ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ ജീവനക്കാരും മാനേജ്മെന്‍റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ ശമ്പളം നല്‍കി. ഏഴര ലക്ഷം രൂപയുടെ ചെക്ക് എന്‍ടിടിഎഫ് ജനറല്‍മാനേജര്‍ ആര്‍ അയ്യപ്പന്‍ മന്ത്രി എ കെ ബാലന് കൈമാറി.
പോളിടെക്നിക്ക് കോളേജുകളിലേതിന് സമാനമായ കോഴ്സുകള്‍ നടത്തുന്ന പ്രൈവറ്റ് മേഖലയിലെ പ്രമുഖ സ്ഥാപനമാണ് എന്‍ടിടിഎഫ്. കേരളസര്‍ക്കാരുമായി സഹകരിച്ച് പ്രതിവര്‍ഷം മൂന്നൂറോളം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനം നല്‍കുകയും വിജയിക്കുന്ന എല്ലാവര്‍ക്കും പ്ലേസ്മെന്‍റ് ഉറപ്പുവരുത്തുന്നുമുണ്ട്. ഇതിന് പുറമെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പാലക്കാട് ഒരു കമ്മ്യൂണിറ്റി കോളേജും എന്‍ടിടിഎഫ് നടത്തുന്നുണ്ട്. സ്ഥാപനത്തിന്‍റെ ദക്ഷിണേന്ത്യയിലെ വിവിധ ശാഖകളിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും ചേര്‍ന്നാണ് കേരളത്തിന് സഹായം നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ പ്രൈവറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനപ്രകാരം സാലറി ചലഞ്ച് ഏറ്റെടുത്ത് മുന്നോട്ട് വരുന്നത് പ്രശംസനീയമാണെന്ന് ചെക്ക് ഏറ്റുവാങ്ങിക്കൊണ്ട് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
Please follow and like us:
0