സ്വാശ്രയപ്രവേശനം : എസ്സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികളുടെ ഫീസ് ആനുകൂല്യം നല്‍കിയില്ലെന്ന ആക്ഷേപം ശരിയല്ല – എ കെ ബാലന്
സ്വകാര്യ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകളില്‍ നീറ്റ് ലിസ്റ്റില്‍ നിന്നും എന്‍ട്രന്‍സ് കമ്മീഷണര്‍ കഴിഞ്ഞവര്‍ഷം പ്രവേശനം നല്കിയ എസ്സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും സര്‍ക്കാര്‍ നല്‍കിയില്ലെന്ന മാനേജ്മെന്റുകളുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി എ കെ ബാലന് വ്യക്തമാക്കി.
എസ്സി, എസ്ടി വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നല്‍കിയിട്ടുണ്ട്. ഒരുപരാതിയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒഇസി ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന 10 കാറ്റഗറിക്കും ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞു. എന്നാല്‍ ഒബിസിയില്‍ നിന്നും ഏതാനും വിഭാഗങ്ങളെക്കൂടി ഒഇസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ക്രീമിലെയര്‍ സംബന്ധിച്ച അവ്യക്തത നിലനില്ക്കുകയും ചെയ്തത് കൊണ്ടാണ് ചില വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്കുന്നതില് തടസ്സം നേരിട്ടത്. കഴിഞ്ഞവര്‍ഷത്തെ ഈ വിഭാഗങ്ങളുടെ ചെറിയ കുടിശ്ശിക ബാക്കിയുള്ളത് കൊടുക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചുവരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒഇസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 189 കോടി രൂപ കുടിശ്ശികയുണ്ടായിരുന്നു. അത് മുഴുവന്‍ ഈ നല്ക്കാര് കൊടുത്ത് തീര്‍ത്തു.
നീറ്റ് ലിസ്റ്റില്‍ നിന്നും എന്‍ആര്‍ഐ സീറ്റ് ഒഴികെ എന്‍ട്രന്‍സ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്ത മുഴുവന്‍ എസ്സി, എസ്ടി, ഒഇസി വിദ്യാര്‍ത്ഥികള്‍ക്കും റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസും ആനുകൂല്യങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ 14.11.2017 ലെ 10/2017 നമ്പര്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആയതിനാല്‍ ഫീസിന്റെ പേരില്‍ മാനേജ്മെന്റുകള്‍ കുട്ടികളെ ബുദ്ധിമുട്ടിക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്യരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു.