പട്ടികവിഭാഗങ്ങളുടെ സമഗ്ര പുരോഗതി ലക്ഷ്യംവച്ച് തിരുവനന്തപുരം പ്രഖ്യാപനം
പട്ടികവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ക്രിയാത്മക നിര്‍ദേശങ്ങളും പ്രഖ്യാപനങ്ങളുമായി ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസിയുടെ ആദ്യ സമ്മേളനം. തിരുവനന്തപുരം പ്രഖ്യാപനം എന്നു പേരിട്ടിരിക്കുന്ന നിര്‍ദേശങ്ങള്‍ സമ്മേളനം ഏകകണ്ഠമായി പാസാക്കി. പട്ടികവിഭാഗങ്ങളോടുള്ള അവഗണനയും ചൂഷണവും തടയുന്നതിനുള്ള 22 ഇന നിര്‍ദേശങ്ങളാണു പ്രഖ്യാപനത്തിലുള്ളത്.
പട്ടികജാതി -പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമം തടയുന്ന 1989ലെ നിയമം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കായി പ്രയത്‌നിക്കാന്‍ സമ്മേളനം ആഹ്വാനം ചെയ്തു. സര്‍ക്കാരിന്റെയും ആരാധനാലയങ്ങളുടേയും കൈവശമുള്ള കൃഷി യോഗ്യമായ അധിക ഭൂമി പട്ടിക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യണം. ഇക്കാര്യത്തില്‍ നിയമ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം. വനാവകാശ നിയമം സമഗ്രമായി നടപ്പാക്കാനും ഇതു സംബന്ധിച്ച വര്‍ഷാന്ത്യ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
രാജ്യത്താകമാനം ആദിവാസി മേഖലകളിലെ വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തി സ്വാഭാവികവാസസ്ഥലം ഒരുക്കണം. തോട്ടിപ്പണി പൂര്‍ണമായി ഇല്ലാതാക്കുന്നതു ലക്ഷ്യംവച്ച് 2013ലെ തോട്ടിപ്പണി നിരോധനവും പുനരധിവാസവും നിയമം ശക്തമായി നടപ്പാക്കണം. കേന്ദ്ര, സംസ്ഥാന തലങ്ങലില്‍ പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി ബജറ്ററി ഉപ-വിഹിതം ഏര്‍പ്പെടുത്തണം. ഇതിന്റെ വിനിയോഗവും ഫലങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തണം.
പട്ടികവിഭാഗങ്ങള്‍ അധികമായുള്ള മേഖലകളില്‍ സാമ്പത്തിക പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. ഇവര്‍ക്കുള്ള കേന്ദ്രവിഹിതം സംസ്ഥാനങ്ങളെ മൊത്തത്തില്‍ കണ്ടു നല്‍കുന്നതിനു പകരം പട്ടികവിഭാഗ ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കണം. പട്ടിക വിഭാഗങ്ങള്‍ക്ക് സ്വന്തമായി വീട്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ ഉറപ്പുവരുത്തുന്ന രീതിയില്‍ മിനിമം ജീവിത നിലവാരം ലക്ഷ്യംവച്ച് ബജറ്റ് വിഹിതം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
14 വയസുവരെയുള്ള എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന രീതിയില്‍ വിദ്യാഭ്യാസ അവകാശ നിയമം സമഗ്രമായി നടപ്പാക്കണം. ജാതി വ്യവസ്ഥയ്‌ക്കെതിരേ കൂട്ടായ ബോധ്യം രൂപപ്പെടുത്തിയെടുക്കുന്നതിന് ഉതകുന്ന വിദ്യാഭ്യാസ സമ്പ്രദായം ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഉള്‍പ്പെടുത്തണം. