പ്രശസ്ത സിനിമാ സംവിധായകനും കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ചെയര്‍മാനുമായ ലെനിന്‍ രാജേന്ദ്രന്‍റെ നിര്യാണത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു.
ആദ്യസിനിമയായ വേനല്‍ മുതല്‍ ഇടവപ്പാതി വരെ ലെനിന്‍ രാജേന്ദ്രന്‍ ചെയ്ത 16 ചലച്ചിത്രങ്ങളും മലയാളസിനിമാ ലോകത്ത് വേറിട്ടുനില്‍ക്കുന്നതായിരുന്നു. പ്രണയം, കുടുംബം, സമൂഹം, വ്യക്തി എന്നിവയിലൂടെ സഞ്ചരിക്കുന്ന സംഘര്‍ഷങ്ങളും സംവാദങ്ങളും നിറഞ്ഞതായിരുന്നു ലെനിന്‍റെ സൃഷ്ടികള്‍. പ്രമുഖ സാഹിത്യകൃതികളെയും ചരിത്രത്തെയും തന്‍റെ സിനിമകള്‍ക്കായി മനോഹരമായി ഉപയോഗിക്കുകയും ചെയ്തു. വ്യത്യസ്തമായ പാതയിലൂടെ മലയാള സിനിമയെ നയിച്ച ലെനിന്‍ രാജേന്ദ്രന്‍ തന്‍റെ രാഷ്ട്രീയനിലപാടുകളെ സിനിമയ്ക്ക് അകത്തും പുറത്തും പരസ്യമായി ഉയര്‍ത്തിപ്പിടിച്ചു. എന്നും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ഉറച്ചുനില്‍ക്കുകയും അത് തന്‍റെ സൃഷ്ടികളില്‍ പ്രതിഫലിപ്പിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ റീട്രോസ്പെക്ടീവ് വിഭാഗത്തില്‍ ലെനിന്‍ രാജേന്ദ്രന്‍റെ സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കേരള ഫിലിം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍റെ ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രനെ നിശ്ചയിച്ചതും അദ്ദേഹം സ്വീകരിക്കുന്ന വേറിട്ട വഴികള്‍ കണ്ടാണ്. ആ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ തന്നെ ലെനിന്‍ രാജേന്ദ്രന്‍ കെഎസ്എഫ്ഡിസിയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. മലയാളസിനിമയുടെ വികസനത്തിന് നവീന ആശയങ്ങള്‍ രൂപീകരിക്കുന്നതില്‍ ലെനിന്‍ രാജേന്ദ്രന്‍ വഹിച്ച പങ്ക് നിസ്തുലമാണ്. വ്യക്തിപരമായി നല്ലൊരു സുഹൃത്തിനെക്കൂടിയാണ് നഷ്ടമായത്. ഒറ്റപ്പാലത്ത് ലോക്സഭാ  തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കാലം മുതല്‍ ലെനിനെ അടുത്തറിയാം. അദ്ദേഹത്തിന്‍റെ  പെട്ടെന്നുള്ള വിയോഗം മലയാള സിനിമയ്ക്കും കേരളത്തിന്‍റെ പുരോഗമന രാഷ്ട്രീയ കലാ സാഹിത്യപ്രസ്ഥാനത്തിനും തീരാ നഷ്ടമാണ്. – മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.