പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിനും കേരള സംസ്‌കാരം പരിചയപ്പെടുത്തുന്നതിനും കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച മലയാളം മിഷന്റെ ഓണ്‍ലൈന്‍ മാസികയായ പൂക്കാലം വെബ് മാസിക പരിഷ്‌കരിച്ച് പുറത്തിറക്കി.  പരിഷ്‌കരിച്ച പതിപ്പ് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍ പ്രകാശനം ചെയ്തു.  മലയാള ഭാഷയെ കൂടുതല്‍ അടുത്തറിയാനുതകുന്ന തരത്തിലാണ് പൂക്കാലം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ മലയാളം മിഷന്‍ ഡയറക്ടറും പൂക്കാലം വെബ്മാസികയുടെ ചീഫ് എഡിറ്ററുമായ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്, എഡിറ്റര്‍ വിധു വിന്‍സന്റ്, മലയാളം മിഷന്‍ രജിസ്ട്രാര്‍ തിബീന്‍.എന്‍, ഗ്രാഫിക് ഡിസൈനര്‍ സഹജന്‍, സി. ഡിറ്റിലെ സാങ്കേതിക വിദഗ്ധനായ വിവേക്, സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  പൂക്കാലത്തിന്റെ പുതിയ പതിപ്പില്‍ ഒട്ടേറെ പുതുമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.  മലയാളത്തിലെ കഥകളും കവിതകളും പരിചയപ്പെടാനും, മുമ്പേ നടന്ന എഴുത്തുകാരെയും അവരുടെ രചനകളേയും അടുത്തറിയാനും സാധിക്കും.  ഇവ ദൃശ്യ സംഗീത ആവിഷ്‌കാരത്തോടെ ആസ്വദിക്കാം.  ഈ ലക്കം ശിശുദിനപതിപ്പായാണ് ഒരുക്കിയിരിക്കുന്നത്. www.pookalam.kerala.gov.in ആണ് വിലാസം.