പൂരക്കളിയുടെ സാമൂഹ്യ പശ്ചാത്തലം, ഉത്ഭവം, വികാസം, കാലഘട്ടം, ചിട്ടപ്പെടുത്തല്‍ എന്നിവയുടെ സമഗ്ര പഠനത്തോടൊപ്പം പരിപോഷണവും ലക്ഷ്യമിട്ടാണ്‌ അക്കാദമി പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള അനുഷ്‌ഠാന കലയാണ്‌ പൂരക്കളി. പൂരക്കളിയെ പരിചയപ്പെടുത്തുക, പഠിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, മറുത്തുകളി പഠിപ്പിക്കുക, സംസ്‌കൃത സാഹിത്യ പഠനത്തെ പ്രോത്സാഹിപ്പിക്കുക വഴി പുതുതലമുറയെ സംസ്‌കൃത ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെടുത്തുക, കളരിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്‌ അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

ജീവതശൈലീ രോഗങ്ങള്‍ പെരുകി വരുന്ന കാലമാണിത്‌. പൂരക്കളി പോലുള്ള പാരമ്പര്യ കലാരൂപങ്ങള്‍ നമ്മളില്‍ നിന്നും അകന്നപ്പോഴാണ്‌ ജീവിതശൈലീ രോഗങ്ങള്‍ നമ്മെ പിടികൂടിയതെന്ന്‌ പറയാം. പാരമ്പര്യ കലാരൂപങ്ങള്‍ നല്ല മെയ്‌ വഴക്കവും ആരോഗ്യവും പ്രദാനം ചെയ്യുന്നതാണെ്‌. അതൊരു കായിക അധ്വാനമുള്ള ജോലി തന്നെയാണ്‌. നമ്മുടെ പുതിയ തലമുറയെ ഇവയെല്ലാം അഭ്യസിപ്പിക്കണം. വളരുന്ന തലമുറയെ രോഗങ്ങള്‍ക്ക്‌ ഇട്ടുകൊടുക്കരുത്‌. മാനസികവും ശാരീരികവുമായ വളര്‍ച്ചയുള്ള നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഇത്തരം കലാരൂപങ്ങള്‍ നാട്ടുതനിമയോടെ തന്നെ നിലനിര്‍ത്തണം. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌.

പൂരക്കളി അക്കാദമി പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും പൂരക്കളിക്ക്‌ നല്ല പ്രചരണം ലഭിക്കുന്നതിനും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കും. സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ തന്നെ 25 ലക്ഷം രൂപ പൂരക്കളി അക്കാദമിക്ക്‌ അനുവദിച്ചു. അക്കാദമിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഫോക്‌ലോര്‍ അക്കാദമിയുടെ ഫണ്ടില്‍ നിന്നും അഞ്ച്‌ ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു