പട്ടികജാതി, പട്ടികവര്‍ഗ്ഗ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ആമസോണില്‍
0 likes
162 views
Comments പട്ടികജാതി, പട്ടികവര്‍ഗ്ഗ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ ആമസോണില്‍ Comments
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ സരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ ഇടം കണ്ടെത്തുന്ന പദ്ധതിക്ക് തുടക്കമായി. ആമസോണില്‍ ഇതിനകം തന്നെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കഴിഞ്ഞു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പും കിര്‍ത്താഡ്സും ചേര്‍ന്ന് നടത്തുന്ന ഗദ്ദിക സാംസ്കാരികോത്സവവും ഉല്‍പ്പന്ന വിപണന മേളയും എല്‍ഡിഎഫ് സര്‍ക്കാര്‍ വിപുലീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങളുടെ വിറ്റുവരവ് കോടിക്കണക്കിന് രൂപയിലേക്ക് എത്തുകയും ഗദ്ദിക വന്‍ വിജയമാവുകയും ചെയ്തു. പ്രകൃതിദത്തമായ വന വിഭവങ്ങള്‍ക്കും പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ക്കും ആവശ്യക്കാരാറെയാണെന്നും ലോക മാര്‍ക്കറ്റില്‍ തന്നെ ഇതിന് വലിയ വിപണന സാധ്യതയുണ്ടെന്നും സര്‍ക്കാരിന് മനസിലാക്കാനായത് ഗദ്ദികയിലൂടെയാണ്. ലോകത്തെമ്പാടും വ്യാപിച്ചുകിടക്കുന്ന ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സംവിധാനത്തെ എങ്ങനെ ഇതിനായി ഉപയോഗപ്പെടുത്താമെന്ന് സര്‍ക്കാര്‍ ആലോചിച്ചു. അതിന്റെ ഫലമായാണ് ആമസോണ്‍ എന്ന ആഗോള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയുമായി സഹകരിച്ച് സര്‍ക്കാര്‍ ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
കേരളത്തിന്റെ പാരമ്പരാഗത ഉല്‍പ്പന്നങ്ങളും വന വിഭവങ്ങളും ആമസോണിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. ലോകത്തെവിടെ നിന്നും കേരളത്തിന്റെ പാരമ്പര്യ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതിലൂടെ സാധിക്കും. നിലവില്‍ 50 ല്‍ അധികം ഉല്‍പ്പന്നങ്ങളാണ് ആമസോണില്‍ ലഭ്യമാക്കിയിട്ടുള്ളത്. ആമസോണ്‍ കമ്പനിയുമായി സംസാരിച്ച് 200 ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനുള്ള ധാരണയിലായിട്ടുണ്ട്. മാത്രമല്ല, ലോകപ്രശസ്തമായ വയനാടന്‍ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയും ഭക്ഷ്യസുരക്ഷ ലൈസന്‍സ് ലഭിച്ചാലുടന്‍ ആമസോണ്‍ വഴി ലഭ്യമാക്കുന്നുണ്ട്.
ആമസോണില്‍ കയറി ഗദ്ദിക എന്ന് ടൈപ്പ് ടെയ്ത് സെര്‍ച്ച് കൊടുത്താല്‍ ആദിവാസി ഉല്‍പ്പന്നങ്ങളുടെ ലിസ്റ്റ് വരും. മുളയില്‍ തീര്‍ത്ത പുട്ടുകുറ്റി, റാന്തല്‍ ലൈറ്റ്, ചിരട്ട പുട്ട് മേക്കര്‍, മുളയില്‍തീര്‍ത്ത ജഗ്ഗും മഗ്ഗും, വാട്ടര്‍ ബോട്ടില്‍, മുളകൊണ്ടുള്ള വിശറി, തേങ്ങകൊണ്ടുണ്ടാക്കിയ കൂജ, സ്ത്രീകളുടെ പേഴ്സ്, ബാഗ്, പാളത്തൊപ്പി എന്നിങ്ങനെ പാരമ്പര്യ ഉല്‍പ്പന്നങ്ങളുടെ വലിയ നിരതന്നെ ലഭ്യമാണ്. മുള, ചിരട്ട, വനത്തിലെ ഈടുറ്റ തടികള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചവയാണ് എല്ലാം.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമാക്കാനാണ് ഉല്‍പ്പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കാന്‍ തീരുമാനിച്ചത്. ലോകം മുഴുവന്‍ ഒറ്റ ക്ലിക്കില്‍ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ വിപണിയുടെ സാധ്യത സംസ്ഥാനത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ സംരംഭകര്‍ക്ക് പുതിയ വെളിച്ചമേകുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ നല്കാന് ഏവരുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.