തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു നിന്നും ഏപ്രില്‍ നാലിന് പുറപ്പെട്ട വിദ്യാര്‍ത്ഥി പഠനയാത്ര തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ഇന്നലെ (ഏപ്രില്‍ 10) സമാപിച്ചു. സാംസ്കാരിക വകുപ്പു മന്ത്രി ഏ കെ ബാലന്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. സി രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി. ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ സ്വാഗതവും ബാബു ജോസ് നന്ദിയും പറഞ്ഞു.

പൊതുവിദ്യഭ്യാസ വകുപ്പിന്‍റെ പ്രൊമോഷന്‍ ഓഫ് എക്സലന്‍സ് എമങ്ങ് ഗിഫറ്റ്ഡ് ചില്‍ഡ്രന്‍ പദ്ധതിയിലെ കുട്ടികളെയാണ് സാംസ്കാരിക പഠനയാത്രയ്ക്ക് തെരഞ്ഞെടുത്തത്. കേരളത്തിലെ വിവിധ സാംസ്കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച സംഘങ്ങള്‍ക്ക് എല്ലാ കേന്ദ്രങ്ങളിലും സ്വീകരണവും പരിപാടികളും ഒരുക്കിയിരുന്നു. യു എസ് എസ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ആദ്യ റാങ്ക് കിട്ടിയ കുട്ടികളില്‍ നിന്നാണ് പഠനയാത്രയ്ക്ക് കുട്ടികളെ തെരഞ്ഞെടുത്തത്. തെക്കന്‍ ജില്ലകളില്‍ നിന്നുളള കുട്ടികള്‍ക്ക് വടക്കന്‍ ജില്ലകളിലും വടക്കന്‍ ജില്ലകളില്‍ നിന്നുളളവര്‍ക്ക് തെക്കന്‍ ജില്ലകളിലും സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു ഭാരത് ഭവന്‍. 14 ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ പഠനയാത്രയില്‍ പങ്കാളികളായി.