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ തത്വങ്ങള്‍ വിദ്യാര്‍ഥികളുടെ മനസിലുറപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകണം. എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്‌കോളര്‍ഷിപ്പുകളും താമസസൗകര്യവും നല്‍കണം. സാമൂഹ്യ ക്ഷേമ ഹോസ്റ്റലുകള്‍ക്കുള്ള സഹായം വര്‍ധിപ്പിച്ച് ഇവയുടെ നിലവാരം ഉയര്‍ത്തണം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പട്ടികജാതി, പട്ടികവര്‍ഗ കമ്മിഷനുകള്‍ രൂപീകരിക്കണമെന്ന ഭരണഘടനാ ഭേദഗതി കൊണ്ടുവരണം. പട്ടികവിഭാഗങ്ങള്‍ക്ക് വര്‍ഷത്തില്‍ 200 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന ചട്ടം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമത്തില്‍ കൊണ്ടുവരണം. പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ, സംസ്ഥാന തലങ്ങളില്‍ ഇതിനായി പ്രത്യേക പൂളുകള്‍ രൂപീകരിക്കണം. പട്ടിക വിഭാഗങ്ങളുടെ ഭൂമിയുടെ നിലവാരം ഉയര്‍ത്തുക, കുടിവെള്ള വിതരണം, ജലസേചനം തുടങ്ങിയവയ്ക്ക് തൊഴിലുറപ്പു പദ്ധതിയില്‍ മുന്‍തൂക്കം നല്‍കണം. പട്ടികവിഭാഗങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യം വച്ച് ഉന്നത വിഭ്യാഭ്യാസ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവരണം, ഇംഗ്ലിഷും മറ്റു വിദേശ ഭാഷകളിലുമുള്ള പ്രാവീണ്യം നല്‍കി വിദേശരാജ്യങ്ങളില്‍ ജോലി നേടുന്നതിനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കണം. സംരംഭകത്വ വികസനം ഉറപ്പുവരുത്തി ഈ വിഭാഗങ്ങള്‍ക്കിടയില്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിന് തൊഴില്‍പരമായ സഹായവും നല്‍കണം.
സ്വകാര്യ മേഖല, പൊതു മേഖലയിലുള്ള സ്ഥാപനങ്ങളുടെ ഉപ വിഭാഗങ്ങള്‍, നീതിന്യായ കോടതികള്‍ എന്നിവിടങ്ങളില്‍ പട്ടിക വിഭാഗങ്ങള്‍ക്കു സംവരണം നല്‍കുന്ന നിയമ നിര്‍മാണം നടത്തണം. പട്ടിക വിഭാഗങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് അതിവേഗ കോടതികളും പ്രത്യേക ജഡ്ജിമാരും അന്വേഷണ ഉദ്യോഗസ്ഥരും ഏര്‍പ്പെടുത്തണം. പട്ടികവിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനം ലക്ഷ്യംവച്ച് ദേശീയ, സംസ്ഥാന തലങ്ങളില്‍ പ്രത്യേക പദ്ധതി തയാറാക്കണം. ഇതിനായി പ്രത്യേക ധനസഹായം, വിദ്യാഭ്യാസ സംവരണം, തൊഴില്‍, ആരോഗ്യ പരിരക്ഷ എന്നിവ ഉറപ്പുവരുത്തണം. ഇതര ജാതി, മത വിഭാഗങ്ങള്‍ തമ്മിലുള്ള വിവാഹങ്ങള്‍ക്കു സംരക്ഷണം നല്‍കുകയും ഇത്തരം വിവാഹങ്ങളിലെ ആദ്യതലമുറ കുട്ടികള്‍ക്കു നിര്‍ബന്ധിത സംവരണം നല്‍കുകയും വേണം. പൊതു ഇടങ്ങളില്‍ ജാതി ചിന്ത ഇല്ലാതാക്കുന്ന തരത്തില്‍ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും അതുവഴി എല്ലാ വിധത്തിലുമുള്ള തൊട്ടുകൂടായ്മ ഇല്ലാതാക്കുകയും വേണമെന്നു പ്രഖ്യാപനത്തില്‍ പറയുന്നു.
പട്ടിക വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികളേയും അവരുടെ ശാക്തീകരണത്തെയും കുറിച്ചു രണ്ടുദിവസം നീണ്ട സമഗ്ര ചര്‍ച്ചകള്‍ക്കൊടുവിലാണു തിരുവനന്തപുരം പ്രഖ്യാപനത്തിനു രൂപം നല്‍കിയത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ക്രോഡീകരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു.