ഗാന്ധിജിയെ ഇന്ന് സ്മരിക്കുമ്പോള്‍ എ കെ ബാലന്‍- സാംസ്കാരിക വകുപ്പ് മന്ത്രി

ഭാരതത്തിന്‍റെ സുദീര്‍ഘമായ സ്വാതന്ത്ര്യസമരചരിത്രത്തിലെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകളില്‍ തികച്ചും നൂതനമായ ഒരു സമരമുറയുടെ സൂത്രധാരനും അമരക്കാരനുമായിരുന്നു മഹാത്മാഗാന്ധി. അതിനാല്‍ത്തന്നെ ചരിത്രകാരډാര്‍ അതിനുപേരിട്ടത് ഗാന്ധിയന്‍യുഗം എന്നായിരുന്നു. ശത്രുമിത്രഭേദമന്യേ എല്ലാവരുടെയും ബഹുമാനം ആര്‍ജിക്കാന്‍ കഴിഞ്ഞ അപൂര്‍വം നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. ആ ജനനായകന്‍റെ 150-ാം ജډവാര്‍ഷികം അടുത്ത വര്‍ഷം രാജ്യം ആചരിക്കുകയാണ്.
ലോകത്തെങ്ങുമുള്ള മനുഷ്യസ്നേഹികളെ ഞെട്ടിച്ചതായിരുന്നു അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം. 70 വര്‍ഷം മുന്‍പ് ഹിന്ദുരാഷ്ട്രവാദികളുടെ തോക്കിനാണ് അദ്ദേഹം ഇരയായത്. നെഹ്റുവിനെ മറന്നതുപോലെ ഗാന്ധിജിയെയും മറക്കുകയും ഗാന്ധിഘാതകര്‍ക്ക് സ്മരകവും ക്ഷേത്രവും പണിയുന്ന ഇക്കാലത്ത് ഗാന്ധിജിയുടെ ജീവിതവും സന്ദേശവും ജനങ്ങളിലെത്തിക്കാനാണ് സാംസ്കാരിക വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. രക്തസാക്ഷ്യം എന്ന പേരില്‍ ഒരുവര്‍ഷം നീണ്ടിനില്‍ക്കുന്ന പരിപാടികളാണ് വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്വയംഭരണവകുപ്പ്, പുരാരേഖ-പുരാവസ്തു വകുപ്പ് എന്നിവരുടെ സഹകരണത്തോടെ നിശ്ചയിച്ചിട്ടുള്ളത്.

പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ കഴിഞ്ഞ ജനുവരി 30 ന് തിരുവനന്തപുരം സെനറ്റ് ഹാളില്‍ നിര്‍വ്വഹിക്കുകയുണ്ടായി. അടുത്ത ജനുവരി വരെ വിപുലമായ പരിപാടികള്‍ നടക്കും. ഗാന്ധിജിയുടെ കേരള സന്ദര്‍ശനത്തിലൂടെ ചരിത്രത്തില്‍ ഇടം നേടിയ സ്ഥലങ്ങളിലാണ് പ്രധാനമായും പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പയ്യന്നൂര്‍, പാലക്കാട് ശബരി ആശ്രമം, തവനൂര്‍, വൈക്കം, വെങ്ങാനൂര്‍ എന്നിവിടങ്ങളില്‍ വിപുലമായ ആചരണ പരിപാടികള്‍ സംഘടിപ്പിക്കും. 1930 ല്‍ നടന്ന ഗാന്ധിജിയുടെ ഉപ്പ് സത്യഗ്രഹത്തിന് പിന്തുണയുമായി കെ കേളപ്പന്‍റെ നേതൃത്വത്തില്‍ ഏപ്രില്‍ 23 ന് പയ്യന്നൂര്‍ കടപ്പുറത്ത് ഉപ്പുകുറുക്കല്‍ സമരം ആരംഭിച്ചു. 1934 ല്‍ ഹരിജന്‍ ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഗാന്ധിജി പയ്യന്നൂര്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്‍റെ മലബാര്‍ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ആദ്യം എത്തിയതും പയ്യന്നൂരിലായിരുന്നു. ഈ യാത്രയുടെ ഓര്‍മ്മ പുതുക്കി പയ്യന്നൂരില്‍ മൂന്ന് ദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഒക്ടോബര്‍ 2 ന് സമാപിക്കും. എന്നാല്‍ പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിമ അനാഛാദനം, ദേശീയ സെമിനാര്‍, സാഹിത്യ സമ്മേളനം, അനുസ്മരണ സമ്മേളനം, പുസ്തക പ്രകാശനം തുടങ്ങിയ ആഘോഷരഹിതമായ പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ രണ്ടാഴ്ചക്കാലം പട്ടികജാതി വകുപ്പ് ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാന്‍ ഐക്യദാര്‍ഢ്യ പക്ഷാചരണം സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ശുചീകരണം ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടക്കും. അതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2 ന് രാവിലെ കണ്ണൂര്‍ ഡിപിസി ഹാളില്‍ പട്ടികജാതി വകുപ്പ് മന്ത്രി നിര്‍വ്വഹിക്കും.

