ഭൂരഹിതരായ പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് താമസിക്കാനും കൃഷി ചെയ്യാനും ഭൂമി നല്‍കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ ബൃഹത്തായ ഒരു പദ്ധതിക്ക് രൂപം കൊടുക്കുകയാണ്. ഈ പദ്ധതി പ്രകാരം അടുത്ത രണ്ട് വര്‍ഷത്തിനകം 3000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കും. പൂര്‍ണമായും സുതാര്യമായ പ്രക്രിയ വഴിയാകും ഭൂമി തിരഞ്ഞെടുക്കുക. ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി ഭൂമി വകുപ്പ് നേരിട്ട് വാങ്ങുന്നത്. തുടര്‍ന്ന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യും.

സമാനമായി ഭൂമി വാങ്ങിനല്‍കുന്ന പദ്ധതികള്‍ ഏറെക്കാലമായി നിലവിലുണ്ടെങ്കിലും ആശിക്കും ഭൂമി ആദിവാസികള്‍ക്ക് അടക്കമുള്ള പദ്ധതികള്‍ വിവിധ ആരോപണങ്ങളിലും വിവാദങ്ങളിലും കുടുങ്ങി സ്തംഭിച്ചുനില്‍ക്കുകയാണ്. ഭൂമി കണ്ടെത്തുന്നതും വാങ്ങുന്നതും സുതാര്യമായ രീതിയിലല്ലെന്നും ആദിവാസി താല്‍പര്യം മറയാക്കി ചില ഭൂഉടമകള്‍ അവരുടെ സ്ഥലം റിയല്‍ എസ്റ്റേറ്റ് താല്‍പര്യത്തില്‍ അടിച്ചേല്‍പ്പിക്കുന്നു എന്നുമുള്ള ആരോപണങ്ങള്‍ ശക്തമാണ്. ഉപയോഗയോഗ്യമല്ലാത്ത സ്ഥലങ്ങള്‍ ഗുണഭോക്താവിനെ അടിച്ചേല്‍പ്പിച്ചു എന്ന ആരോപണം പോലും ഉണ്ടായിട്ടുണ്ട്.  നാളിതുവരെ 3500 ഓളം പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ക്ക് ടിആര്‍ഡിഎം മുഖേന ഭൂമി വിതരണം ചെയ്തിട്ടുണ്ട്.

2006 ല്‍ പ്രാബല്യത്തില്‍ വന്ന വനാവകാശ നിയമം (Scheduled Tribes and other Traditional Forest Dwellers (Recognition of Forest Rights Act) 2006) അനുശാസിക്കും വിധം ഏറ്റവും ഫലപ്രദമായ നടപടികള്‍ രാജ്യത്ത് സ്വീകരിച്ചത് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. നിയമപ്രകാരമുള്ള വനാവകാശ സമിതികള്‍ സമയബന്ധിതമായി രൂപീകരിക്കുകയും സമിതി ശുപാര്‍ശ ചെയ്ത ക്ലെയിമുകള്‍ തീര്‍പ്പാക്കി കൈവശാവകാശ രേഖ നല്‍കുന്നതിനും ഫലപ്രദമായ ഇടപെടലാണ് വിഎസ് നേതൃത്വം നല്‍കിയ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയത്. ഇതിന്‍റെ ഫലമായി നാളിതുവരെ 24,945 പേര്‍ക്ക് 33,073 ഏക്കര്‍ വനഭൂമിയില്‍ കൈവശാവകാശ രേഖ നല്‍കുവാന്‍ കഴിഞ്ഞു. ഇതിന് പുറമെ സാമൂഹ്യ ആവശ്യങ്ങള്‍ക്കുള്ള 164 ക്ലെയിമുകളും അംഗീകരിച്ചു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ലഭിച്ച നിക്ഷിപ്ത വനഭൂമി വിതരണ യോഗ്യമാക്കുവാന്‍ തീവ്രശ്രമമാണ് നടത്തുന്നത്. ആദിവാസി ഭൂപ്രശ്നം ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ പരിഹരിക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. ആ ദിശയിലുള്ള ഉറച്ച കാല്‍വെയ്പാണ് ആദിവാസി പുനരധിവാസ വികസന മിഷന്‍ വഴി മുന്നോട്ട് വെക്കുന്നത്.