പിന്നോക്ക വിഭാഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ നാളിതുവരെ 70609 ഗുണഭോക്താക്കള്‍ക്ക് 653 കോടി രൂപ വായ്പ വിതരണം ചെയ്തു. ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ 2016-17 ലെ ഇന്ത്യയിലെ ഏറ്റവും മികച്ച കോര്‍പ്പറേഷനായി തിരഞ്ഞെടുത്തത് കേരള പിന്നോക്ക വിഭാഗ വികസന കോര്‍പറേഷനെയാണ്. നടപ്പുവര്‍ഷം വായ്പാ വിതരണത്തിന് ലക്ഷ്യമിട്ട 350 കോടി രൂപയില്‍ നിന്നും 403 കോടി രൂപയായും വായ്പാ തിരിച്ചടവ് 310 കോടിയില്‍ നിന്നും 313 കോടി രൂപയായും വര്‍ദ്ധിപ്പിക്കാന്‍ കോര്‍പ്പറേഷന് കഴിഞ്ഞു.

സ്വയംതൊഴില്‍ വായ്പയ്ക്കായി 135 കോടി രൂപയും മൈക്രോ ക്രഡിറ്റ് വായ്പകള്‍ക്ക് 84.89 കോടി രൂപയും വിദ്യാഭ്യാസ വായ്പയ്ക്ക് 31.64 കോടി രൂപയും വിവാഹ ധനസഹായ വായ്പയ്ക്ക് 59.39 കോടി രൂപയും സുവര്‍ണശ്രീ വായ്പ പദ്ധതി പ്രകാരം 39.18 കോടി രൂപയും വ്യക്തിഗത വായ്പ പദ്ധതി പ്രകാരം 47.80 കോടി രൂപയും വിതരണം ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം കോര്‍പറേഷന് കഴിഞ്ഞിട്ടുണ്ട്. ഉയര്‍ന്ന പലിശ നിരക്കും കര്‍ശന വ്യവസ്ഥകളും ഉള്‍പ്പെടുത്തി ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുമ്പോള്‍ വളരെ കുറഞ്ഞ പലിശ നിരക്കിലും ലളിത വ്യവസ്ഥയിലും കോര്‍പറേഷന് വായ്പകള്‍ നല്‍കാന്‍ കഴിയുന്നത് പിന്നോക്ക ജനവിഭാഗങ്ങല്‍ക്ക് ആശ്വാസകരമാണ്.

പ്രവാസികള്‍ക്കായി ആരംഭിച്ച റീ-ടേണ്‍ പദ്ധതിയും പ്രൊഫഷണല്‍ ബിരുദധാരികള്‍ക്ക് വേണ്ടി ആരംഭിച്ച സ്റ്റാര്‍ട്ട്അപ് വായ്പാ പദ്ധതിയും എന്‍റെ വീട് എന്ന ഭവന നിര്‍മ്മാണ പദ്ധതിയും കോര്‍പറേഷന്‍റെ ഏറ്റവും നവീന വായ്പ പദ്ധതികളാണ്. ഈ പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളത്തില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് ഉയരാന്‍ കോര്‍പറേഷന് കഴിഞ്ഞത്.