സംസ്ഥാന പിന്നാക്കവിഭാഗ വികസനകോര്‍പ്പറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനമാകെ വ്യാപിപ്പിക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനം ജനങ്ങളില്‍ വലിയ പ്രതീക്ഷയാകുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗം പുതുതായി 10 ഉപജില്ലാ ഓഫീസുകള്‍ തുടങ്ങാനും ഓരോ ഉപജില്ലാ ഓഫീസിലും നാല് തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചിരുന്നു. ഇതിന്‍റെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേഷന് 14 ജില്ലാ ഓഫീസുകളും ആറ് ഉപജില്ലാ ഓഫീസുകളുമാണ് നിലവിലുള്ളത്. ജില്ലാ കേന്ദ്രങ്ങളിലേക്ക് സാധാരണക്കാര്‍ക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് കാരണം എല്ലാവിഭാഗം ജനങ്ങളിലേക്കും കോര്‍പ്പറേഷന്‍റെ പദ്ധതികള്‍ എത്തിയിരുന്നില്ല. ഇതിന് പരിഹാരം കാണുന്നതിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് പുതുതായി ഉപജില്ലാ ഓഫീസുകള്‍ ആരംഭിക്കുന്നത്. ഇത് കോര്‍പ്പറേഷന്‍റെ വായ്പാ പദ്ധതികളുടെ പ്രയോജനം അര്‍ഹമായ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ചെറുകിട ബിസിനസ് രംഗത്ത് വലിയ മാറ്റം ഉണ്ടാക്കുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ദേശസാല്‍കൃത ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കുമ്പോള്‍ കുറഞ്ഞപലിശ നിരക്കില്‍ വൈവിധ്യമാര്‍ന്ന വായ്പാ പദ്ധതികള്‍ നടപ്പിലാക്കിവരുന്ന സ്ഥാപനമാണ് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നിരവധി നവീന പദ്ധതികള്‍ ആരംഭിച്ചു.
പ്രവാസികള്‍ക്കായി റീ-ടേണ്‍ സ്വയംതൊഴില്‍ വായ്പ, മൂന്ന് ലക്ഷം രൂപവരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഭവന രഹിതര്‍ക്ക് എന്‍റെ വീട് ഭവന നിര്‍മ്മാണ വായ്പ, പ്രോഫഷണലുകള്‍ക്ക് വേണ്ടി 20 ലക്ഷം രൂപ വരെ വായ്പയും 20% സബ്സിഡിയും അനുവദിക്കുന്ന സ്റ്റാര്‍ട്ട്അപ് എന്നിവ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം നടപ്പിലാക്കിയ പദ്ധതികളാണ്. ഇത്തരത്തില്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന നിരവധി പദ്ധതികളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനെന്ന അംഗീകാരത്തിനും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ അര്‍ഹമായി.