ജില്ലാ പഞ്ചായത്ത്  ജില്ലാ സാക്ഷരതാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന ആദിവാസി സമഗ്ര ആദിവാസി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടക്കുന്ന ക്ലാസുകള്‍  സജീവമായി. 124 കോളനികളിലായി 1312 പേര്‍ പഠനക്ലാസുകളിലെത്തി.  ഏറ്റവുമധികം ആളുകള്‍ പഠിക്കുന്നത് പേരാവൂര്‍ ബ്ലോക്കിലാണ്. അവിടെ 398 പേര്‍ പഠന ക്ലാസുകളിലെത്തി പഠനം നടത്തുന്നു. തളിപ്പറമ്പ് ബ്ലോക്കില്‍ 380 പേരും കൂത്തുപറമ്പില്‍ 145 പേരും പയ്യന്നൂര്‍ ബ്ലോക്കില്‍ 134 പേരും ഇരിട്ടി ബ്ലോക്കില്‍ 106 പേരും പഠനം നടത്തുന്നു. കൂടാതെ പാനൂര്‍ ബ്ലോക്കിലും ഇരിട്ടി നഗരസഭയിലും ക്ലാസുകള്‍ നടക്കുന്നു. ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. പിന്നീട് നാലാംതരം ഏഴാംതരം പത്താംതരം തുല്യത ക്ലാസുകള്‍ സംഘടിപ്പിക്കും.

പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യ വികസന പരിപാടികളും പദ്ധതി ലക്ഷ്യമിടുന്നു. പ്രാദേശികമായി രൂപീകരിച്ച സംഘാടക സമിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് , കുടുംബശ്രി വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സഹകരണവും പദ്ധതിക്കുണ്ട്. പഞ്ചായത്തുകളും പ്രാദേശികമായുള്ള സന്നദ്ധ സംഘടനകളുമായി ചേര്‍ന്ന് പഠനോപകരണങ്ങള്‍, കണ്ണട, ഭക്ഷണം തുടങ്ങിയവ നല്‍കുന്നതിന്  ആലോചനകള്‍ നടന്നുവരുന്നു.