പാലക്കാട് ഇന്ദിരാഗാന്ധി നഗരസഭാ സ്റ്റേഡിയത്തില്‍ ജനുവരി 16 മുതല്‍ 30 വരെ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ് മേളയുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നിയമ-സാംസ്ക്കാരിക-പട്ടികജാതി-വര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍റെ അധ്യക്ഷതയില്‍ ചേരും. ജില്ലാ കലക്ടറുടെ ചേബറില്‍ ചേരുന്ന യോഗത്തില്‍ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ അവലോകനം ചെയ്യും.  12 സബ് കമ്മിറ്റികള്‍ തയ്യാറാക്കിയ ആക്ഷന്‍പ്ലാന്‍, പ്രപ്പോസല്‍, ബഡ്ജറ്റ് തുടങ്ങിയവയില്‍ യോഗം ചര്‍ച്ച ചെയ്യും.

പരമ്പരാഗത വ്യവസായ മേഖലകളുടെ പ്രോത്സാഹനം ലക്ഷ്യമിട്ടുളള മലബാര്‍ ക്രാഫ്റ്റ് മേള ജില്ലയില്‍ വാണിജ്യരംഗത്തെ പുരോഗതിക്ക്  സഹായകമാവുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്.  സ്റ്റാളുകള്‍ക്ക് പകരം പരമ്പരാഗത കുടിലുകളാണ് മേളയില്‍ സജ്ജമാക്കുക.  ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടാവും നടത്തിപ്പ്. ഫുഡ് കോര്‍ട്ട്, പ്രദര്‍ശനങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍ എന്നിവയുമുണ്ടാവും. സംസ്ഥാനത്തിന് പുറമെ അയല്‍ സംസ്ഥാനത്തേയും കരകൗശല വിദഗ്ധര്‍ മേളയില്‍ പങ്കെടുക്കും. ഇവര്‍ കുടിലുകളില്‍ തന്നെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത് കാണാന്‍  പൊതുജനങ്ങള്‍ക്ക് അവസരമുണ്ടാവും.