പട്ടികജാതിയില്‍ ഭൂരഹിതരും ഭവന രഹിതരുമായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ കുറഞ്ഞത് അഞ്ച് സെന്‍റ് സ്ഥലം വീതം വാങ്ങുന്ന പദ്ധതി പ്രകാരം 9065 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം അനുവദിച്ചു. വള്‍ണറബിള്‍ വിഭാഗത്തിലെ 85 പേര്‍ക്കും ഇതിനായി ധനസഹായം അനുവദിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലെ 1037 പേര്‍ക്ക് 1400 ഏക്കര്‍ ഭൂമി വിതരണം ചെയ്തിട്ടുണ്ട്. 119 കുടുംബങ്ങള്‍ക്ക് 4527 ഏക്കര്‍ ഭൂമി വാങ്ങി നല്‍കുകയും ചെയ്തു. വനാവകാശ നിയമം, സുപ്രീംകോടതി വിധി പ്രകാരം ലഭിച്ച ഭൂമി എന്നിവ വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിച്ചുവരുന്നു. ഇതിന് പുറമെ ടിആര്‍ഡിഎം മുഖേന 3000 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്നതിനുള്ള കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ അനുയോജ്യമായ ഭൂമി സുതാര്യമായ രീതിയില്‍ വകുപ്പ് നേരിട്ട് വിലയ്ക്കുവാങ്ങി അര്‍ഹരായവര്‍ക്ക് നല്‍കും. വനം റവന്യൂ വകുപ്പുകളുടെ സഹായത്തോടെ പതിനായിരത്തോളം പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

കൃഷി വകുപ്പുമായി ചേര്‍ന്ന് അട്ടപ്പാടിയില്‍  മില്ലറ്റ് വില്ലേജ് പദ്ധതി ആരംഭിച്ചു. കൂടാതെ പാട്ടകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കുടുംബശ്രീ മുഖേന ജോയിന്‍റ് ലൈവ്ലി ഗ്രൂപ്പുകള്‍ രൂപീകരിച്ച് പുതിയ പദ്ധതി ആരംഭിച്ചു.  ആറളത്തും സുഗന്ധഗിരിയിലും പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിച്ചു.