ബിരുദം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, നഴ്സിംഗ്, മറ്റ് സാങ്കേതിക ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവ വിജയകരമായി പൂര്‍ത്തീകരിച്ച് തൊഴില്‍ മാര്‍ക്കറ്റില്‍ മത്സരശേഷി ആര്‍ജ്ജിച്ച ഒരു വലിയ വിഭാഗം ഈ മേഖലയില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് അഭിമാനകരമാണ്. നീറ്റ്, ഖഋഋ, കേരള എന്‍ട്രന്‍സ്, തുടങ്ങിയ മത്സര പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്കോട് കൂടി ഉന്നത യോഗ്യത ആര്‍ജ്ജിച്ചവരും ധാരാളമായി ഈ മേഖലയിലുണ്ട്. നാം വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകള്‍ക്ക് ഗുണം ലഭിക്കുന്നുണ്ട് എന്നതിന് ഒരു വലിയ തെളിവാണ് ഇത്.

തൊഴില്‍ പരിശീലനങ്ങളിലൂടെ വിദേശത്തടക്കമുള്ള സ്വകാര്യ മേഖലയിലും ഇപ്പോള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിന് ജോലി ലഭിക്കുന്നതിനുള്ള സാധ്യത കൂടിവരികയാണ്. ഈ വര്‍ഷം മാത്രം 1365 ഉദ്യോഗാര്‍ത്ഥികളെ വിദേശത്തുള്ള ജോലിക്ക് റിക്രൂട്ട് ചെയ്യിക്കുവാനുള്ള നടപടി സ്വീകരിച്ചു.  600 പേര്‍ക്ക് വിദേശത്ത് തൊഴില്‍ തേടുന്നതിന് ധനസഹായവും  നല്‍കി.  തിരുവനന്തപുരത്തും എറണാകുളത്തും നടത്തിയ ജോബ്ഫെയര്‍ വഴി 600 പേര്‍ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ലഭ്യമാക്കി. ഇതിന് പുറമെ എന്‍ടിടിഎഫ്, എത്തിയോസ്, ഇംഗ്ളീഷ് ലാംഗ്വേജ് അക്കാദമി, കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചി. ജെഡിടി ഇസ്ലാം കോഴിക്കോട് എന്നിങ്ങനെയുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വഴി വിവിധ സ്വകാര്യമേഖലാ വ്യവസായങ്ങളില്‍ 1634 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിലെ ബിഎസ്സി നഴ്സിംഗ് പൂര്‍ത്തീകരിച്ച 134 പേര്‍ക്ക് പ്രതിമാസം 15,000 രൂപ വേതനത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് വര്‍ഷക്കാലത്തേക്ക് അധികതൊഴില്‍ പരിശീലനത്തിന് അവസരം നല്‍കുന്ന പദ്ധതിയും ആരംഭിച്ചു.

22,000 പേര്‍ക്ക് വിവിധ മേഖലകളില്‍ സ്വയം തൊഴില്‍ ഉള്‍പ്പടെയുള്ള തൊഴില്‍ നല്‍കാന്‍ പട്ടികജാതി വകുപ്പിന് കഴിഞ്ഞു.  50,000 പേര്‍ക്ക് സ്ഥിരവരുമാനുള്ള തൊഴില്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം വയനാട് ജില്ലയില്‍ 241 മെന്‍റര്‍ ടീച്ചര്‍മാരെ നിയമിച്ചു. സംസ്ഥാനവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ബിഎഡ്, ടിടിസി, മറ്റ് പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും ജോലി നല്‍കാന്‍ കഴിയും. നിര്‍മ്മാണ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കി ജോലി ലഭ്യമാക്കുന്നതിന് ഗോത്രജീവിക പദ്ധതി നടപ്പാക്കി വരുന്നു. 500 പട്ടികവര്‍ഗ്ഗ യുവതീ-യുവാക്കള്‍ക്ക് സാമൂഹ്യപഠനമുറിയിലെ ഇന്‍സ്ട്രക്ടര്‍മാരായി തൊഴില്‍ ലഭിക്കും. ഇതിന് പുറമെ നൂറ് വീതം പേരെ പോലീസിലേക്കും എക്സൈസിലേക്കും സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റിലൂടെ നിയമിച്ചു.

