ജില്ലയിലെ ഭൂരഹിതാരായ ആദിവാസി കുടംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരവും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും കൊടുക്കേണ്ട ഭൂമി എത്രയും വേഗം വിതരണം ചെയ്യുമെന്ന് പട്ടികവര്‍ഗ്ഗ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ വനംവകുപ്പില്‍ നിന്നും വിട്ടുകിട്ടേണ്ട 7300 ഏക്കര്‍ ഭൂമി കണ്ടെത്തുന്നതിന് ജില്ലാ കളക്ടര്‍ എസ്.സുഹാസിനെ ചുമതലപ്പെടുത്തി.  തര്‍ക്കമില്ലാത്ത വനംവകുപ്പ്  അംഗീകരിച്ചിട്ടുള്ള 442.13 ഏക്കര്‍ ഭൂമി റവന്യു വകുപ്പിന് കൈമാറാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. 8293 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ ഭൂരഹിതരായി ജില്ലയിലുണ്ട്. വനാവകാശ നിയമപ്രകാമുള്ള അപേക്ഷകളില്‍ ബാക്കിയുള്ളവയില്‍ ഒരുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. 1078 അപേക്ഷകള്‍ ഇത്തരത്തിലുണ്ട്. ഇതിന്റെ സര്‍വെ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.ആവശ്യത്തിനുള്ള സര്‍വെയര്‍മാരെ ഇതിനായി താല്‍ക്കാലികമായി നിയമിക്കും.  പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ചീങ്ങേരി,പൂക്കോട്,വൈത്തിരി കോളനികളിലുള്ളവര്‍ക്ക് പട്ടയം നല്‍കാനുള്ള സ്വീകരിക്കും. പട്ടികവര്‍ഗ്ഗക്കാര്‍ക്ക് സ്ഥലം വാങ്ങി നല്‍കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ ജില്ലയില്‍ തുടരും. താമസത്തിന് അനുയോജ്യമായ സ്ഥലം വാങ്ങി നല്‍കുന്നതിന് ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ പുതിയ കമ്മറ്റി നിലവില്‍ വരും. തികച്ചും  സുതാര്യമായ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യാതൊരുവിധ ബാഹ്യ ഇടപെടലുകളും ഭൂവിതരണത്തില്‍ അനുവദിക്കില്ല. ആദിവാസികള്‍ക്കായി സ്വയം പര്യാപ്ത ഗ്രാമം യാഥാര്‍ത്ഥ്യമാക്കും. റോഡു അടിസ്ഥാന സൗകര്യങ്ങളും സാമൂഹിക പഠന മുറികളുമെല്ലാം ഇവിടെ സജ്ജീകരിക്കും. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് പുറമെ നിന്നുമുള്ള സഹകരണവും തേടും.

ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങളില്‍ ഹയര്‍സെക്കന്‍ഡറി കോഴ്‌സുകള്‍ ഇല്ലാത്തയിടങ്ങളില്‍ അനുവദിക്കും. എം.ആര്‍.എസ് അടിസ്ഥാന സൗകര്യ വികസനത്തില്‍ വിട്ടുവീഴ്ചകള്‍ പാടില്ല. എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് പുറത്ത് നിന്നുമുള്ളവരുടെ ഇടപെടലുകള്‍ അനുവദിക്കരുത്. ലഹരി ഉപഭോഗത്തിനും മറ്റും പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകള്‍ നിയന്ത്രിക്കണമെന്നും മന്ത്രി എ.കെ.ബാലന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സ്‌കൂളുകളില്‍ പുതുതായി നിയമിക്കപ്പെട്ട സ്‌പെഷ്യല്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണം. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ടി, എസ്.സി പ്രമോട്ടര്‍മാരുടെ വേതനം പരിഷ്‌കരിക്കാനുള്ള നടപടികളും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ആദിവാസികള്‍ക്കായി ഓണ്‍ലൈന്‍ സേവനങ്ങള്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായുള്ള ബ്ലോക്ക്തല ഓഫീസിലും ട്രൈബല്‍ ഓഫീസുകളിലും സംവിധാനം ഒരുക്കും. ഇതിനായി അപ്രന്റിസുമാരെ താല്‍ക്കാലികമായി നിയമിക്കുന്ന കാര്യവും പരിഗണിക്കും. പട്ടികവര്‍ഗ്ഗ ഭവനങ്ങളുടെ നിര്‍മ്മാണ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമങ്ങള്‍ക്ക് അനുവദിച്ച ഫണ്ടുകളുടെ വിനിയോഗവും മന്ത്രി എ.കെ.ബാലന്റെ അദ്ധ്യക്ഷതയില്‍ വിലയിരുത്തി. കളക്ടറുടെ കോര്‍പ്പസ് ഫണ്ട് ഉപയോഗപ്പെടുത്തിയുള്ള പദ്ധതികളുടെ വിനിയോഗം റിവ്യൂ ചെയ്യാന്‍ കളക്ടറെ ചുമതലപ്പെടുത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി മന്ത്രി രേഖപ്പെടുത്തി. ജില്ലാ കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി മന്ത്രി പറഞ്ഞു.  സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ , പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തി, പട്ടിക ജാതി വികസനവകുപ്പ് ഡയറക്ടര്‍ പി.എം.അലി അസ്‌കര്‍ പാഷ, ജില്ലാ കളകര്ടര്‍ എസ്.സുഹാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.