അട്ടപ്പാടിയിൽ ഒരുകൂട്ടംപേർ ചേർന്ന് മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്നത് തികച്ചും ദാരുണസംഭവമാണ്. ഒരുസംഘത്തിന്റെ പ്രാകൃതരീതിയിലുള്ള ആക്രമണത്തിലാണ് ഈ യുവാവ് കൊല്ലപ്പെട്ടത്. ഉത്തരേന്ത്യയിലെ ജാതിപ്പിശാചുക്കളുടെ പ്രേതങ്ങൾ കേരളത്തിലും ഒറ്റപ്പെട്ട രൂപത്തിലുണ്ട് എന്നതിന്റെ തെളിവാണിത്. വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യം സെൽഫി എടുത്ത് ആസ്വദിക്കാൻ തയ്യാറായ ആളുകളുടെ മാനസികാവസ്ഥ ഭയപ്പെടുത്തുന്നതാണ്‌ ഇത് കേരളത്തിന് അപമാനമാണ്. ഇതിൽ സംസ്ഥാന സർക്കാർ ശക്തമായി പ്രതിഷേധിക്കുന്നു.

സംഭവത്തിൽ 16 പ്രതികളെ അറസ്റ്റ് ചെയ്തു. കുടുംബത്തെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിൽനിന്ന് പത്തുലക്ഷം രൂപയും എസ്സി‐ എസ്ടി അട്രോസിറ്റി ആക്ടുപ്രകാരം എട്ടേകാൽലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ എസ്സി‐എസ്ടി അട്രോസിറ്റി ആക്ടുപ്രകാരമുള്ള എട്ടേകാൽലക്ഷത്തിന്റെ ആദ്യഗഡു നാലേകാൽലക്ഷം രൂപ ഈ ലേഖകൻതന്നെ 25 അം തിയതി മധുവിന്റെ അമ്മ മല്ലിക്ക് കൈമാറി. ശേഷിക്കുന്ന നാലുലക്ഷം രൂപ കോടതിയിൽ കുറ്റപത്രം കൊടുക്കുമ്പോൾ നൽകും. പത്തുലക്ഷം രൂപ അഞ്ചുവർഷത്തേക്ക് സ്ഥിരം നിക്ഷേപമായി ബാങ്കിൽ നിക്ഷേപിച്ചു. ഇതിന്റെ പലിശ പ്രതിമാസം മധുവിന്റെ അമ്മയ്ക്ക് ലഭിക്കും.

പൊതുവിൽ സർക്കാർ എടുത്ത ശക്തമായ നടപടികളും തീരുമാനങ്ങളും കേരളീയസമൂഹം പൊതുവിലും ആദിവാസിസമൂഹം പ്രത്യേകിച്ചും നല്ലരൂപത്തിൽ സ്വീകരിച്ചു. ഇതിന്റെ പ്രതിഫലനം ആ വീട്ടിൽ പോയ സമയത്ത് എനിക്ക് ബോധ്യപ്പെട്ടതാണ്. എന്നോടൊപ്പമുണ്ടായിരുന്ന പത്ര‐ ദൃശ്യ മാധ്യമങ്ങളും ഈ കാഴ്ച നേരിൽ കണ്ടതാണ്.

പട്ടികജാതി‐വർഗ വിഭാഗങ്ങളോട് പ്രത്യേക പരിഗണന ഈ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നതിന്റെ ഏറ്റവും നല്ല തെളിവാണ് രണ്ടുവർഷത്തെ സർക്കാരിന്റെ പ്രവർത്തനം. ആദിവാസിമേഖലയ്ക്കുവേണ്ടിമാത്രം ചില പ്രത്യേക പദ്ധതി ഈ സർക്കാർ വന്നശേഷം രൂപംകൊടുത്തു. അതിന്റെ ഭാഗമായാണ് ശിശുമരണനിരക്ക് കുറയ്ക്കാനായത്. യുഡിഎഫ് കാലത്ത് പോഷകാഹാരം ലഭിക്കാത്തതിന്റെ പേരിൽ 117 ആദിവാസിക്കുട്ടികളാണ് മരിച്ചത്. ഇത് സ്റ്റേറ്റ് ശരാശരിയേക്കാളും എത്രയോ ഉയർന്നതാണ്.  സ്റ്റേറ്റ് ശരാശരി 1000 പ്രസവത്തിന് 12 ആണെങ്കിൽ അട്ടപ്പാടി മേഖലയിൽ അത് 16 മുതൽ 37 ശതമാനംവരെ ഉണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ അത് സ്റ്റേറ്റ് ശരാശരിക്കൊപ്പം എത്തിച്ചു. അതായത് 12 ശതമാനം. പോഷകാഹാരക്കുറവിന്റെ ഭാഗമായി ഹിമോഗ്ലോബിൻ കുറഞ്ഞ കുട്ടികളെയും ഗർഭിണികളെയും കണ്ടെത്തുന്നതിനും അവർക്ക് ഫലപ്രദമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനും സ്കൂളുകളും വീടുകളും കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പിന്റെ കീഴിൽ പ്രത്യേക പരിശോധനയും മരുന്നുവിതരണവും പോഷകാഹാരവിതരണവും നടത്തുന്നു.

