പിന്നാക്ക വിഭാഗമേഖല വികസനത്തിന്‍റെ പാതയില്‍ :ചരിത്രത്തിലാദ്യമായി കുംഭാരകോളനികളില്‍ വികസനവെളിച്ചം
സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെ സമഗ്രവികസനത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. പിന്നാക്കവിഭാഗത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുംഭാര വിഭാഗങ്ങളിലേക്ക് വികസനവെളിച്ചമേകുന്ന പദ്ധതിക്ക് തുടക്കമായി. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നോക്കം നില്‍ക്കുന്ന കുംഭാരവിഭാഗത്തെ കൈപിടിച്ചുയര്‍ത്തുന്ന ഒരു പദ്ധതി ആദ്യമായാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്.

കുംഭാരകോളനികളുടെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പിന്നാക്കവിഭാഗ വികസന വകുപ്പ് ആരംഭിച്ച പുതിയ പദ്ധതിയാണ് കുംഭാര കോളനികളുടെ നവീകരണം. കോളനികളില്‍ കുടിവെള്ള പദ്ധതി, നടപ്പാത, തൊഴില്‍ ചെയ്യുന്നതിനുള്ള ഷെഡ്ഡുകള്‍, കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം എന്നിങ്ങനെ ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ അഞ്ച് കോടി രൂപ കുംഭാര കോളനികളുടെ നവീകരണത്തിനായി അനുവദിച്ചിരുന്നു.

കളിമണ്‍പാത്ര നിര്‍മ്മാണ വിപണന മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് കുംഭാര വിഭാഗക്കാര്‍. പരമ്പരാഗത രീതിയില്‍ കളിമണ്ണ് ഉപയോഗിച്ച് മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇവര്‍ പിന്നോക്കവിഭാഗത്തിലെ ഏറ്റവും പിന്നോക്കംനില്‍ക്കുന്ന വിഭാഗമാണ്. മണ്‍പാത്രങ്ങളുടെ വിപണനത്തിന് അനുസരിച്ചുള്ള വരുമാനം മാത്രമാണ് ഇവരുടെ സമ്പാദ്യം. കുംഭാരസമുദായം ഒരു പ്രദേശത്ത് ഒരുമിച്ച് കോളനിയായി താമസിക്കുന്നവരാണ്. അവരുടെ ജീവിതസാഹചര്യങ്ങള്‍ പൊതുവെ വളരെ ദയനീയവും പട്ടികജാതി കോളനികള്‍ക്ക് സമാനവുമാണ്. ഇവരുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി കൂടുതല്‍ ഉല്‍പാദനം നടത്താനും അതുവഴി കുടുംബങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്താനും ഈ പദ്ധതിയിലൂടെ കഴിയും. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തില്‍ കൊടകര പഞ്ചായത്തിലെ കൊടകര കുംഭാരകോളനിയില്‍ പദ്ധതി ആരംഭിച്ചു. പാലക്കാട് ജില്ലയിലെ  കോട്ടായി പഞ്ചായത്തിലെ പുളിനെല്ലി കുംഭാരകോളനിയെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിന്നാക്കവിഭാഗങ്ങളുടെ സാമ്പത്തിക സാമൂഹ്യ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുള്ളതായി മന്ത്രി എ കെ ബാലന്‍ പ്രസ്താവനയില്‍ പറഞ്ഞു. അത്തരത്തിലൊന്നാണ് കുംഭാരകോളനികളുടെ വികസനം. ചരിത്രാതീത കാലം മുതല്‍ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന ഈ വിഭാഗത്തെ കൈപിടിച്ചുയര്‍ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് നടപടിയുണ്ടായത്. പിന്നാക്കവിഭാഗങ്ങളിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുംഭാരവിഭാഗങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മന്ത്രി പറഞ്ഞു.