ചലച്ചിത്രമേളയ്ക്ക് എല്ലാ സൗകര്യങ്ങളുമുള്ള ഫെസ്റ്റിവല്‍ കോംപ്ലക്‌സ് നിര്‍മാണം അടുത്ത ഏപ്രിലില്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍ അറിയിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുവര്‍ഷം കൊണ്ട് കോംപ്ലക്‌സ് നിര്‍മാണം പൂര്‍ത്തിയാക്കുന്ന വിധമാണ് നടപടികള്‍ പുരോഗമിക്കുന്നത്. 25 ാമത് ചലച്ചിത്രമേള പുതിയ കോംപ്ലക്‌സില്‍ നടത്താനുള്ള ആസൂത്രണവുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2000 പേര്‍ക്കിരിക്കാവുന്ന ഓപ്പണ്‍ തീയറ്റര്‍, 2500 പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, ഫെസ്റ്റിവലിനുള്ള തീയറ്ററുകള്‍, സെമിനാര്‍ ഹാളുകള്‍, പ്രിവ്യൂ റൂം, ചലച്ചിത്ര അക്കാദമിയുടെ ഓഫീസ് തുടങ്ങിയവ അടങ്ങുന്നതായിരിക്കും പുതിയ കോംപ്ലക്‌സ്. ചിത്രാജ്ഞലി സ്റ്റുഡിയോ കോംപ്ലക്‌സില്‍ നിര്‍മിക്കുന്ന ഫിലിം സിറ്റിയിലെ പത്ത് ഏക്കറിലാണ് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ഒരുങ്ങുന്നത്. കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കില്‍ നിര്‍മാണം പുരോഗമിക്കുന്ന ഫിലിം ആര്‍ക്കൈവ്‌സ്, ഡിജിറ്റല്‍ ലൈബ്രറി എന്നിവ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.