ആയിരം യുവകലാകാരന്‍മാര്‍ക്ക് പ്രതിമാസം പതിനായിരം രൂപയുടെ വജ്രജൂബിലി ഫെലോഷിപ്പ് നല്‍കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍.  ലോകകേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിച്ച ‘സര്‍ഗ്ഗയാനം’ ലോക മലയാളി ചിത്രകലാക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  ഫെലോഷിപ്പിന് അര്‍ഹരായവരെ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ തിരഞ്ഞെടുത്തുവരികയാണെന്നും മന്ത്രി അറിയിച്ചു.

സാംസ്‌കാരിക രംഗത്ത് നിരവധി ക്ഷേമപ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും നടന്നുവരുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി.  കലാകാരന്‍മാര്‍ക്ക് മിനിമം വേതനം ഏര്‍പ്പെടുത്തി സ്ഥിരം നാടകവേദികള്‍ സംഘടിപ്പിക്കും.  കേരളത്തിന്റെ കലാ സാംസ്‌കാരിക നവോത്ഥാന രംഗത്ത് സംഭാവനകള്‍ നല്‍കിയിട്ടുള്ള വ്യക്തികളുടെ ജന്മസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള വിനോദയാത്രാ പരിപാടി, ‘സ്റ്റുഡന്‍സ് കള്‍ച്ചറല്‍ ടൂര്‍ പ്രോഗ്രാം’  വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കും.  അവശ കലാകാരന്‍മാര്‍ക്കുള്ള പെന്‍ഷന്‍ തുക 1500 രൂപയില്‍ നിന്ന് ഇനിയും വര്‍ദ്ധിപ്പിക്കമെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിന് മലയാള മിഷന്‍ മുഖേന സൗകര്യമൊരുക്കി.  60 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ കലാ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ പ്രവാസികള്‍ക്ക് മുഖ്യപങ്കുണ്ട്.  ലോകമെമ്പാടുമുളള മലയാളികളെ ഏകോപിപ്പിച്ച് ലോകകേരളസഭയിലൂടെ പ്രവാസികള്‍ക്ക് കലാസാംസ്‌കാരിക രംഗത്തും പങ്കാളിത്തം ലഭിച്ചിരുന്നതായും മന്ത്രി പറഞ്ഞു.

സര്‍ഗയാനം ലോക മലയാളി ചിത്രകലാ ക്യാമ്പ് ജനുവരി ഏഴ് വരെ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും.  തുടര്‍ന്ന് ജനുവരി എട്ട് മുതല്‍ 13 വരെ ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കും. ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന 17 പ്രമുഖ ചിത്രകാരന്മാര്‍ ക്യാമ്പില്‍ പങ്കെടുക്കും.

കലാനൈപുണ്യ രംഗത്ത് ലളിതാകലാ അക്കാദമി നല്‍കുന്ന പുരസ്‌കാരം എം.വി. വിഷ്ണു നമ്പൂതിരിക്ക് മന്ത്രി നല്‍കി.  ലളിതാകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി നിര്‍വാഹ സമിതിയംഗം കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ബി.ഡി ദത്തന്‍, കെ. ദാമോദരന്‍, അജയകുമാര്‍, ജോണി എം.എല്‍. എന്നിവര്‍ പങ്കെടുത്തു.