ജില്ലയില്‍ പ്രളയത്തിനിരയായി വീട് നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന 31 പേര്‍ക്ക് പട്ടികജാതി വികസന വകുപ്പ് പുതിയ വീട് അനുവദിച്ചു. ഇതില്‍ രണ്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും ബാക്കിയുള്ളവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നതായും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ഭവനനിര്‍മാണ ധനസഹായമായി ആറ് ബ്ലോക്കുകളിലായി 31 വീടുകളാണ് അനുവദിച്ചത്. ഇതില്‍ പുളിക്കീഴ് ബ്ലോക്കിലെ സി.സി. മധു, ലീലാ രാജന്‍ എന്നിവരുടെ വീട് നിര്‍മാണം പൂര്‍ത്തീകരിച്ചു.

ഒരു വീടിന്റെ നിര്‍മാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വീടിന്റെ നിര്‍മാണ ചുമതല ഗുണഭോക്താക്കള്‍ നേരിട്ടാണ് നിര്‍വഹിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുന്നത്. ആദ്യഘട്ടത്തില്‍ 60,000 രൂപയും, തറനിരപ്പ് പൂര്‍ത്തിയാക്കുമ്പോള്‍ 1,20,000 രൂപയും, ലിന്റല്‍ പണികള്‍ക്ക് ശേഷം 1,60,000 രൂപയും, അവസാനഘട്ടമായ മേല്‍ക്കൂര വാര്‍ക്കുമ്പോള്‍ 60,000 രൂപയുമാണ് നല്‍കുക. 423 സ്‌ക്വയര്‍ഫീറ്റ് മുതലാണ് വീട് നിര്‍മാണം. കിടപ്പുമുറി, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങള്‍ വീട്ടിലുണ്ടാകും.  ജില്ലയില്‍ പ്രളയദുരിതം ബാധിച്ച 5624 പേര്‍ക്ക് പട്ടികജാതി വികസന വകുപ്പ് മുഖേന 5000 രൂപാ വീതം ധനസഹായം നല്‍കി. തിരുവല്ല നഗരസഭയിലെ 441 പേര്‍ക്ക് 22,05,000 രൂപയും, മല്ലപ്പളളി ബ്ലോക്കിലെ 139 പേര്‍ക്ക് 6,95,000 രൂപയും, പുളിക്കീഴ് ബ്ലോക്കിലെ 1946 പേര്‍ക്ക് 97,30,000 രൂപയും, കോയിപ്രം ബ്ലോക്കിലെ 507 പേര്‍ക്ക്് 25,35,000 രൂപയും, ഇലന്തൂര്‍ ബ്ലോക്കിലെ 344 പേര്‍ക്ക് 17,20,000 രൂപയും, റാന്നി ബ്ലോക്കിലെ 389 പേര്‍ക്ക് 19,45,000 രൂപയും, കോന്നി ബ്ലോക്കിലെ 133 പേര്‍ക്ക് 6,65,000 രൂപയും, പന്തളം ബ്ലോക്കിലെ 1674 പേര്‍ക്ക് 83,70,000 രൂപയും, പറക്കോട് ബ്ലോക്കിലെ 51 പേര്‍ക്ക്  2,55,000 രൂപയും അനുവദിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ആകെ 2,81,20,000 രൂപ അനുവദിച്ചു.

പ്രളയബാധിതമായ തിരുവല്ല നഗരസഭ പ്രദേശത്തെ അടുമ്പട കോളനി, ഇലന്തൂര്‍ ബ്ലോക്കിലെ പന്നിവേലിച്ചിറ കോളനി, പന്തളം ബ്ലോക്കിലെ മുട്ടം സെറ്റില്‍മെന്റ് കോളനി, പേരങ്ങാട്ട് മെയ്ക്കുന്ന് കോളനി എന്നിവയെ നവീകരണത്തിനായി തെരഞ്ഞെടുത്തു. പന്നിവേലിച്ചിറ കോളനിയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 76,20,788 രൂപയും, മുട്ടം കോളനിക്ക് 89,86,523 രൂപയും, പേരങ്ങാട്ട് മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപയും അനുവദിച്ചു. അടുമ്പട കോളനിയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് നിര്‍മിതി കേന്ദ്രം തയാറാക്കി പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിക്കാന്‍ കഴിയും വിധമാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. അടുമ്പട കോളനിയില്‍ 34 ഉം പന്നിവേലിച്ചിറ കോളനിയില്‍ 160 ഉം മുട്ടം കോളനിയില്‍ 110 ഉം പേരങ്ങാട്ട് മേയ്ക്കുന്ന് കോളനിയില്‍ 62 ഉം കുടുംബങ്ങളുണ്ട്. ഇവിടുത്തെ റോഡ്, നടപ്പാത, വീടുകള്‍, ശുചിമുറി, കിണര്‍, മതില്‍ എന്നിവയുടെ അറ്റകുറ്റപ്പണിയും നവീകരണവും നടത്തും. അടുമ്പട കോളനിയില്‍ പുതുതായി രണ്ട് കിണറുകള്‍ കുഴിക്കും.