ആട്ടിയോടിച്ച വേദികളിലെല്ലാം ദളിതര്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തുകയാണ്. അതിന് വഴിയൊരുക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 6 ദളിതരെ ശാന്തിക്കാരായി നിയമിച്ച ശേഷം ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡും ചരിത്രം കുറിക്കുകയാണ്. 70 പേരെ നിയമിക്കാനുള്ള ഇന്‍റര്‍വ്യൂ ലിസ്റ്റില്‍ 7 പേര്‍ പട്ടികജാതി വിഭാഗക്കാരാണ്. ഇതില്‍ തന്നെ ബാക്കിവരുന്നവരില്‍ 34 പേര്‍ ഈഴവരും, 7 പേര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും 4 പേര്‍ ധീവരരും ഒരാള്‍ നാടാരും ഒരാള്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ടവരുമാണ്. 16 പേരാണ് മുന്നോക്കവിഭാഗങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

ക്ഷേത്രപ്രവേശന വിളംബരത്തിന് ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 6 പട്ടികജാതി, പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്കും 36 പിന്നോക്ക വിഭാഗക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ ശാന്തിക്കാരായി നിയമനം നല്‍കിയ സര്‍ക്കാരാണിത്. ഇപ്പോള്‍ കൊച്ചി ദേവസ്വം ബോര്‍ഡും ഈ ചരിത്രനിയോഗത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ദേവസ്വം ബോര്‍ഡിലെ പിന്നോക്കക്കാരുടെയും എസ്സി, എസ്ടി വിഭാഗത്തിന്‍റെയും സംവരണത്തോത് ഈ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഈഴവര്‍ക്ക് നിലവിലുണ്ടായിരുന്ന 14 ശതമാനം 17 ശതമാനമായും എസ്സി, എസ്ടിയുടെ 10 ശതമാനം 12 ശതമാനമായും ഒബിസിയുടെ മൂന്ന് ശതമാനം 6 ശതമാനമായും വര്‍ദ്ധിപ്പിച്ചു. പൊതുവിഭാഗത്തിന് അര്‍ഹമായ 50 ശതമാനത്തില്‍ കുറവു വരരുതെന്ന ഭരണഘടനാ നിര്‍ദ്ദേശം പാലിച്ചുകൊണ്ടു തന്നെ സാമ്പത്തികമായി ഏറ്റവും പിന്നോക്ക നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ വര്‍ഗ്ഗപരമായ സമീപനത്തിന്‍റെ തിളക്കുമുള്ള ഉദാഹരണമാണ് ഈ നിയമനം. നിയമനം ലഭിച്ച എല്ലാവരെയും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

Please follow and like us:
0