റേഷൻ കടകൾവഴി 28 കിലോഗ്രാം അരിയാണ് നൽകുന്നത്. പഞ്ഞം വരുന്ന ജൂൺ, ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ ഓരോ കുടുംബത്തിനും 15 കിലോ അരിവീതം രണ്ടു പ്രാവശ്യം നൽകുന്ന പദ്ധതി ഇതിന്റെ ഭാഗമായിരുന്നു. ചെറുപയർ, കടല, വെളിച്ചെണ്ണ എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കി. ഇതിനുവേണ്ടി 24 കോടി രൂപ ചെലവഴിച്ചു.

പോഷകാഹാരം ഉറപ്പുവരുത്തുന്നതിൽ ഐസിഡിഎസ്, കുടുംബശ്രീ, പട്ടികജാതി, പട്ടികവർഗ വകുപ്പ് യോജിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് കമ്യൂണിറ്റി കിച്ചൻ പദ്ധതി. യുഡിഎഫിന്റെ അവസാനകാലഘട്ടത്തിൽ 193 ഊരുകളിൽ 53 ഊരുകളിൽമാത്രമാണ് ഇത് നൽകിയത്. എൽഡിഎഫ് അധികാരത്തിൽ വന്നശേഷം അത് 172 ഊരുകളിലേക്കും വയനാട് ജില്ലയിലേക്കും വ്യാപിപ്പിച്ചു.

റേഷൻ കടകൾ കൊടുക്കുന്ന മട്ട അരിക്കുപകരം വെള്ള അരിയാണ് ആദിവാസികൾ കൂടുതൽ ആവശ്യപ്പെടുന്നത്. ഈവർഷം മുതൽ ഫുഡ് സപ്പോർട്ട് സ്കീമിൽ മട്ട അരിക്കുപകരം പൂർണമായും വെള്ള അരി കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.

കൃഷിവകുപ്പുമായി ബന്ധപ്പെട്ട് പാരമ്പര്യ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പുതുതായി രൂപംകൊടുത്ത പദ്ധതിയാണ് മില്ലറ്റ് വില്ലേജ് പദ്ധതി. 6.87 കോടി രൂപയാണ് ഇതിന് നൽകിയത്. സർക്കാർ രൂപംകൊടുത്ത മറ്റൊരു പദ്ധതിയാണ് സാമൂഹ്യ പഠനമുറി. ഇതിന് ആറുലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുക. പെൺകുട്ടികളുടെ പഠനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനായി 18 വയസ്സ് പൂർത്തിയാകുമ്പോൾ ആദിവാസിപ്പെൺകുട്ടികൾക്ക് മൂന്നുലക്ഷം രൂപ നൽകുന്ന പദ്ധതിയാണ് ഗോത്രവാത്സല്യനിധി. അഭ്യസ്തവിദ്യരായ ബിഎഡ്, ടിടിസി പാസായ എല്ലാ ആദിവാസികൾക്കും തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ഗോത്രബിന്ദുപദ്ധതി. ഇതിന്റെ ഭാഗമായി 41 അഭ്യസ്തവിദ്യരായ ആദിവാസി യുവതീയുവാക്കൾക്ക് വയനാട്ടിൽ അധ്യാപകരായി നിയമനം നൽകി. ഇത് മറ്റു ജില്ലയിലേക്കും വ്യാപിപ്പിക്കും. ഈവർഷം അട്ടപ്പാടിയിലും നടപ്പാക്കും.
അട്ടപ്പാടി മേഖലയിലെ പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഗോത്രസാരഥിപദ്ധതി നടപ്പാക്കി. കേരളത്തിൽ മൊത്തം ആറ് മൊബൈൽ ക്ലിനിക്കുകൾ ഈ സർക്കാർ വന്നശേഷം ആരംഭിച്ചു. ഇതിൽ ഒരു ക്ലിനിക് അട്ടപ്പാടിയിലാണ്. ഇതിൽ ഡോക്ടർ, നേഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്, പ്രാഥമികസൗകര്യങ്ങൾ ഉണ്ടാകും. ഇത് അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ ദിവസേന സഞ്ചരിക്കുന്നു.

അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴ് കോളനികൾക്ക് ഓരോകോടി രൂപവീതം ചെലവഴിച്ച് അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുന്ന പദ്ധതി ആരംഭിച്ചു.

ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 418 പേർക്ക് ഭൂമിവിതരണം അഗളിയിൽ നടത്തി. ഇതിനുപുറമെ 2100 ആദിവാസികൾക്ക് ഭൂരേഖ നൽകുന്നതിനുള്ള നടപടിയും സ്വീകരിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഇനി ഭൂമിയില്ലാത്ത ആദിവാസികൾ അട്ടപ്പാടിയിൽ 78 കുടുംബങ്ങളാണ്. വീടില്ലാത്തവർ 324 പേരും. ഈ പ്രശ്നം ഈവർഷം പരിഹരിക്കും.