വിശ്വമാനവികതയ്ക്കും മനുഷ്യസാഹോദര്യത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവക്കുകയും ആ തത്വങ്ങളെ മുറുകെപ്പിടിച്ചതിനാല്‍ രക്തസാക്ഷിയാകേണ്ടിയും വന്ന ആദര്‍ശധീരനായിരുന്നു ഗാന്ധിജി. സത്യഗ്രഹം, നിസ്സഹകരണം, അഹിംസ എന്നീ ആശയങ്ങള്‍ ലോകത്തിന് സംഭാവന നല്‍കിയതും അദ്ദേഹമായിരുന്നു.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സത്യസന്ധതയും ധാര്‍മികതയും സംശുദ്ധിയും പുലര്‍ത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. “എന്‍റെ ജീവിതം തന്നെയാണ് എന്‍റെ സന്ദേശം” എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. സ്വാര്‍ത്ഥമോഹലോഭങ്ങള്‍ക്കൊന്നും കീഴ്പ്പെടാതെയും തന്‍റെ പൈതൃകം അവകാശപ്പെടാന്‍ കുടുംബാംഗങ്ങള്‍ക്കുപോലും അവസരം നല്‍കാത്തതുമായിരുന്നു അദ്ദേഹത്തിന്‍റെ നിലപാടുകള്‍. “ഒരു തീരുമാനമെടുക്കുന്നതിനു മുന്‍പ് തെരുവിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്‍റെ മുഖംഓര്‍ക്കുക” എന്നാണ് ഭരണകര്‍ത്താക്കളെയും പൊതുപ്രവര്‍ത്തകരെയും അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ചേരികളിലെയും തെരുവുകളിലെയും മാലിന്യം തൂത്തുകളയുക മാത്രമല്ല അവനവന്‍റെ ഉള്ളിലെ മാലിന്യങ്ങളും തൂത്തുകളഞ്ഞെങ്കില്‍ മാത്രമേ ഗാന്ധിജയന്തി ആഘോഷിക്കുന്നതില്‍ അര്‍ഥമുള്ളൂ.

ദക്ഷിണാഫ്രിക്കയിലെ തന്‍റെ സത്യാന്വേഷണപരീക്ഷകള്‍ക്കു ശേഷം ഭാരതത്തിലെത്തിയ ഗാന്ധിജി തന്‍റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് 1917-ല്‍ ബീഹാറിലെ ചമ്പാരന്‍ ഗ്രാമത്തിലെ നീലംകര്‍ഷകരുടെ അവകാശസമരങ്ങള്‍ക്കു നേതൃത്വം കൊടുത്തുകൊണ്ടായിരുന്നു. കൊളോണിയല്‍ ഭരണത്തിന്‍റെ ആരംഭകാലത്ത് ബ്രിട്ടനിലെ തുണിവ്യവസായത്തിന്‍റെ ആവശ്യത്തിനുവേണ്ടി ഇന്ത്യയിലെ നീലംകൃഷിക്കാരെ പ്രോത്സാഹിപ്പിക്കുകയും പില്‍ക്കാലത്ത് തുണി ചായം മുക്കുന്നതിനുള്ള രാസവസ്തുക്കള്‍ കണ്ടുപിടിച്ചപ്പോള്‍ നീലം കൃഷിക്കാരെ നിഷ്ഠൂരമായി പീഡിപ്പിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ഗാന്ധിജി ചമ്പാരന്‍ സമരത്തിന് നേതൃത്വം കൊടുത്തത്. അതായത് സാമ്രാജ്യത്വ ചൂഷണത്തിനുവിധേയരാകുന്ന കര്‍ഷകരുടെ ചെറുത്തുനില്‍പ്പുസമരത്തിനു നേതൃത്വം കൊടുക്കുകയായിരുന്നു അദ്ദേഹം. ബഹുരാഷ്ട്രകുത്തകകളുടെ താല്‍പ്പര്യസംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന ബാങ്കുകള്‍ നല്‍കിയ വായ്പയെടുക്കുകയും അതേ കുത്തകകളുടെ ഇടപെടല്‍ കാരണം കാര്‍ഷികവിളകളുടെ വിലയിടിയുകയും വായ്പ തിരിച്ചടക്കാന്‍ കഴിയാതെ കടക്കെണിയില്‍പ്പെട്ട് കര്‍ഷകര്‍ ആത്മഹത്യചെയ്യുകയും ചെയ്യുന്ന വര്‍ത്തമാനകാല പരിതസ്ഥിതിയില്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് ഗാന്ധിജി നേതൃത്വം കൊടുത്ത ചമ്പാരന്‍ സമരത്തിന്‍റെ സന്ദേശം ഇന്നും പ്രസക്തമാണ്.

