സാംസ്കാരിക വകുപ്പിന്‍റെ മൂന്ന് സാംസ്കാരിക സമുച്ചയങ്ങള്‍ക്കും അഞ്ച് തിയേറ്റര്‍ കോംപ്ലക്സുകള്‍ക്കും കിഫ്ബി ഭരണാനുമതി നല്‍കി. കൊല്ലത്ത് ശ്രീനാരായണ ഗുരുവിന്‍റെയും പാലക്കാട് വിടി ഭട്ടതിരിപ്പാടിന്‍റെയും കാസര്‍ഗോഡ് സുബ്രമഹ്ണ്യന്‍ തിരുമുമ്പിന്‍റെയും സമാരകങ്ങളായാണ് സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. പാലക്കാട് യാക്കരയില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തിന് 56.48 കോടി രൂപയും കൊല്ലം ആശ്രാമത്ത് നിര്‍മ്മിക്കുന്ന സമുച്ചയത്തിന് 44.41 കോടി രൂപയും കാസര്‍ഗോഡ് അമ്പലത്തറയില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തിന് 36.20 കോടിയുടെയും പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. സ്ഥലം ലഭ്യമായ അഞ്ച് ജില്ലകളില്‍ കൂടി സാംസ്കാരിക സമുച്ചയങ്ങള്‍ക്കുള്ള പ്രൊജക്ട് അടുത്ത കിഫ്ബി യോഗത്തില്‍ സമര്‍പ്പിക്കുന്നതാണ്.
നാടകശാല, സിനിമാതിയേറ്റര്‍, സംഗീതശാല, ഗാലറി, പുസ്തകക്കടകള്‍, സെമിനാര്‍ ഹാളുകള്‍, ശില്‍പികള്‍ക്കും കരകൗശലവിദ്യക്കാര്‍ക്കുമുള്ള പണി ശാലകള്‍, നാടകറിഹേഴ്സല്‍ ഹാളുകള്‍, കലാകാരډാര്‍ക്കും സാഹിത്യകാരډാര്‍ക്കും ചെറിയ കാലയളവില്‍ താമസിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാം അടങ്ങുന്നതായിരിക്കും സാംസ്കാരിക സമുച്ചയങ്ങള്‍.
പയ്യന്നൂര്‍ (11.40 കോടി), കായംകുളം (15.03 കോടി), പേരാമ്പ്ര (11.35 കോടി), തൃശ്ശൂര്‍ അഴകപ്പ നഗര്‍ (9.29 കോടി), തലശ്ശേരി (10.19 കോടി) എന്നിവിങ്ങളില്‍ തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മിക്കുന്നതിനാണ് കിഫ്ബി ഭരണാനുമതി നല്‍കിയിട്ടുള്ളത്. കായംകുളത്ത് മൂന്ന് സ്ക്രീനും മറ്റിടങ്ങളില്‍ രണ്ട് സ്ക്രീനും ഉള്ള തിയേറ്ററുകളാണ് നിര്‍മ്മിക്കുന്നത്. അടുത്ത കിഫ്ബി യോഗത്തില്‍ ആറ് തിയേറ്റര്‍ കോംപ്ലക്സുകളുടെ പ്രൊജക്ട് കൂടി സമര്‍പ്പിക്കും.