ഈരൂപത്തിൽ പിണറായിസർക്കാർ വന്നശേഷം നടത്തിയ പ്രവർത്തനം ആദിവാസിമേഖലയിൽ ഉണ്ടാക്കിയ നേട്ടങ്ങൾ കുറച്ചുകാണിക്കാനും സർക്കാരിന്റെ പ്രതിച്ഛായ ഇല്ലാതാക്കാനും ബോധപൂർവമായ ശ്രമമാണ് ചില ഭാഗങ്ങളിൽനിന്ന് വരുന്നത്.

ഒരുതുണ്ട് ഭൂമി ചോദിച്ച ആദിവാസികളെ വെടിവച്ചുവീഴ്ത്തിയ യുഡിഎഫ് സർക്കാരിന്റെ സംസ്കാരമല്ല എൽഡിഎഫിനുള്ളത്്. പൊലീസ് വെടിവയ്പിന് ഇരയായി പിടഞ്ഞുവീണ് മരിച്ച ജോഗിയുടെ കുടുംബത്തിന് സാമ്പത്തികസഹായവും ജോഗിയുടെ മകൾ കൊച്ചു സീതയ്ക്ക് കലക്ടറേറ്റിൽ തൊഴിലും കൊടുത്തത് വി എസ് സർക്കാരാണ്. ഇപ്പോൾ ആദിവാസിപ്രേമം കാണിക്കുന്ന ജാനുവിന്റെ രണ്ടേമുക്കാൽ ഏക്കർ ഭൂമിക്ക് രേഖ കൊടുത്തത് വി എസിന്റെ കാലഘട്ടത്തിലാണ്. കേന്ദ്ര വനാവകാശ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് നേതൃത്വം കൊടുത്ത ഇന്ത്യയിലെ ശ്രദ്ധിക്കപ്പെട്ട സംസ്ഥാനമായിരുന്നു കേരളം. അന്ന് 26,000 ആദിവാസികുടുംബങ്ങൾക്കാണ് ഭൂമിവിതരണം നടത്തിയത്. വി എസിന്റെ ഭരണത്തിനുശേഷം വന്ന യുഡിഎഫ് സർക്കാർ ഒരു നീക്കവും ഇക്കാര്യത്തിൽ നടത്തിയില്ല. പിണറായിസർക്കാരാണ് ഭൂമിപ്രശ്നം പരിഹരിക്കുന്നതിനുള്ള ശക്തമായ നടപടി സ്വീകരിച്ചത്. ഇതിന്റെ ഭാഗമാണ് യുഡിഎഫിന്റെ കാലഘട്ടത്തിൽ പരിഹരിക്കാതിരുന്ന ഇടുക്കി ജില്ലയിലെ പെരിഞ്ഞാംകുട്ടി, പന്തപ്പാറ ആദിവാസിഭൂമി പ്രശ്നം പരിഹരിച്ചത്.

നുണപ്രചാരണങ്ങൾക്ക് ഈ സർക്കാരിനെ തകർക്കാനോ തളർത്താനോ കഴിയില്ല. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാരാണിത്. ഈ സർക്കാരിനെതിരെ സമരം നടത്തുന്ന ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനത്തോട് അഭ്യർഥിക്കാനുള്ള ഒരു കാര്യം, ഹരിയാനയിൽ ദളിത്കുട്ടികളെ ചുട്ടുകൊന്നതിനെ ന്യായീകരിക്കുകയും ആരെങ്കിലും പട്ടിയെ കല്ലെറിഞ്ഞാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിന് ഏറ്റെടുക്കാൻ കഴിയിെല്ലന്ന് പറയുകയും ചെയ്ത കേന്ദ്രമന്ത്രിയുടെ സംസ്കാരമല്ല എൽഡിഎഫ് സർക്കാരിനുള്ളത്.

ദളിത് വിഭാഗത്തിന്റെ ജീവൽപ്രധാനമായ പ്രശ്നങ്ങളിൽ എന്ത് നിലപാടാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന ബിജെപി സർക്കാർ സ്വീകരിക്കുന്നത് എന്നത് രോഹിത് വെമുലയുടെ അനുഭവത്തിൽനിന്ന് വ്യക്തമാകും. ഈ കേരളത്തിൽ അതുണ്ടാകില്ലെന്ന് കുമ്മനത്തെ ഓർമപ്പെടുത്തുകയാണ്. ഒപ്പം യോഗിയെ വെടിവച്ച് ആയിരക്കണക്കിന് ആദിവാസികുടുംബങ്ങളെ അറസ്റ്റ് ചെയ്തത് യുഡിഎഫ് കാലത്താണ്. ആദിവാസിയായ ശാന്ത ജയിലിൽ പ്രസവിക്കുകയും കുഞ്ഞിന് പാലുകൊടുക്കാൻ അനുവദിക്കാത്തതിനെതുടർന്ന് കുഞ്ഞ് മരിക്കാൻ ഇടയാവുകയും ചെയ്ത സംഭവമുണ്ടായത് യുഡിഎഫ് കാലത്താണ്. യുഡിഎഫ് നേതൃത്വം ഇത് ഓർക്കുന്നത് നന്നാകും

Please follow and like us:
0