നഗരകേന്ദ്രീകൃതമായിരുന്ന അഭ്യസ്തവിദ്യരായ അഭിജാതവര്‍ഗത്തിന്‍റെ കൈപ്പിടിയിലൊതുങ്ങിയിരുന്ന ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസ്സിനെ നിരക്ഷരരായ ഗ്രാമീണജനതയുടെ ഇടയിലേക്കെത്തിച്ചതും ഗാന്ധിജിയായിരുന്നു. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാകാന്‍ ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമല്ല മാനദണ്ഡമെന്നും തന്‍റെ മാതൃഭാഷയില്‍ ആരുടെ മുമ്പിലും തല ഉയര്‍ത്തി നിന്ന് അഭിപ്രായം പറയാനുള്ള തന്‍റേടമാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭാഷാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിനെ പുനഃസംഘടിപ്പിച്ച് കെ.പി.സി.സിയടക്കമുള്ള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രൂപീകരിച്ചത് ഗാന്ധിജിയുടെ ഇടപെടലിന്‍റെ ഫലമായിട്ടായിരുന്നു. മാതൃഭാഷാപഠനത്തോട് അവജ്ഞവച്ചുപുലര്‍ത്തുന്ന ഇന്നത്തെ സമൂഹത്തില്‍ ഗാന്ധിജിയുടെ അഭിപ്രായത്തിന് പ്രസക്തിയേറുന്നു.

നിവേദനങ്ങള്‍ നല്‍കിയും കൊളോണിയല്‍ ഭരണം ഇവിടെ നടപ്പാക്കിയ നിയമസഭകള്‍, നീതിന്യായം, ഉദ്യോഗസ്ഥഭരണം, വിദ്യാഭ്യാസം എന്നിവകളെ ഉപയോഗപ്പെടുത്തിയും ക്രമാനുഗതമായി സ്വയംഭരണം – സ്വരാജ് – നേടാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടിനെ നിഷേധിക്കുന്നതായിരുന്നു 1921-ല്‍ ഗാന്ധിജി അവതരിപ്പിച്ച നിസ്സഹകരണ പ്രസ്ഥാനം. കൊളോണിയല്‍ ഭരണത്തിന്‍റെ എല്ലാവിധ സംവിധാനങ്ങളെയും ബഹിഷ്കരിക്കാനായിരുന്നു ഗാന്ധിജി ആഹ്വാനം ചെയ്തത്. തൊഴിലാളികള്‍ ഫാക്ടറികളും ഉദ്യോഗസ്ഥര്‍ ആപ്പീസുകളും അധ്യാപകരും വിദ്യാര്‍ഥികളും വിദ്യാലയങ്ങളും ബഹിഷ്കരിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. നിയമങ്ങള്‍ പാലിക്കാന്‍ മാത്രമല്ല ലംഘിക്കാനും കൂടി ഉള്ളവയാണെന്നും സാമ്രാജ്യത്വം അടിച്ചേല്‍പ്പിക്കുന്ന കരിനിയമങ്ങളെ ലംഘിക്കുക തന്നെ വേണമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. നിയമലംഘനത്തിനു പ്രേരണ നല്‍കുന്ന ഗാന്ധിജി അരാജകത്വത്തെയാണ് വാഴ്ത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപണമുന്നയിച്ചു. വിദ്യാലയങ്ങള്‍ ബഹിഷ്കരിക്കുന്ന വിദ്യാര്‍ഥികള്‍ ഭാവിയില്‍ നിയമലംഘകനായിത്തീരുമെന്ന് അവര്‍ ഭയപ്പെട്ടു. ജാതീയമായ വിവേചനങ്ങളും രാഷ്ട്രീയമായ അടിച്ചമര്‍ത്തലുകളും സ്വതന്ത്രഭാരതത്തിലെ വിദ്യാര്‍ഥികള്‍ ഇന്നും നേരിട്ടുകൊണ്ടിരിക്കുമ്പോള്‍, പ്രക്ഷോഭരംഗത്തുള്ള ഇന്നത്തെ വിദ്യാര്‍ഥികളുടെ കൂടെയായിരിക്കും ഗാന്ധിജി നില്‍ക്കുക എന്ന് നമുക്ക് നിസ്സംശയം പറയാന്‍ കഴിയും.

അധികാരത്തിന്‍റെ സ്രോതസ്സ് ജനങ്ങളാണെന്നും അതിനാല്‍ അത് പ്രയോഗിക്കാനുള്ള അവകാശം ജനങ്ങളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും ഉറക്കെപ്പറഞ്ഞ ജനാധിപത്യവാദിയായിരുന്നു ഗാന്ധിജി. ഗ്രാമതലത്തില്‍ ജനങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതി ആസൂത്രണവും അധികാരവികേന്ദ്രീകരണവുമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുള്ള ഏകമാര്‍ഗമെന്ന് അദ്ദേഹം വിശ്വസിച്ചു. കൊളോണിയല്‍ ഭരണം ഇവിടെ നടപ്പാക്കിയ നീതി സവര്‍ണന്‍റെയും സമ്പന്നന്‍റെയും താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ചിരുന്നത്. അത്തരത്തില്‍ ഭരണസംവിധാനം പൊളിച്ചെഴുതാന്‍ ഗാന്ധിജിയുടെ പ്രസ്ഥാനം പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്നിട്ടും കഴിഞ്ഞില്ല. കേരളത്തില്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 1987 ല്‍ ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ചും 1996 ല്‍ ജനകീയാസൂത്രണത്തിലൂടെയും അത് നടപ്പിലാക്കി.
പേമാരിയും പ്രളയവും ഉരുള്‍പ്പൊട്ടലും ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെയാണ് കേരളത്തിന് സമ്മാനിച്ചത്. മലനാടും ഇടനാടും തീരപ്രദേശവും ഒരേപോലെ ദുരിതക്കയത്തിലായി. നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. കൃഷിനാശമുണ്ടായി. വീടുകള്‍ തകര്‍ന്നു. റോഡുകള്‍ ഗതാഗതയോഗ്യമല്ലാതായി. കിണറുകള്‍ നികന്നു. കുടിവെള്ളവിതരണം തകരാറിലായി. ലക്ഷക്കണക്കിനു വിദ്യാര്‍ഥികളുടെ പഠനോപകരണങ്ങള്‍ നഷ്ടമായി. പതിനായിരങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തി. ഇങ്ങിനെ തകര്‍ത്തെറിയപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണ് കേരള സര്‍ക്കാര്‍.
1924 ലെ പ്രളയ കാലത്ത് കേരളത്തെക്കുറിച്ച് വേദനിക്കുകയും വലിയ തോതില്‍ പണവും വസ്ത്രവും പിരിച്ചെടുത്ത് അയച്ചുതരികയും ചെയ്ത മഹാത്മാഗാന്ധിയുടെ ആര്‍ത്തരോടുള്ള സഹാനുഭൂതിയേയും പ്രബുദ്ധ കേരളത്തോടുള്ള പ്രതിബന്ധതയേയും സ്മരിച്ചുകൊണ്ടാണ് ഈ പ്രളയകാലത്ത് കേരളം രക്തസാക്ഷ്യം പരിപാടി സംഘടിപ്പിക്കുന്നത്.

