കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് ബജറ്റില്‍ അനുവദിച്ച 50 ലക്ഷം രൂപയ്ക്കു പുറമേ  സാംസ്‌കാരിക വകുപ്പ് 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. കടമ്മനിട്ട സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തിന് പണം തടസമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കാലാകാരന്മാരെ എന്നും സഹായിച്ചിട്ടുള്ള പാരമ്പര്യമാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളത്. അവശകലാകാര പെന്‍ഷന്‍ 750 രൂപയില്‍ നിന്ന് 1500 ആയി വര്‍ധിപ്പിച്ചതും കലാകാരന്മാര്‍ക്കുള്ള ചികിത്സാ ധനസഹായം ഒരുലക്ഷം വരെയായി ഉയര്‍ത്തിയതും ഇതിന് ഉദാഹരണമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ രാജ്യത്ത് മുഴുവന്‍ പ്രചരിപ്പിക്കാന്‍ പൈതൃകോത്സവം പോലുള്ള പരിപാടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുകയാണ്.
സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരേ കലയെ പടവാളാക്കിയ കലാകാരനായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. സമൂഹത്തിലെ അസമത്വങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരേയുള്ള സന്ധിയില്ലാത്ത സമരങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ രചനകളും. കുറത്തിയും ശാന്തയുമൊക്കെ സാംസ്‌കാരിക കേരളത്തില്‍ മാറ്റത്തിന്റെ വലിയൊരു കൊടുങ്കാറ്റായാണ് അടയാളപ്പെടുത്തിയിട്ടുള്ളത്. കലയെ തെരുവുകളിലേക്ക് എത്തിച്ചിട്ടുള്ള പാബ്ലോ നെരൂദയെപ്പോലെ സാധാരണക്കാരന്റെ പ്രതിഷേധങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ വരികള്‍ക്കുമുള്ളതെന്ന് മന്ത്രി ബാലന്‍ പറഞ്ഞു.
കടമ്മനിട്ട സ്മാരക മ്യൂസിയം പ്രഖ്യാപനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് എം.എ. ബേബി അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് കളരിക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ദീപ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി ഹരിദാസ്, പ്രൊഫ. കടമ്മനിട്ട വാസുദേവന്‍ പിള്ള, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി. നായര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, കടമ്മനിട്ട പടേനിഗ്രാമം ഏകോപന സമിതി പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, കടമ്മനിട്ട കാവ്യ ശില്‍പ്പ സമുച്ചയ സമിതി പ്രസിഡന്റ് ശാന്തമ്മ രാമകൃഷ്ണന്‍, കടമ്മനിട്ട രാമകൃഷ്ണന്‍ ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ് വി.കെ. പുരുഷോത്തമന്‍ പിള്ള, സെക്രട്ടറി എം.ആര്‍. ഗോപിനാഥന്‍, ജോയിന്റ് സെക്രട്ടറി കെ.കെ. വിജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.