ഗദ്ദിക 2018 പൊന്നാനി എ വി ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു.
ഗദ്ദിക 2018 പൊന്നാനി എ വി ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം നടത്തുന്ന നാലാമത്തെ ഗദ്ദികയാണ് പൊന്നാനിയില്‍ നടക്കുന്നത്. 2006 ല്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് ഗോത്രവിഭാഗങ്ങളുടെ ഈ സാംസ്കാരികോത്സവം ആരംഭിച്ചത്. ഇടയ്ക്ക് വെച്ച് മുടങ്ങിപ്പോയെങ്കിലും ഈ സര്‍ക്കാര്‍ കൂടുതല്‍ ആകര്‍ഷകമായി ഇത് പുനരാരംഭിക്കുകയായിരുന്നു. ആദ്യം പാലക്കാട് വടക്കഞ്ചേരിയിലും രണ്ടാമത് കോഴിക്കോട് വളയത്തും മൂന്നാമത് കൊല്ലം പത്തനാപുരത്തുമാണ് നടന്നത്. ഗദ്ദിക ഒരു സാധാരാണ വിപണനമേളയോ കലാമേളയോ അല്ല. നമ്മുടെ എല്ലാവരുടെയും പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും മേളയാണ്. അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള ഐക്യപ്പെടലിന്റെ മേളകൂടിയാണ് 'ഗദ്ദിക'.
നമ്മിലുറങ്ങിക്കിടക്കുന്ന സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന ആത്മാഭിമാനവും കരുത്തുമാണ് യഥാര്‍ത്ഥ വികസനം. ഇവിടെ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരുടെയും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെയും ആത്മാഭിമാനവും ആത്മവിശ്വാസവും ഉയരുകയാണ്. അതിലൂടെ കൂടുതല്‍ മികച്ച കലാകാരന്മാരും സ്രഷ്ടാക്കളുമായി അവര്‍ മാറും. ഗദ്ദികയില്‍ അവതരിപ്പിക്കപ്പെടുന്ന കലാരൂപങ്ങള്‍ തനത് കേരളീയ കലകളുടെ ശക്തിയും സൗന്ദര്യവും ബോധ്യപ്പെടുത്തുന്നതാണ്.
പട്ടികജാതി വികസന വകുപ്പിന്റെ 80 സ്റ്റാളുകളും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 22 സ്റ്റാളുകളും ഉള്‍പ്പെടെ 102 സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൈത്തൊഴിലുകാരാണ് ഈ സ്റ്റാളുകളില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അവരെ പ്രോത്സാഹിപ്പിക്കണം. അതുപോലെ തന്നെ ഓരോ ദിവസവും മൂന്നും നാലും പരമ്പരാഗത കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. ഇത് പൊന്നാനിക്കുള്ള ഇടത് സര്‍ക്കാരിന്റെ ഒരു എളിയ സമ്മാനമാണ്. ഒറ്റ മനസ്സായി മുഴുവന്‍ ആളുകളും മേളയെ സഹായിച്ച് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫെബ്രുവരി 20 ന് മേള സമാപിക്കും.