അട്ടപ്പാടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം 28ന് അട്ടപ്പാടിയില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും.  പട്ടികവര്‍ഗ വനിതകള്‍ നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ കണ്ടെത്തുന്നതിനുള്ള അപ്പാരല്‍ പാര്‍ക്ക് പദ്ധതി, അട്ടപ്പാടി ഗോത്ര മേഖലയിലെ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള മില്ലറ്റ് വില്ലേജ് പദ്ധതി, അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതിയതായി അനുവദിച്ച ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ ബാച്ചുകളുടെ ഉദ്ഘാടനം എന്നിവയാണ് നടക്കുന്നത്.

അപ്പാരല്‍ പാര്‍ക്ക് ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് അഗളി അട്ടപ്പാടി ക്യാമ്പ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്ക് പരിശീലന കേന്ദ്രത്തിലാണ് നടക്കുന്നത്. അഡ്വ.എന്‍.ഷംസുദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

മില്ലറ്റ് വില്ലേജ് പദ്ധതി ഉദ്ഘാടനം രാവിലെ 11ന് അഗളി എ.വി.ഐ.പി ഓഡിറ്റോറിയത്തില്‍ നടക്കും.  അഗളി, ഷോളയൂര്‍, പുതൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പാരമ്പര്യ ചെറുധാന്യങ്ങളുടെ കൃഷി വികസനം, പയര്‍വര്‍ഗ കൃഷി വികസനം, എണ്ണക്കുരുക്കളുടെ കൃഷി വികസനം, പച്ചക്കറി കൃഷി വികസനം, തേനീച്ച കൃഷി, ധാന്യ സംഭരണം, വിപണനം, സംസ്‌കരണ യൂണിറ്റ്, റിവോള്‍വിംഗ് ഫണ്ട്, മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.

അട്ടപ്പാടി, മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പുതിയതായി അനുവദിച്ച ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ ബാച്ചുകളുടെയും, നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബ്ലോക്കിന്റെയും ഉദ്ഘാടനം വൈകുന്നേരം 4ന് മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അങ്കണത്തില്‍  നടക്കും. എന്‍. ഷംസുദീന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.