കഴിഞ്ഞ ഗവണ്‍മെന്‍റ് സ്വയംപര്യാപ്ത ഗ്രാമം എന്ന പേരില്‍ പട്ടികജാതി വികസന വകുപ്പും ഹാംലറ്റ് ഡെവലപ്മെന്‍റ് പ്രോഗ്രാം എന്ന പേരില്‍ പട്ടികവര്‍ഗ്ഗ വികസന വകുപ്പും സങ്കേത വികസന പരിപാടികള്‍ ആരംഭിച്ചിരുന്നു. 2012-13, 2013-14 വര്‍ഷങ്ങളില്‍ ആരംഭിച്ച ഈ പദ്ധതിപ്രകാരം 216 പട്ടികജാതി സങ്കേതങ്ങളെയും 135 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളെയും തിരഞ്ഞെടുത്തെങ്കിലും ഒരു കോളനിപോലും  പൂര്‍ത്തീകരിച്ചിരുന്നില്ല.

ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പട്ടികജാതിക്കാരുടെ 211 സങ്കേതങ്ങളുടെ പ്രവൃത്തി ആരംഭിച്ചു. 67 സങ്കേതങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഈ ഗവണ്‍മെന്‍റ് വന്നശേഷം അംബേദ്കര്‍ ഗ്രാമം എന്ന പേരില്‍ പദ്ധതി കുറേക്കൂടി വിപുലമാക്കി.  280 സങ്കേതങ്ങളെ സമഗ്രവികസനത്തിനായി തെരഞ്ഞെടുത്തു. ഇത് ഉള്‍പ്പെടെ 425 ഓളം കോളനികളുടെ സമഗ്രവികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.

മുന്‍ ഗവണ്‍മെന്‍റിന്‍റെ കാലത്ത് അനുവദിച്ച് പൂര്‍ത്തിയാക്കാതിരുന്ന 135 പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ 56 സങ്കേതങ്ങളുടെ പ്രവൃത്തി ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പൂര്‍ത്തീകരിച്ചു. ഈ ഗവണ്‍മെന്‍റ് വന്നശേഷം അംബേദ്കര്‍ ഗ്രാമം എന്ന പേരില്‍ പദ്ധതി നവീകരിച്ച് 101 സങ്കേതങ്ങളെ കൂടി സമഗ്രവികസനത്തിനായി തെരഞ്ഞെടുത്തു. ഇവയുടെ  വികസന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.