പ്രശസ്ത സാഹിത്യകാരന്‍ എം എസ് കുമാറിന്‍റെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. ബാലസാഹിത്യകാരന്‍ എന്ന നിലയിലാണ് അദ്ദേഹം മലയാള സാഹിത്യലോകത്ത് പ്രശസ്തനെങ്കിലും നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന് കുട്ടികളുടെ മനോവ്യാപാരത്തെ കുറിച്ച് നല്ല ധാരണ ഉണ്ടായിരുന്നതിനാല്‍ സാമൂഹ്യബോധത്തിന്‍റെയും മാനവികതയുടെയും സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് തന്‍റെ രചനകളിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. അത് അദ്ദേഹത്തെ ഈ രംഗത്ത് പ്രശസ്തനാക്കി. നിരവധി കേന്ദ്ര-സംസ്ഥാന പുരസ്കാരങ്ങളും സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചു. നിരവധി ബാലസാഹിത്യമാസികകളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. എഴുത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ നല്‍കിയ ആദരത്തില്‍ ഞാനും പങ്കെടുത്തിരുന്നു. സാഹിത്യത്തില്‍ എംഎസ് കുമാര്‍ ഞാങ്ങാട്ടിരിയും, ജനമനസ്സില്‍ സൂര്യകുമാരന്‍ മാഷും ആയി ജീവിച്ച അദ്ദേഹം ബാലസാഹിത്യത്തിലെ സൂര്യതേജസ് തന്നെയായിരുന്നു. അദ്ദേഹത്തിന്‍റെ പെട്ടെന്നുള്ള വേര്‍പാട് വേദനാജനകമാണ്. അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.