പട്ടിക-ഗോത്ര വര്‍ഗ്ഗ നരവംശപഠന കേന്ദ്രം കേരളത്തില്‍ ആരംഭിക്കാന്‍ തീരുമാനം
ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് സ്റ്റേഷന് കേരളത്തില്‍ വയനാട്ടിലോ അട്ടപ്പാടിയിലോ ആരംഭിക്കുന്നതിനും ആദിവാസി മേഖലകളില്‍ കണ്ടുവരുന്ന സിക്കിള്‍സെല്‍ അനീമിയെയും മറ്റ് ജനിതക രോഗങ്ങളെയും സംബന്ധിച്ച് വിശദമായ പഠനം നടത്തുന്നതിനും ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തീരുമാനിച്ചു. നരവംശ പഠനങ്ങള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ പഠന ഗവേഷണ കേന്ദ്രമാണ് കൊല്‍ക്കത്തയിലെ ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ.
സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറും വെള്ളിയാഴ്ച ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കൊല്‍ക്കത്തയിലെ ആസ്ഥാനം സന്ദര്‍ശിച്ച് വകുപ്പ് മേധാവികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പിന്തുണയോടെ ഏപ്രിലില്‍ ജനിതക രോഗങ്ങള്‍ സംബന്ധിച്ച സര്‍വ്വെ തുടങ്ങാന്‍ കഴിയുമെന്ന് ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ സൂചിപ്പിച്ചു. സംസ്ഥാനത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ഇതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും സ്ഥാപനം സന്നദ്ധത അറിയിച്ചു.
കേരളത്തിലെ പട്ടിക-ഗോത്ര സമൂഹങ്ങളെ കുറിച്ച് സാമൂഹ്യവും നരവംശ ശാസ്ത്രപരവുമായ പഠനം നടത്തി അവ ഇംഗ്ളീഷിലും മലയാളത്തിലും പ്രസിദ്ധീകരിക്കുക, പട്ടിക-ഗോത്ര വിഭാഗങ്ങളുടെ ആചാര അനുഷ്ഠാനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുക, ഗോത്രകലയും സംസ്കാരവും സംബന്ധിച്ച ഡോക്യുമെന്റുകള്‍ തയ്യാറാക്കുക, പട്ടിക-ഗോത്ര വിഭാഗങ്ങളുടെ വൈദ്യം ഉള്‍പ്പെടെയുള്ള പരമ്പരാഗത തനത് വിജ്ഞാനത്തെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങി മന്ത്രി ഉന്നയിച്ച കേരളത്തിന്റെ ആവശ്യങ്ങളെല്ലാം തത്വത്തില്‍ അംഗീകരിക്കുന്നതായി ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ മേധാവികള്‍ പറഞ്ഞു. ചരിത്രം, സാമൂഹ്യം, സംസ്കാരം, ജീവശാസ്ത്രം തുടങ്ങി മനുഷ്യനെ കുറിച്ചുള്ള ശാസ്ത്രപഠന നടത്തുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം കേരളത്തില്‍ ആരംഭിക്കുന്നത് സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാന നേട്ടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഉച്ചയോടെയാണ് മന്ത്രിമാര്‍ ആസ്ഥാനത്ത് എത്തിയത്. ആന്ത്രപ്പോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ പ്രൊഫ. വിനയ് ശ്രീവാസ്തവ, ട്രൈബല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ദേവ് വര്മ്മന്, ഡെപ്യൂട്ടി ഡയറ്ക്ടര് ഡോ. ശശികുമാര്‍ എന്നിവരുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി. മന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും കിര്‍ത്താഡ്സ് ആന്ത്രപ്പോളജി മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ എ മണിഭൂഷണനും ചര്‍ച്ചകളില്‍ പങ്കെടുത്തു.