. എംആര്‍എസ്‌ മാതൃകയില്‍ റസിഡന്‍ഷ്യല്‍ പഠന സമ്പ്രദായം ആവിഷ്‌കരിക്കും 6. കുടിവെള്ളത്തിന്‌ തദ്ദേശീയമായ ജലസ്‌ത്രോതസ്സ്‌ ഉപയോഗപ്പെടുത്തിയും ചെക്ക്‌ഡാം പണിതും പദ്ധതികള്‍ നടപ്പിലാക്കും. 7. കല്ല്‌ പാകിയുള്ള പാത നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തീകരിക്കാനുള്ള നടപടി സ്വീകരിക്കും 8. പാരമ്പര്യമായ കൃഷി രീതികള്‍ ചെയ്യുന്നതിന്‌ ആവശ്യമായ പ്രോത്സാഹനം നല്‍കും 9. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇടത്തട്ട്‌ ചൂഷണം അവസാനിപ്പിക്കാന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും. 10. എല്ലാ കുടികളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും 11. റേഷന്‍ സംവിധാനം മെച്ചപ്പെടുത്തും 12. ദേവികുളം സബ്‌കലക്‌ടറെ ഇടമലക്കുടി പാക്കേജിന്റെ പദ്ധതി നിര്‍വഹണത്തിന്‌ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി
Please follow and like us:
0