ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങളില്‍ 189 കോടി രൂപയുടെ കുടിശ്ശികയുണ്ടായിരുന്നു. കാര്യമായ പഠനങ്ങളൊന്നും ഇല്ലാതെ ഒഇസിയുടെ ആനുകൂല്യത്തിന് അര്‍ഹമായി പ്രഖ്യാപിക്കപ്പെട്ട 30 വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കേണ്ട ഉത്തരവാദിത്വവും ഈ സര്‍ക്കാരിന് ഏറ്റെടുക്കേണ്ടി വന്നു. ഈ ബാധ്യത ഏറ്റെടുക്കുന്നതിന് ബജറ്റ് വിഹിതമായ  163 കോടിക്ക് പുറമെ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 220 കോടി രൂപ ധനവകുപ്പ് അധിക ധനസഹായം അനുവദിച്ചു.

വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വ്യക്തികള്‍ക്കുള്ള പെന്‍ഷന്‍ തുക 500 രൂപയില്‍ നിന്ന് 1100 രൂപയായി വര്‍ദ്ധിപ്പിക്കുകയും വരുമാന പരിധി 50,000 രൂപയില്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു.

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്‍റ് പ്രോഗ്രാം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍/എഞ്ചിനീയറിംഗ് പ്രവേശന പരിശീലനം, ബാങ്കിംഗ് പരിശീലനം, സിവില്‍ സര്‍വ്വീസ് പരിശീലനം, പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.ബി. തുടങ്ങിയ വിവിധ മത്സരപരീക്ഷാ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 5685 പേര്‍ക്ക് 1004.39 ലക്ഷം രൂപ ഗ്രാന്‍റ് നല്‍കി.

പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ നൈപുണ്യം വികസിപ്പിക്കുന്നതിന്, ടൂള്‍കിറ്റ് നല്‍കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയിലൂടെ  ഒരാള്‍ക്ക് 25,000 രൂപ വീതം നല്‍കി വരുന്നു.  ഈ പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 4943 പേര്‍ക്ക് 157.05 ലക്ഷം രൂപ  നല്‍കുകയുണ്ടായി.

പരമ്പരാഗത മണ്‍പാത്ര നിര്‍മ്മാണ  തൊഴിലാളികള്‍ക്ക് 25,000 രൂപ വീതം 757 പേര്‍ക്ക് 191.5 ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കുകയുണ്ടായി.

ബാര്‍ബര്‍ ഷോപ്പുകള്‍ നവീകരിക്കുന്നതിന് ഗ്രാന്‍റായി 25,000 രൂപ നിരക്കില്‍ 2266 പേര്‍ക്ക് 279.15 ലക്ഷം രൂപയും അനുവദിച്ചു.

വിദേശ സര്‍വ്വകലാശാലകളില്‍ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളില്‍  ഉപരിപഠനം നടത്തുന്നതിന് 21 പേര്‍ക്ക് 172 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി.

ഓട്ടോ മൊബൈല്‍ മേഖലയില്‍ ഡിപ്ലോമ/ഐ.റ്റി.ഐ/ഐ.റ്റി.സി. കോഴ്സ് പൂര്‍ത്തിയായവര്‍ക്ക് പരിശീലനം നല്‍കി 68 പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാക്കി.