സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ  പ്രവാസി പുനരധിവാസ വായ്പ പ്രഖ്യാപിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നോർക്കാ റൂട്ട്‌സിൻറെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികൾക്ക് റീ-ടേണ്‍ വായ്പാ പദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ മന്ത്രി വാർത്താ  സമ്മേളനത്തിൽ പറഞ്ഞു. നാട്ടിലേയ്ക്ക് മടങ്ങി വരുന്ന ഒ.ബി.സി., മതന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെടുന്ന പ്രവാസികൾക്ക്  പിന്നാക്കവിഭാഗ വികസന കോർപ്പറേഷൻറെ സ്വയംതൊഴിൽ വായ്പാ പദ്ധതി കൈത്താങ്ങാവുമെന്ന് മന്ത്രിപറഞ്ഞു.

ഡയറി ഫാം, പൗൾട്രി ഫാം, അക്വാകൾച്ചിർ, ബേക്കറി, സാനിറ്ററി ഷോപ്പ്, ഹാർഡ് വെയർ ഷോപ്പ്, ഫർണീച്ചർ ഷോപ്പ്, റസ്റ്റോറൻറ്, ടാക്‌സി/പിക്കപ്പ് വാഹനങ്ങള്‍, ബ്യൂട്ടി പാർലർ, ഹോളോബ്രിക്‌സ് യൂണിറ്റ്, പ്രൊവിഷന്‍ സ്റ്റോര്‍, ഡ്രൈവിംഗ് സ്‌കൂൾ, ഫിറ്റ്‌നെസ് സെൻറർ, സൂപ്പർ മാർക്കറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, ഓർക്കിഡ് കൃഷി, റെഡിമെയ്ഡ് ഗാർമെൻറ് യൂണിറ്റ്, ഫ്‌ളോർ മിൽ, ഡ്രൈക്ലീനിംഗ് സെൻറർ, ഫോട്ടോസ്റ്റാറ്റ്/ഡി.റ്റി.പി സെൻറര്‍, മൊബൈല്‍ ഷോപ്പ്, ഫാൻസി/സ്റ്റേഷനറി സ്റ്റോര്‍, മിൽമാ ബൂത്ത്, പഴം/പച്ചക്കറി വിൽപ്പനശാല, ഐസ്‌ക്രീം പാർലർ, മീറ്റ് സ്റ്റാൾ, ബുക്ക് സ്റ്റാൾ, സിവില്‍ എൻജിനീയറിംഗ് കൺസട്ടൻസി, എൻജിനീയറിംഗ് വർക്ക്ഷോപ്പ്, ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ഡിജിറ്റല്‍ സ്റ്റുഡിയോ, വീഡിയോ പ്രൊഡക്ഷന്‍ യൂണിറ്റ്, മെഡിക്കല്‍ ക്ലിനിക്ക്, വെറ്ററിനറി ക്ലിനിക്ക്, തുടങ്ങി വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

പരമാവധി വായ്പ 20 ലക്ഷം രൂപയാണ്.  കേരളത്തിലെ മറ്റ് പിന്നാക്ക വിഭാഗത്തിലും (ഒ.ബി.സി), മതന്യൂനപക്ഷ വിഭാഗത്തിലുമുള്ള 18 നും 65 നും മദ്ധ്യേ പ്രായമുള്ളവരും, പ്രവാസ ജീവിതത്തിനുശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവരുമായ സംരംഭകർക്കാണ് വായ്പ അനുവദിക്കുക. പദ്ധതി അടങ്കലിൻറെ 95 ശതമാനം വരെ വായ്പ അനുവദിക്കും.  ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപയും വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗക്കാർക്ക് അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.  അഞ്ച് ലക്ഷത്തിന് മുകളില്‍ ഏഴ് ശതമാനമാണ് പലിശ.  ഇതേ വരുമാനപരിധിയില്‍ വരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 20 ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ ലഭിക്കും.  ആറ് ലക്ഷം രൂപ വരെ വരുമാനമുള്ള ന്യൂനപക്ഷ വിഭാഗത്തിലെ സ്ത്രീകൾക്ക്  ആറ് ശതമാനം നിരക്കിലും പുരുഷന്മാർക്ക് എട്ട് ശതമാനം നിരക്കിലും വായ്പ അനുവദിക്കുന്ന പദ്ധതിയും നിലവിലുണ്ട്.  ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ (എന്‍.ബി.സി.എഫ്.ഡി.സി), ദേശീയ ന്യൂനപക്ഷ വിഭാഗ വികസന ധനകാര്യ കോർപ്പറേഷൻ (എന്‍.എം.ഡി.എഫ്.സി) എന്നീ ദേശീയ ഏജൻസികളുടെ ധനസഹായത്തോടെയാണ് വായ്പാ പദ്ധതി നടപ്പാക്കുന്നത്.

ഈ പദ്ധതി പ്രകാരം വായ്പ എടുക്കുന്ന പ്രവാസികൾക്ക്  പദ്ധതി അടങ്കലിൻറെ 15 ശതമാനം വരെ മൂലധന സബ്‌സിഡിയായി നോർക്കാ  റൂട്ട്‌സ് അനുവദിക്കും.  പരമാവധി സബ്‌സിഡി തുക മൂന്ന് ലക്ഷം രൂപയാണ്. നാല് വർഷം വരെ പ്രവർത്തിച്ചാൽ മാത്രമേ സബ്‌സിഡി ലഭിക്കു.

ഇതിനുപുറമേ വായ്പ തിരിച്ചടവിൻറെ ആദ്യ നാലു വർഷങ്ങളിൽ മൂന്ന് ശതമാനം നിരക്കില്‍ പലിശ സബ്‌സിഡിയും നോർക്കാ  റൂട്ട്‌സ് അനുവദിക്കും. നോർക്കാ -റൂട്ട്‌സ് പലിശ സബ്‌സിഡി കോർപ്പറേഷൻ ലഭ്യമാക്കുന്ന മുറയ്ക്ക് സംരംഭകന് തുക തിരികെ നല്കും.  വായ്പ ഗഡുക്കള്‍ മുടക്കമില്ലാതെ നിശ്ചിത തീയതിക്കുമുൻപ് അടയ്ക്കുന്ന സംരംഭകർക്ക് തിരിച്ചടവ് പൂർത്തിയാക്കുമ്പോൾ പലിശയിനത്തിൽ മൊത്തം തിരിച്ചടച്ച തുകയുടെ അഞ്ച് ശതമാനം ഗ്രീർകാർഡ് ആനുകൂല്യമായി കോർപ്പറേഷന്‍ അനുവദിക്കും.

അഞ്ച് വർഷകാലാവധിയ്ക്ക് 20 ലക്ഷം രൂപ വായ്പ എടുക്കുന്ന പ്രവാസി 17 ലക്ഷം മുതലും ഒന്നരലക്ഷം രൂപ പലിശയും ചേർത്ത്  18.50 ലക്ഷം രൂപ തിരിച്ചടച്ചാല്‍ മതി.  വായ്പ ലഭിക്കുന്നതിന് പ്രവാസികള്‍ നോർക്കാ -റൂട്ട്‌സിൽ രജിസ്റ്റർ ചെയ്യണം.  ഇതിനുള്ള അപേക്ഷ നവംബര്‍ 10 മുതൽ ലഭിക്കും.  നോർക്കാ -റൂട്ട്‌സിൽ നിന്നുള്ള ശുപാർശകത്തുമായി കോർപ്പറേഷൻറെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിക്കണം.