പട്ടികജാതി/പട്ടികവര്‍ഗ്ഗ മേഖലകളില്‍ കാലാകാലങ്ങളായി ഏറ്റെടുത്ത് നടത്തിവരുന്ന ഒരു പ്രധാന പദ്ധതിയാണ് ഭവന നിര്‍മ്മാണം. എല്ലാ കുടുംബങ്ങള്‍ക്കും വീടും അതിനോടൊപ്പം വൈദ്യുതി, വെള്ളം, തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും പ്രദാനം ചെയ്യുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കിയപ്പോള്‍ ഈ വിഭാഗം ജനങ്ങള്‍ തഴയപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ഇടപെടല്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കുന്നതിന് പട്ടികജാതി വകുപ്പില്‍ 11.78 കോടി രൂപയും പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 15.70 കോടി രൂപയും അനുവദിച്ച് ലക്ഷ്യം കൈവരിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പട്ടികജാതി വികസന വകുപ്പില്‍ 16360 വീടുകള്‍ സ്പില്‍ ഓവര്‍ ആയി ഉണ്ടായിരുന്നു. അതില്‍ 6308 വീടുകള്‍ ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ ഈ സര്‍ക്കാര്‍ വന്നശേഷം 22,000 വീടുകള്‍ അനുവദിച്ചു. അതില്‍ 21946 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. 6604 വീടുകള്‍ പൂര്‍ത്തീകരിച്ചു. വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേക പദ്ധതി രൂപീകരിക്കുകയും തുടര്‍ന്ന് ലൈഫ് മിഷന്‍ ആരംഭിച്ചപ്പോള്‍ വീടുകളുടെ ധനസഹായ നിരക്ക് ഏകീകരിച്ച് നാല് ലക്ഷമായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 17554 വീടുകള്‍ സ്പില്‍ ഓവര്‍ ആയി ഉണ്ടായിരുന്നു. അതില്‍ 5335 വീടുകള്‍ ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ഇതിന് പുറമെ ഈ സര്‍ക്കാര്‍ വന്നശേഷം 6709 വീടുകള്‍ അനുവദിച്ചു. അതില്‍ 4821 വീടുകളുടെ പ്രവൃത്തി ആരംഭിച്ചു. പട്ടികവര്‍ഗ്ഗ മേഖലയിലെ വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിന് യഥാര്‍ത്ഥ ചിലവ് അനുവദിക്കുന്നതിന് ലൈഫ് മിഷന്‍റെ ഉത്തരവ് പ്രകാരം നടപടി സ്വീകരിച്ചു.

ഗ്രാമവികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഐഎവൈ പദ്ധതിയില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍ നല്‍കേണ്ടിയിരുന്ന അധിക വിഹിതം നല്‍കാത്തത് മൂലം പ്രവൃത്തി മുടങ്ങിക്കിടന്ന 18,209 പട്ടികജാതിക്കാരുടെ വീടുകളും 5678 പട്ടികവര്‍ഗ്ഗക്കാരുടെ വീടുകളും ഈ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു.