മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് നടത്തിയ പ്രസംഗം
ലേഖനം
(നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച് മെയ് 20, 21 തിയ്യതികളില്‍ നിയമസഭയില്‍ എം.എല്എമാര്ക്കായി നടത്തിയ ശില്‍പ്പശാലയില്‍ പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന് നടത്തിയ പ്രസംഗം)
ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു നിയമനിര്‍മ്മാണസഭയാണ് കേരള നിയമസഭ. കേരളം രൂപം കൊടുത്ത ചരിത്ര പ്രസിദ്ധമായ നിയമനിര്‍മ്മാണങ്ങളാണ് ഇതിന് കാരണം. ഇത്തരം ഒരു നിയമസഭയില്‍ അംഗമാകുക എന്നത് അഭിമാനകരമാണ്.
നവോത്ഥാന പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായു ണ്ടായ സാംസ്കാരിക അവബോധം നമ്മുടെ ഈ നിയമ നിര്‍മ്മാണങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ കേരളം നിര്‍മ്മാര്‍ജ്ഞനം ചെയ്ത അനാചാരങ്ങളും അന്തവിശ്വാസങ്ങളും തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. കേരളം വീണ്ടും ഒരു ഭ്രാന്താലയമായി മാറുമോ എന്ന ആശങ്ക ശക്തിപ്പെടുന്നതാണ് സമീപകാല സംഭവങ്ങള്‍. കേരള നിയമസസഭയുടെ 125-ാം വാര്‍ഷികാഘോ ഷങ്ങളുടെ ഭാഗമായി അന്തരിച്ച മുന്‍ സ്പീക്കര്‍ ശ്രീ. ജി. കാര്ത്തികേയന് നടത്തിയ പ്രസംഗത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ദരിക്കാം.
‘അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ചവിട്ടിമെതിച്ച് കടന്നുവന്ന ഒരു പ്രാചീന ചരിത്രം നമുക്കുണ്ട്. സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചകളും തൊടലും തീണ്ടലും എല്ലാമുണ്ടായിരുന്ന കാലഘട്ടം നമ്മുടെ ഓര്‍മ്മയിലുണ്ട്. അവയെല്ലാം നേരിടാന്‍ നമുക്ക് സാധിച്ചു. പക്ഷേ, ഇപ്പോള്‍ അതെല്ലാം വീണ്ടും തിരിച്ചുവരികയാണ് എന്ന സത്യം നമ്മെ ഭയപ്പെടുത്തുന്നു. വിശ്വാസങ്ങളിലൂ ന്നുന്ന അന്ധവിശ്വാസങ്ങളും, ആചാരങ്ങളിലൂന്നുന്ന ആനാചാരങ്ങളും വീണ്ടും തിരിച്ചുവരികയാണോ? നാം ഉപേക്ഷിച്ച പല അനാചാരങ്ങളും ഇന്ന് വീണ്ടും നാം സ്വാഗതം ചെയ്യുന്നു. ഇത് എങ്ങിനെയാണ് പുരോഗതിയാവുന്നത്? പ്രാചീനകാലം തിരിച്ചുവരികയാണോ? സാംസ്കാരിക പരിഷ്ക്കരണങ്ങളിലൂടെ നാം നേടിയ വിപ്ലവകരമായ മാറ്റങ്ങള്‍, നമുക്ക് നഷ്ടപ്പെടുന്നു എന്നത് വിസ്മരി ക്കാനാവില്ല.” കാര്ത്തികേയന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ഈ പരാമര്‍ശ ത്തിന് ഇന്ന് വളരെയേറെ പ്രസക്തിയുണ്ട്.
നിയമനിര്‍മ്മാണ സഭകളുടെ അധികാരത്തിന്മേല് ജുഡീഷറിയുടെയും എക്സിക്യൂട്ടീവിന്റേയും ഇടപെടല്‍ അംഗീകരിക്കാവില്ല. ജുഡീഷ്യല്‍ മജിസ്റ്റ്രേറ്റ് മാരുടെയും മുന്സിഫ്മാരുടെയും സേവനവേതന വ്യവസ്ഥകള്‍ സംബന്ധിച്ച ജുഡീഷ്യല്‍ സര്‍വ്വീസ് റൂള്‍സ് ഒരു ഉദാഹരണമാണ്. കേരള പബ്ലിക് സര്‍വ്വീസസ്
ആക്ടിന് കീഴില്‍ ഗവണ്മെന്റ് ഉണ്ടാക്കുന്ന ഈ ചട്ടങ്ങള്‍ നിയമസഭയുടെ പരിശോധനയ്ക്ക് നല്‍കണമെന്നാണ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇപ്രകാരം ഉണ്ടാക്കുന്ന ചട്ടങ്ങള്‍ നിയമസഭയുടെ മുമ്പാകെ വെക്കേണ്ട തില്ലാ എന്നാണ് സുപ്രീംകോടതിയുടെ വിധി. എക്സിക്യൂട്ടീവിന്റെ നടപടിക്രമ ങ്ങള് പ്രതിപാദിക്കുന്നതിനായി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 166 പ്രകാരം ഗവര്‍ണ്ണര്‍ ഉണ്ടാക്കുന്ന റൂള്‍സ് ഓഫ് ബിസിനസ്സും നിയമസഭയുടെ പരിഗണന യ്ക്ക് നല്‍കുന്നില്ല.
പല കാര്യങ്ങളിലും കേരള നിയമസഭ രാജ്യത്തിന് മാതൃകയാണ്. പുരോഗമന നിയമ നിര്‍മ്മാണങ്ങള്‍, കൂടുതല്‍ കാലം സഭാ സമ്മേളനം, അതോടൊപ്പം രാജ്യത്ത് ആദ്യമായി സബ്ജക്റ്റ് കമ്മിറ്റികള്‍ രൂപീകരിച്ച് നിയമ നിര്‍മ്മാണ പ്രക്രിയയെ ഫലപ്രദമാക്കിയതും എടുത്തുപറയേണ്ട കാര്യമാണ്.
ഇന്ത്യന്‍ പാര്‍ലമെന്റും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്നീട് പിന്തുടരുകയുണ്ടായി. സബ്ജക്ട് കമ്മിറ്റി നിയമസഭയുടെ ചെറുരൂപമാണ്. വലിയ ഉത്തരവാദിത്വമാണ് ഇവക്കുള്ളത്. പക്ഷെ ആ ഉത്തരവാദിത്വം ഇപ്പോള്‍ അംഗങ്ങള്‍ പൂര്‍ണ്ണമായും നിര്‍വ്വഹിക്കപ്പെടുന്നില്ല എന്ന വിമര്‍ശനം നിലനില്ക്കുന്നു. പലപ്പോഴും മതിയായ ഹാജര്‍ കമ്മറ്റികള്‍ക്ക് ലഭിക്കു ന്നില്ല.പെട്ടെന്ന് യോഗം ചേര്‍ന്ന് പിരിയുന്ന ഒരു ചടങ്ങായി കമ്മറ്റികള്‍ മാറുന്നു. ഈ പ്രവണത മാറേണ്ടതുണ്ട്.
ആക്ട് പ്രാവര്‍ത്തികമാക്കുന്നതിനാണ് ചട്ടം. എന്നാല്‍ ചട്ടങ്ങള്‍ പലപ്പോഴും ആക്ടിന്റെ ഉദ്ദേശത്തിന് തന്നെ എതിരായി മാറുന്നു. അതിന്റെ ഫലമായി നിരവധി തവണ ആക്ട് ഭേദഗതി ചെയ്യാന്‍ നിയമസഭ കൂടേണ്ടി വരുന്നു. ചിലപ്പോള്‍ എക്സിക്യൂട്ടീവ് തലത്തില്‍ ചട്ടങ്ങള്‍ അന്തിമമായി രൂപീകരിച്ച് ഗസറ്റില്‍ പ്രസിദ്ധികരിച്ച ശേഷം സാധൂകരണത്തിന് സബ്ജറ്റ് കമ്മിറ്റിയുടെ മുമ്പാകെ വരുന്നു. കമ്മറ്റി യാന്ത്രികമായി അത് അംഗീകരിക്കുന്നു. അതുകൊണ്ടുതന്നെ നിയമസഭയില്‍ ചട്ടത്തിന്റെ കുറവുകള്‍ വെളിവാക്കപ്പെടുകയോ, ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്യുന്നില്ല. മേശപ്പുറത്ത് വെക്കുന്ന ചട്ടങ്ങള്‍ അങ്ങനെതന്നെ നിലനില്ക്കും. ബഡ്ജറ്റിന്റെ ഭാഗമായിട്ടുള്ള ധനാഭ്യര്‍ത്ഥന ചര്‍ച്ച ചെയ്യപ്പെടുന്നതും അധികവിഭവത്തിന് ശുപാര്‍ശ ചെയ്യുന്നതും സബ്ജറ്റ് കമ്മിറ്റികളാണ്. പക്ഷേ ഈ ശുപാര്‍ശകള്‍ പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ല. സബ്ജക്റ്റ് കമ്മിറ്റി ശുപാര്‍ശകള്‍ എങ്ങനെ നടപ്പിലാക്കാന്‍ കഴിയും എന്ന കാര്യം ഗൗരവായി പരിശോധിക്കണം. കമ്മിറ്റിക്ക് ഒരു ജൈവാവസ്ഥ ഉണ്ടാകണമെങ്കില്‍ സബ്ജകട് കമ്മിറ്റിക്ക് അധികാരം ഉണ്ടാകണം. അര്‍ത്ഥമില്ലാത്ത കേവല ശുപാര്‍ശ കമ്മിറ്റിയായി സബ്ജക്റ്റ് കമ്മിറ്റികള്‍ അധഃപ്പതിക്കാന്‍ പാടില്ല.
നിയമത്തിന്റെ പ്രാബല്യം ചട്ടത്തിന്റെ പൂര്ത്തീകരണത്തോടുകൂടിയാണ് നടപ്പില്‍ വരുന്നത്. പക്ഷെ ചട്ട രൂപീകരണം വളരെ വൈകിയാണ് വരുന്നത്. 2016-ലെ കേരള അംഗണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും ക്ഷേമനിധി ആക്ട് പാസ്സാക്കിയിട്ട് മൂന്നുവര്‍ഷം കഴിഞ്ഞു. ഇതുവരേയും ചട്ടം രൂപീകരിച്ചിട്ടില്ല. മാത്രമല്ല പല ആക്ടിന്റെയും അടിസ്ഥാനത്തില്‍ ചട്ടം രൂപീകരിക്കാന്‍ വകുപ്പുകളുടെ ഇടപെടല്‍ കാരണം പലപ്പോഴും കഴിയാറുമില്ല.
നിയമനിര്‍മ്മാണ പ്രക്രിയയില്‍ എക്സിക്യൂട്ടീവിന്റെ തടസ്സവാദങ്ങള്‍ വരുന്നതിന്റെ കാരണം സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ജ്ജീവാവസ്ഥയാണ്. നിയമ നിര്‍മ്മാണത്തിന് മതിയായ സമയം ഉണ്ടാകണം. പരമാവധി ദിവസങ്ങള്‍ ഇതിനായി കണ്ടെത്തണം. ആ ദിശയില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ നമ്മുടെ സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ നിയമസഭാസമ്മേളനം ചേരുന്നത.് വികസന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചയ്ക്ക് കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാല്‍ ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള ബില്ലുകള്‍ പലപ്പോഴും യഥാസമയം പാസ്സാക്കാന്‍ കഴിയുന്നില്ല. ഓര്‍ഡിനന്‍സ് പുനര്‍വിജ്ഞാപനം ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നു. ഇത് പലപ്പോഴും ഗവര്‍ണ്ണറുടെ വിമര്‍ശനത്തിനും ഇടവരുത്തുന്നു.
നിയമസഭാ സമിതികളില്‍ പങ്കെടുത്ത് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത് നിയമസഭാ സാമാജികരുടെ ഉത്തരവാദിത്വമാണ്. ഓരോ പ്രത്യേക വിഷയ ത്തിലും പ്രാവീണ്യവും താല്‍പ്പര്യവുമുള്ള സാമാജികരെ ബന്ധപ്പെട്ട നിയമസഭാ സമിതിയില്‍ ഉള്‍പ്പെടുത്തുന്നതുവഴി സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും അതുവഴി ജനാധിപത്യ പ്രക്രിയ ശക്തി പ്പെടുത്താനും കഴിയും.