പാലക്കാട് ജില്ലയിലെ കണ്ണമ്പ്രയില്‍ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സ്ഥാപിക്കുന്ന ആധുനിക നെല്ല് സംഭരണ-സംസ്കരണ പ്ലാന്‍റിനായി 15 ഏക്കര്‍ ഭൂമി ലഭ്യമാക്കുന്നതിന് ഭൂപരിഷ്കരണ നിയമ വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ തീരുമാന മായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ കെ ബാലന്‍, റവന്യൂ വകുപ്പ് മന്ത്രി ശ്രീ. ഇ ചന്ദ്രശേഖരന്‍, സഹകരണ വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്.
15 ഏക്കര്‍ റബര്‍ പ്ലാന്‍റേഷന്‍ ഭൂമിക്കാണ് ഭൂപരിഷ്കരണ നിയമ വ്യവസ്ഥയില്‍ നിന്ന് ഇളവ് നല്‍കിയത്. നിര്‍ദ്ദിഷ്ട പദ്ധതിക്കായി കണ്ടെത്തിയ 15 ഏക്കര്‍ ഭൂമി പ്ലാന്‍റേഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പുരയിടം എന്ന തരത്തില്‍ പെട്ടതാണ്.  ഈ ഭൂമി വ്യവസായ ആവശ്യത്തിന് ഉപയോഗിക്കാന്‍ ഭൂമിയുടെ തരം മാറ്റി സര്‍ക്കാരിന്‍റെ അംഗീകാരം വേണം. കെ എല്‍ ആര്‍ നിയമത്തിലെ 81 (3) (യ) വകുപ്പ് പ്രകാരം പൊതു ആവശ്യത്തിന് സീലിങ്ങ് പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഗവണ്മെന്‍റിന് അധികാരമുണ്ട്. ഇതു സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് പ്രത്യേക അനുമതി നല്‍കും.
പാലക്കാട് ജില്ലയിലെ 26 പ്രാഥമിക സഹകരണ ബാങ്കുകള്‍ അംഗങ്ങളായ കണ്‍സോര്‍ഷ്യമാണ് മില്ല് സ്ഥാപിക്കുന്നത്. ജില്ലയില്‍ നെല്ല് സംഭരണം യഥാസമയം നടക്കാത്തതു കൊണ്ട് കര്‍ഷകര്‍ക്ക് കുറഞ്ഞ വിലയ്ക്ക് നെല്ല് ഇടനിലക്കാര്‍ക്ക് വില്‍ക്കേണ്ടി വരുന്നു. ഇതിന് ശാശ്വത പരിഹാരം കാണാനാണ് ആധുനിക മില്ല് സ്ഥാപിക്കുന്നത്. ഇതിനായി 2018 ഡിസംബര്‍ 29ന് പാലക്കാട് പാഡി പ്രൊക്യൂര്‍മെന്‍റ്, പ്രോസസിങ്ങ് & മാര്‍ക്കറ്റിങ് സഹകരണ സംഘം ക്ലിപ്തം പി.1449 (ജഅജഇഛട) എന്ന സഹകരണ സംഘം രൂപീകരിച്ചു. ഈ സംഘത്തിന്‍റെ അംഗീകൃത മൂലധനം 30 കോടി രൂപയാണ്. സംഘം ഓഹരി മൂലധനമായി 7.80 കോടി രൂപ ഇതുവരെ സമാഹരിച്ചു.
പ്രതിദിനം 200 ടണ്‍ ശേഷിയുള്ള ആധുനിക റൈസ് മില്ലും ഇതോട് ചേര്‍ന്ന് നാല് ഗോഡൗണുകളും നിര്‍മ്മിക്കും. ആദ്യഘട്ടത്തില്‍ അരിയുടെയും രണ്ടാം ഘട്ടത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും ഉല്‍പ്പാദനമാണ് ലക്ഷ്യമിടുന്നത്. പൊതുവിതരണ ശൃംഖല വഴിയും പഞ്ചായത്തുകള്‍ തോറും സഹകരണ ബാങ്കുകള്‍ അരിക്കടകള്‍ സ്ഥാപിച്ചും വിപണനം നടത്തും. രണ്ടാം ഘട്ടത്തില്‍ പാലക്കാട് ജില്ലയിലെ ആറ് താലൂക്കുകളിലും ഓരോ ഗോഡൗണുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
പദ്ധതിക്ക് 31.93 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ധനസഹായ മായി മൂന്ന് കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. പദ്ധതിക്ക് ആവശ്യമായ 15 ഏക്കര്‍ ഭൂമിക്ക്  സെന്‍റിന് 23000 രൂപ നിരക്കില്‍ 3.45 കോടി രൂപയാണ് കണക്കാക്കി യിട്ടുള്ളത്.