അത്യാഹിതം വിചിത്രങ്ങളായ സ്നേഹ ബന്ധങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന് അന്നത്തെ വെള്ളപ്പൊക്കത്തെ പരാമര്‍ശിച്ച് മഹാത്മാഗാന്ധി യങ് ഇന്ത്യയില്‍ എഴുതുകയുണ്ടായി. ഈ പ്രളയത്തില്‍ ഇത് എത്രത്തോളം യാഥാര്‍ത്ഥ്യമായിരുന്നുവെന്ന് നാം അനുഭവിച്ചറിയുകയുണ്ടായി. 1924 ലെ വെള്ളപ്പൊക്കം വിതച്ച നാശത്തില്‍ നിന്നും കരകയറുവാന്‍ സര്‍ക്കാരും രാഷ്ട്രീയകക്ഷികളും പൊതുപ്രവര്‍ത്തകരും ഒരുമിച്ചു പ്രവര്‍ത്തിച്ചു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്നും ഒരു വിഹിതം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നതിനു മുമ്പു തന്നെ ഉദ്യോഗസ്ഥര്‍ സംഭാവന തരാന്‍ തയാറാണെന്ന് അറിയിച്ചു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് തിരുവനന്തപുരം കോണ്‍ഗ്രസ് കമ്മിറ്റി മഹാത്മാ ഗാന്ധിക്ക് കമ്പി സന്ദേശം നല്‍കി.  ‘കോണ്‍ഗ്രസിന്‍റെ കഴിവിനപ്പുറമാണ് നാശനഷ്ടങ്ങള്‍ എന്നും ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്നും അല്ലാത്തപക്ഷം വ്യക്തി സഹായങ്ങള്‍ ചെയ്യുകയാണ് വേണ്ടത് എന്നും ഗാന്ധി കോണ്‍ഗ്രസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്യാം.  മറ്റുള്ളവരെക്കൊണ്ട് സംഭാവന ചെയ്യിക്കുകയും വേണം. വസ്ത്രാവശ്യങ്ങള്‍ ചുരുക്കി വസ്ത്രം സംഭാവന ചെയ്യാം. അല്ലെങ്കില്‍ പതിവായി ഉപയോഗിക്കുന്ന ഏതെങ്കിലുമൊന്ന് ഉപേക്ഷിച്ച് ആ പണം സംഭാവന ചെയ്യാം. സൗകര്യങ്ങളും ആഡംബര വസ്തുക്കളും ഉപേക്ഷിച്ച് സംഭാവനയ്ക്ക് വേണ്ടി പണം ശേഖരിക്കാം. എത്ര കൂടുതല്‍ കിട്ടുന്നുവോ അത്രയും സന്തോഷം’ എന്നാണ് ഗാന്ധിജി പറഞ്ഞത്.

ഗാന്ധിജി ഗുജറാത്തില്‍ നിന്ന് ധാരാളം പണവും വസ്ത്രങ്ങളും ശേഖരിച്ചു. അദ്ദേഹത്തിന്‍റെ ആഹ്വാനം നിറഞ്ഞമനസ്സോടുകൂടിയാണ് അന്നത്തെ ഗുജറാത്തിലെ ജനങ്ങള്‍ സ്വീകരിച്ചത്.  പല രീതിയിലുള്ള പിരിവുകള്‍ നാട്ടില്‍ നടക്കുന്നുണ്ടായിരുന്നു.  “ഇഷ്ടമുള്ള കൂട്ടരുടെ പക്കല്‍ സംഭാവന നല്‍കിക്കൊള്ളട്ടെ. പക്ഷേ എല്ലാവരും സംഭാവനകള്‍ നല്‍കണം എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.”- ഗാന്ധിജി പറഞ്ഞു.

1924 ആഗസ്റ്റ് 17 ന് 6994 രൂപ 13 അണ 3 പൈസ അദ്ദേഹത്തിന് സംഭാവനയായി പിരിഞ്ഞുകിട്ടി.  ബാങ്ക് വഴിയും കുറച്ചു തുക ലഭിക്കുകയുണ്ടായി. മഹാത്മാഗാന്ധി 1924 ല്‍ കേരളത്തോടും ഇവിടെയുണ്ടായ മഹാപ്രളയത്തോടും എത്രമാത്രം സഹാനുഭൂതി കാണിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ എഴുത്തുകളില്‍ നിന്ന് മനസ്സിലാക്കാം.
എല്ലാ ദുരന്തമുഖത്തും അഭയമന്ത്രം ഉരുവിട്ട് ഗാന്ധിജി എത്തുമായിരുന്നു. അദ്ദേഹത്തിന്‍റെ രക്തസാക്ഷിത്വം ഓരോ ദുരന്തവും നമ്മെ ഓര്‍മ്മപ്പെടുത്തും. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്‍റെ 70 വാര്‍ഷികവും അദ്ദേഹത്തിന്‍റെ 150 ാം ജډവാര്‍ഷികവും ആചരിക്കുന്ന ഈ സമയത്ത് അദ്ദേഹത്തിന്‍റെ ജീവിതസന്ദേശമുള്‍ക്കൊണ്ട് കേരളത്തെ പുനര്‍നിര്‍മിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.