നാടന്‍കലകളുടെ ഈറ്റില്ലമായ മലബാറിന്റെ തനത്‌ കലകളെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ പ്രതീക്ഷയാണ്‌ സാംസ്‌കാരിക കേരളത്തിന്‌ നല്‍കുന്നത്‌. ജനപ്രതിനിധികളും, സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നിട്ടിറങ്ങി നമ്മുടെ കലാപൈതൃകം സംരക്ഷിക്കുന്നത്‌ അഭിമാനാര്‍ഹമായ പ്രവര്‍ത്തനമാണ്‌. നാടന്‍ കലകളുടെ പരിപോഷണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കണ്ണപുരം കലാഗ്രാമത്തിനായി നിര്‍മ്മിച്ച കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.

പാരമ്പര്യകലകളുടെ പേരില്‍ പ്രശസ്‌തമായ നാടാണ്‌ കണ്ണൂര്‍. വ്യത്യസ്‌തങ്ങളായ തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്ന ക്ഷേത്രങ്ങളും കാവുകളും ഉള്ള മനോഹരമായ ഗ്രാമമാണ്‌ കണ്ണപുരം. ഒരു കലാഗ്രാമം എന്ന സ്വപ്‌ന പദ്ധതിക്ക്‌ എന്തുകൊണ്ടും യോജിച്ച നാട്‌. ആവശ്യമായ പ്രോത്സാഹനം ലഭിക്കാത്തതിനാലാണ്‌ നമ്മുടെ പാരമ്പര്യ കലാരൂപങ്ങള്‍ കാത്തുസംരക്ഷിക്കാന്‍ സാധിക്കാത്തത്‌. പുതിയ തലമുറ ഇതില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്‌. പാരമ്പര്യ കലാരൂപങ്ങള്‍ നല്ല മെയ്‌ വഴക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നതാണ്‌. മാനസികവും ശാരീരികവുമായ വളര്‍ച്ചയുള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം കലാരൂപങ്ങള്‍ നാട്ടുതനിമയോടെ തന്നെ നിലനിര്‍ത്തണം. കലാഗ്രാമം പോലുള്ള സ്ഥാപനങ്ങളിലൂടെ പുതിയ തലമുറയെ നമ്മുടെ സാംസ്‌കാരിക പൈതൃകം പഠിപ്പിക്കാനാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌.

കണ്ണപുരം കലാ ഗ്രാമം ഭാവിയില്‍ യുജിസി അംഗീകാരമുള്ള പഠന ഗവേഷണ കേന്ദ്രമായി മാറ്റുന്നതിനാണ്‌ ഉദ്ദേശിക്കുന്നത്‌. തെയ്യം കലാപഠനം, ഡോക്യുമെന്റേഷന്‍, മ്യൂസിയം എന്നിവയാണ്‌ കലാഗ്രാമത്തിലൂടെ വിഭാവന ചെയ്യുന്നത്‌. ജൈവവൈവിധ്യങ്ങളെ സംരക്ഷിക്കുക, പൈതൃക സ്വത്തുക്കളെ സംരക്ഷിക്കുന്നതിനും പ്രകൃതി വിഭവ സമ്പത്ത്‌ സംരക്ഷിക്കുന്നതിനുള്ള അവബോധം സൃഷ്‌ടിക്കുക, നാടന്‍ ഭക്ഷ്യ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കുക, കൈവേലകളെയും കളിമണ്‍ പാത്ര-ശില്‍പ പ്രവൃത്തികളെയും അഭിവൃദ്ധിപ്പെടുത്തലും വൈവിധ്യവല്‍ക്കരണവും എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളും അക്കാദമിക്കുണ്ട്‌. നാടന്‍ കലാ ഗവേഷണ സ്ഥാപനം, അക്കാദമി, തെയ്യത്തിനും മറ്റുമായി സ്ഥിരം മ്യൂസിയം, ഗവേഷകാത്മകമായ ലൈബ്രറി സംവിധാനം എന്നിങ്ങനെയായി കലാഗ്രാമത്തെ വികസിപ്പിക്കേണ്ടതുണ്ട്‌. സര്‍ക്കാരിന്റെ എല്ലാവിധ സഹായവും അക്കാദമിക്കുണ്ടാകും.

Please follow and like us:
0