ആരോഗ്യം

പട്ടികവര്‍ഗ്ഗ മേഖലയില്‍ ആരോഗ്യമേഖലയില്‍ നടത്തിയ സമഗ്ര ഇടപെടലിന്‍റെ ഭാഗമായി പോഷകസമൃദ്ധമായ ആഹാരം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. അട്ടപ്പാടിയിലെ 189 ഊരുകളിലായി 192 കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിച്ചു. ഒരുനേരം പാചകം ചെയ്ത ഭക്ഷണം സൗജന്യമായി നല്‍കുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് ഇത്. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കിടപ്പ് രോഗികള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, കൗമാരപ്രായക്കാര്‍, വയോജനങ്ങള്‍, വിധവകള്‍, ആറ് വയസുവരെയുള്ള കുട്ടികള്‍ എന്നിവരാണ് കമമ്യൂണിറ്റി കിച്ചണ്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. വയനാട് ജില്ലയില്‍ കൂടി ഈ വര്‍ഷം ഈ പദ്ധതി ആരംഭിക്കും. മലപ്പുറത്തും പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

80,000 കുടുംബങ്ങള്‍ക്ക് ഫുഡ് സപ്പോര്‍ട്ട് പ്രോഗ്രാമിന്‍റെ ഭാഗമായും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണക്കിറ്റും 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഓണക്കോടിയും വിതരണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മഴക്കാലത്ത് പഞ്ഞമാസങ്ങളില്‍ (ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ) ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് 15 കിലോ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി എത്തിച്ചുകൊടുക്കുന്നുണ്ട്.  ജനനി ജډരക്ഷാ പദ്ധതിയില്‍ 11880 പേര്‍ക്കും 711 സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്കും ധനസഹായം നല്‍കി. സമഗ്ര ആരോഗ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി 24.52  കോടി രൂപ അനുവദിച്ചു. ശിശുക്കള്‍ക്ക് സഫല കിറ്റ് വിതരണം, അയേണ്‍ ഫോളിക് ആസിഡ് ഗുളികകളുടെ വിതരണം, ഹിമോ ഗ്ലോബിന്‍ പരിശോധിച്ച് ചികിത്സിക്കുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് എന്നിവ ഉള്‍പ്പെട്ട ആരോഗ്യ പോഷകാഹാര പരിപാടിയുടെ ഭാഗമായി അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് ആയിരത്തിന് 35 ഓളം ഉയര്‍ന്നുനിന്ന നിലയില്‍ നിന്ന് ആയിരത്തിന് 12 എന്ന നിലയിലേക്ക് കുറച്ചുകൊണ്ടുവരാന്‍ സാധിച്ചു. അട്ടപ്പാടിയില്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച കോട്ടത്തറ ഗവ. ട്രൈബല്‍ ആശുപത്രിയില്‍ കിടത്തിചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ് പുതിയ മൊബൈല്‍ മെഡിക്കല്‍ ഡിസ്പന്‍സറികള്‍ കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കൊല്ലം, പാലക്കാട്, ഇടുക്കി ജില്ലകളില്‍ ആരംഭിച്ചു.  ഊരുകൂട്ട യോഗങ്ങള്‍ കൂടുന്നതിനുള്ള ചെലവ് 500 രൂപയില്‍ നിന്ന് 2500 രൂപയായി വര്‍ദ്ധിപ്പിച്ചു.

പട്ടികജാതി വിഭാഗങ്ങള്‍ക്ക് ചികിത്സാധനസഹായം വേഗത്തില്‍ ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം കൊണ്ടുവന്നു.  20,876 പേര്‍ക്ക് 35,74,97,500 രൂപ അനുവദിച്ചു.