ലൈഫ് പദ്ധതിപ്രകാരം വീടുകള്‍ നല്‍കുന്നതില്‍ പട്ടിക വിഭാഗക്കാര്‍ക്ക് മുന്‍ഗണന ഉണ്ടെന്നും വീടുകളുടെ നിര്‍മാണം  ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുമെന്നും പട്ടികജാതി പട്ടികവര്‍ഗ്ഗ, പിന്നോക്ക സമുദായ  ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ .കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ കുറ്റിച്ചിറ അംബേദ്കര്‍ കോളനിയിലെ വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോദ്ഘാടനവും ജില്ലാപഞ്ചായത്ത് 45 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിച്ച അംബേദ്കര്‍ എസ്.സി  കമ്യൂണിറ്റി ഹാളിന്‍റെ ഉദ്ഘടനവും  നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മണ്ഡലത്തില്‍ 2 കോളനികള്‍ വീതം അംബേദ്കര്‍ സ്വാശ്രയ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുമെന്നും പൊതുജനങ്ങള്‍ക്കുള്ള  ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍  തടസ്സം  വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്‍റെ  ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും  അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം  പട്ടിക വിഭാഗക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, കേരളത്തിന് അകത്തും പുറത്തും തൊഴില്‍ ലഭ്യമാക്കുന്നതിനായി  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  പരിശീലനം നല്‍കിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍ ബി ഡി ദേവസ്സി എം ല്‍ എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ ഷീജു, ജില്ലാപഞ്ചായത്ത് മെമ്പര്‍ സി ജി സിനി ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശൈലജ ഗിരിജന്‍, സാവിത്രി വിജയന്‍, പി എ കുഞ്ചു , സരിത മധു, സാല്‍ബി ജെയിംസ്, ഗീത രവി എന്നിവര്‍  പങ്കെടുത്തു. നിര്‍മ്മിതികേന്ദ്ര പ്രൊജക്റ്റ് മാനേജര്‍ ടി കെ മധുസൂദനന്‍  റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോടശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ശശിധരന്‍ സ്വാഗതവും എസ് സി ജില്ലാ ഓഫീസര്‍ സിന്ധു പരമേശ് നന്ദിയും പറഞ്ഞു.

പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി വികസന വകുപ്പ് നടത്തിവരുന്ന അംബേദ്കര്‍ സ്വാശ്രയ പദ്ധതിയുടെ ഭാഗമായി കോളനി റോഡ് റീ ടാറിങ്, വീടുകളുടെ അറ്റകുറ്റപ്പണി, കാന നിര്‍മാണം, നടപ്പാത കോണ്‍ക്രീറ്റിംഗ്, തുടങ്ങി ഒരു കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടത്തുക. ജില്ലാ നിര്‍മ്മിതികേന്ദ്രം മാര്‍ച്ച് 31 നുള്ളില്‍ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും. പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ലാപഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചിട്ടുള്ളത്