സഹകരണ മേഖലയെ ശക്തിപ്പെടുത്താന്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്നും തീരദേശ മലയോര പാതകളുടെ നിര്‍മാണത്തിനായി ഈ തുക ഉപയോഗപ്പെടുത്തുമെന്നും  നിയമ, പട്ടികജാതി-വര്‍ഗ, പിന്നോക്ക ക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പരിയാരം സര്‍വീസ് സഹകരണ ബാങ്ക് ഇലന്തൂര്‍ നെടുവേലി ജംഗ്ഷന്‍ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസനത്തില്‍ സഹകരണമേഖലയുടെ സംഭാവന വിലമതിക്കാനാവാത്തതാണ്. ദേശാസാത്കൃത ബാങ്കുകളേക്കാള്‍ സാധാരണക്കാര്‍ക്ക് വായ്പ നല്‍കുന്നത് സഹകരണ ബാങ്കുകളാണ്. 45,400 കോടി രൂപയാണ് വായ്പാ ഇനത്തില്‍ സഹകരണ ബാങ്കുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുള്ളത്. നിക്ഷേപക-വായ്പാ അനുപാതം 67 ശതമാനമാണ്. ഇതിന്റെ അടുത്തു പോലും ദേശസാത്കൃത ബാങ്കുകള്‍ എത്തുന്നില്ല. ഈ സഹകരണ മേഖലയെ തകര്‍ക്കാനാണ് നോട്ട് നിരോധന കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍, കേരളത്തിലെ ജനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ ഈ ഉദ്യമം പരാജയപ്പെടുത്താന്‍ സാധിച്ചു. ഇത്തരം ഭീഷണികള്‍ നേരിടാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ ബാങ്കുകളുടെ ഏകോപനത്തിലൂടെ കേരളാ ബാങ്കിന് രൂപം നല്‍കുന്നത്. വികസനകാര്യങ്ങളില്‍ വന്‍ കുതിച്ചു ചാട്ടം തന്നെ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് 54,000 കോടി രൂപയുടെ കിഫ്ബി വികസന നിധിക്ക് രൂപം നല്‍കി. ഇതിനോടകം തന്നെ 17,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി കഴിഞ്ഞു. 25,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇനി നടത്താന്‍ പോകുന്നത്. ഓരോ എംഎല്‍എമാര്‍ക്കും അതത് മണ്ഡലങ്ങളില്‍ 200 മുതല്‍ 300 കോടി രൂപ വരെയുള്ള വികസന പദ്ധതികള്‍ ലഭിക്കും. ഇത്തരത്തില്‍ കേരളത്തെ സജ്ജമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.
സഹകരണ നിക്ഷേപ ഗാരന്റിഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ. പത്മകുമാര്‍ നിക്ഷേപം സ്വീകരിച്ചു. ജില്ലയിലെ മികച്ച വനിതാ കര്‍ഷക ബീനാ സജിനാഥിനെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി. സത്യന്‍ ആദരിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകനായ റെജി കുരുക്കന്റെ കാലായിലിനെ ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ ആദരിച്ചു. മാനേജ്‌മെന്റ് സ്റ്റഡീസില്‍ പിഎച്ച്ഡി നേടിയ ഡോ. വീണ പ്രിയയെ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലീലാ മോഹന്‍ ആദരിച്ചു.
പരിയാരം സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് സജി തെക്കുകര അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബി ആനി ജോര്‍ജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഎം ഏരിയ സെക്രട്ടറി എന്‍. സജികുമാര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പി.ജെ. അബ്ദുള്‍ ഗഫാര്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍(ജനറല്‍) എം.ജി പ്രമീള, സ്വാഗതസംഘം ചെയര്‍മാന്‍ എം.എന്‍. സോമരാജന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ റ്റി.ജി. പുരുഷോത്തമന്‍, ഇലന്തൂര്‍ സെന്റ് പാട്രിക് കാത്തലിക് ചര്‍ച്ച് വികാരി റവ.ഫാ. ജെയിംസ് ഇലഞ്ഞിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം. ജോണ്‍സണ്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി ആര്‍. നായര്‍, ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ആര്‍. പ്രദീപ്, ഇലന്തൂര്‍ പട്ടികജാതി സഹകരണസംഘം പ്രസിഡന്റ് എസ്.വി. വിജയന്‍, എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കെ. പത്മകുമാര്‍, എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് പ്രൊഫ.മോഹനന്‍, സിദ്ധനര്‍ സര്‍വീസ് സൊസൈറ്റി പ്രതിനിധി മധു ഇലന്തൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീതാ സദാശിവന്‍, എം.കെ. സജി, എം.എസ്. സിജു, സീമാ സജി, മിനി ജോണ്‍, പിസ്റ്റോ പി. തോമസ്, ബാങ്ക് ഭരണസമിതിയംഗങ്ങളായ എം.എസ്. സ്വാമിനാഥന്‍, എസ്. ബിജു, കെ.എസ്. റെജി, അഡ്വ.കെ.ജെ. സിനി, കെ.ആര്‍. കുഞ്ഞു കുഞ്ഞ്, കുസുമ കുമാരി, ഉഷാകുമാരി ചന്ദ്രന്‍, പി.കെ. പ്രസന്നന്‍, ബാങ്ക് സെക്രട്ടറി രാജേഷ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.