കൊച്ചി: മലനിരകളുടെ നാട്ടില്‍ നിന്നെത്തിയ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എസ് രഞ്ജിത്തിനും ലിബിന്‍ ബിജുവിനും കൊച്ചി നഗരവും മെട്രോയാത്രയും നല്കിയത് പുതിയൊരനുഭവം. പട്ടികജാതി വികസനമന്ത്രി എ കെ ബാലനോടൊപ്പമുള്ള കൊച്ചി മെട്രോയിലെ ആദ്യയാത്ര അവര്‍ക്ക്്  കൗതുകം നിറഞ്ഞതായിരുന്നു. ആവേശത്തോടെയാണ് രഞ്ജിത്തും ലിബിന്‍ രാജുവുമുള്‍പ്പെടുന്ന ഇടുക്കി ജില്ലയിലെ അഞ്ച് പ്രിമെട്രിക് ഹോസ്റ്റലിലെ അഞ്ചുമുതല്‍ പത്തുവരെ കഌസുകളിലുള്ള 178 കുട്ടികള്‍ മെട്രോയാത്രയ്‌ക്കെത്തിയത്. 128 പെണ്‍കുട്ടികളും 50 ആണ്‍കുട്ടികളുമടങ്ങുന്ന ടീമിനെ പട്ടികജാതി വികസനവകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷയും ഇടുക്കിജില്ലാ പട്ടികജാതി വികസനഓഫീസര്‍ ടോമി ചാക്കോയും അനുഗമിച്ചു.

 രാവിലെ 12.05ന് പാലാരിവട്ടത്തുനിന്നും ആരംഭിച്ച യാത്രയില്‍ കളമശ്ശേരി വരെ മന്ത്രി കുട്ടികള്‍ മന്ത്രിക്കൊപ്പമിരുന്ന് പരിചയപ്പെട്ടും കുശലം പറഞ്ഞും യാത്ര ആസ്വദിച്ചു. തുടര്‍ന്ന് കളമശ്ശേരിയില്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ മന്ത്രി യാത്ര പറഞ്ഞു പിരിഞ്ഞെങ്കിലും ആലുവ വരെ കുട്ടികള്‍ മെട്രോ യാത്ര തുടര്‍ന്നു.
മെട്രോയാത്ര മാത്രമല്ല കൂടുതല്‍ യാത്രാ പദ്ധതികള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രിമെട്രിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിലെ പല സാംസ്‌കാരിക- വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദര്‍ശിക്കാനുള്ള സൗകര്യമൊരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.  തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൊച്ചി മുതല്‍ തിരുവനന്തപുരം വരെ വിമാനയാത്ര നടത്താനും തിരുവനന്തപുരത്തെ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള സൗകര്യമുണ്ടാക്കും. പോര്‍ട്ട് ബ്‌ളയര്‍ വരെ കപ്പല്‍ യാത്രയും അവിടെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനത്തിനുള്ള പദ്ധതിയും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ യാത്രയ്ക്കു പുറമെ കുട്ടികള്‍ കൊച്ചി വിമാനത്താവളവും സന്ദര്‍ശിച്ചു