സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് വേണ്ടി പുതിയ കൃഷിഭൂമി വായ്പാ പദ്ധതിയും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുളള സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതിയും ആരംഭിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ഭരണസമിതി യോഗം തീരുമാനിച്ചു.

പാവപ്പെട്ട ഭൂരഹിത കര്‍ഷകതൊഴിലാളികളെ ഭൂവുടമകളാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിഭൂമി വായ്പാ പദ്ധതി നടപ്പാക്കുന്നത്.  അഞ്ച് ലക്ഷം രൂപ പദ്ധതി തുകയുളള വായ്പാ പദ്ധതിയില്‍ ഗുണഭോക്താവ് കുറഞ്ഞത് 30 സെന്റ് കൃഷിക്കനുയോജ്യമായ ഭൂമി വാങ്ങണം.  ഈ ഭൂമി തന്നെ കോര്‍പ്പറേഷന് ജാമ്യമായി നല്‍കാം. വായ്പാ തുകയില്‍ പരമാവധി 50,000 രൂപ സര്‍ക്കാര്‍ അനുവദിക്കുന്ന മുറയ്ക്ക് സബ്‌സിഡി നല്‍കും.  വായ്പയുടെ പലിശ നിരക്ക് ആറ് ശതമാനവും തിരിച്ചടവ് കാലയളവ് എട്ട് വര്‍ഷവുമാണ്.

സംസ്ഥാനത്തെ പട്ടികവിഭാഗത്തില്‍പ്പെട്ട യുവ സംരംഭകരുടെ നൂതന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വം വളര്‍ത്തുന്നതിനും വേണ്ടി ആരംഭിക്കുന്നതാണ് സ്റ്റാര്‍ട്ട് അപ് വായ്പാ പദ്ധതി.  ഇതില്‍ സംരംഭങ്ങളുടെ വിജയ സാധ്യതയുടെയും ഗുണഭോക്താവിന്റെ അഭിരുചിയുടെയും അടിസ്ഥാനത്തില്‍ പരമാവധി 50 ലക്ഷം രൂപ വരെ  വായ്പ നല്‍കും.  ഇതിനായി ഓരോ ജില്ലയിലേയും മികച്ച എന്‍ജിനീയറിംഗ് കോളേജുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥി സംരംഭകരെയും തത്പരരായ പ്രൊഫഷണല്‍ ബിരുദധാരികളെയും കണ്ടെത്താന്‍ കോര്‍പ്പറേഷന്‍ പ്രചരണ പരിപാടി സംഘടിപ്പിക്കും.  സ്റ്റാര്‍ട്ട് അപ് വായ്പയില്‍ പലിശ നിരക്ക് 6 ശതമാനവും തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷവുമായിരിക്കും.