‘നെഹ്റു സ്മൃതി 2018’ പരിപാടിയുടെ ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും താരേക്കാട് ഗവ. മോയന്‍ എല്‍.പി സ്കൂളില്‍ ഇന്ന് (നവംബര്‍ 6) ഉച്ചയ്ക്ക് മൂന്നിന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്കാരിക-പാര്‍ലമെന്‍ററികാര്യ മന്ത്രി എ.കെ ബാലന്‍  ഉദ്ഘാടനവും വിജയികള്‍ക്കുള്ള സമ്മാനദാനവും  നിര്‍വഹിക്കും.
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി  സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് 2018 നവംബര്‍ 14 വരെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ‘നെഹ്റു സ്മൃതി 2018’  എന്ന പേരില്‍ യുപി – ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്ക് ക്വിസ് മത്സരവും പുസ്തകപ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്നുണ്ട്.. പരിപാടിയുടെ ഭാഗമായി 10 പുസ്തകങ്ങള്‍ അടങ്ങുന്ന ഒരു സമ്മാനപ്പെട്ടി കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 50 പുസ്തകങ്ങളുടെ പ്രകാശനവും നടക്കും.  ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച തളിര് വായനാമത്സരത്തില്‍ വിജയികളായ അട്ടപ്പാടിയിലെ 10 വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്കാരവും ഇതോടൊപ്പം വിതരണം ചെയ്യും.

ചടങ്ങില്‍ ഷാഫി പറമ്പില്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം ടി കെ നാരായണദാസ് പുസ്തക പ്രകാശനം നിര്‍വഹിക്കും. ഒ വി വിജയന്‍ സ്മാരകസമിതി സെക്രട്ടറി ടി.ആര്‍ അജയന്‍ പുസ്തകം ഏറ്റുവാങ്ങും. നഗരസഭാധ്യക്ഷ പ്രമീളാശശിധരന്‍, വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസന്നകുമാരി, വിദ്യാരംഗം എഡിറ്റര്‍ അലി ഇക്ബാല്‍, പ്രധാനധ്യാപിക മണിയമ്മ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ സ്വാഗതവും വിദ്യാരംഗം കോ ഓര്‍ഡിനേറ്റര്‍ പി ഒ കേശവന്‍ നന്ദിയും പറയും. ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗവ. മോയന്‍ എല്‍ പി സ്കൂളില്‍ ഉച്ചയ്ക്ക് 1.30 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രണ്ടു മണിക്ക് ക്വിസ് മത്സരം ആരംഭിക്കും.

Please follow and like us:
0