തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട് പോയ വിദ്യാര്‍ത്ഥിനിയായ ആതിര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. എസ്. പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്‌സയില്‍ കഴിയുന്ന ആതിരയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ആതിര പഠിച്ചിരുന്ന സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉണ്ടായ സാഹചര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ അലി അസ്‌കര്‍ പാഷയെ ചുമതലപ്പെടുത്തി. അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് വിവരം നല്‍കും. ഇതിനു ശേഷം തുടര്‍ നടപടി സ്വീകരിക്കും. ആതിരയുടെ ചികിത്‌സാ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. ചികിത്‌സയ്ക്കായി ഇപ്പോള്‍ ഒരു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള സ്വാധീനവും അനുവദിക്കില്ല. ഇക്കാര്യം മലപ്പുറം എസ്. പിയുമായി സംസാരിച്ചിട്ടുണ്ട്. ആതിരയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഡോക്ടറുമായി സംസാരിച്ചതായും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായങ്ങള്‍ക്ക് ആതിരയുടെ ഭര്‍ത്താവും അമ്മയും ബന്ധുക്കളും നന്ദി അറിയിച്ചു.