ഒ.വി വിജയന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരന്: മന്ത്രി എ.കെ ബാലന്
സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായി ശക്തമായി തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് ഒ.വി വിജയന് എന്ന് പട്ടികജാതി-പട്ടികവര്‍ഗ വര്‍ഗ്ഗ സാംസ്കാരിക പാര്‍ലമെന്ററി കാര്യ മന്ത്രി എകെ ബാലന്. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഒ.വി വിജയന് സ്മാരക സമിതിക്കായി തസ്രാക്കില്‍ നിര്‍മ്മിച്ച കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്ത്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ വഴികള്‍ ഉപയോഗപ്പെടുത്തി ഫാസിസത്തിന്റെ വാതില്‍ തുറക്കാന്‍ കഴിയുമെന്ന ചരിത്രകാരന് എം.ജി.എസ് നാരായണന്റെ കാഴ്ചപ്പാട് ഒ.വി വിജയന് തന്റെ നോവലുകളിലൂടെ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തസ്രാക്കില്‍ നിര്‍മിച്ചിരിക്കുന്ന ലഘു ഭക്ഷണശാലയുടെയും പുസ്തകശാലയുടെയും ഉപഹാരശാലയുടെയും ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വ്വഹിച്ചു. രാജ്യത്ത് നാം അറിയാതെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നിയന്ത്രണങ്ങളെപ്പറ്റി പുറത്തുകൊണ്ടുവരേണ്ടത് എഴുത്തുകാരുടെ ചുമതലയാണെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.
പി.വി സുജിത് എടുത്ത തസ്രാക്ക് ഹിമാലയന്‍ ചിത്രങ്ങളുടെ പ്രദര്‍ശനമായ ‘ഋതുക്കള്‍’ ഉദ്ഘാടനവും ഒ.വി വിജയന് സ്മാരക നോവല്‍, ചെറുകഥ, യുവ കഥ പുരസ്കാര സമര്‍പ്പണവും മന്ത്രി എ.കെ ബാലന് നിര്‍വഹിച്ചു.ഒ.വി വിജയന് സ്മാരക സമിതി ചെയര്മാന് ടി.കെ നാരായണദാസ് അധ്യക്ഷനായി. ഒ.വി വിജയന് സ്മാരക പുരസ്കാര ജേതാക്കളെ ആഷാമേനോന്(നോവല്‍ വിഭാഗം) ടി.കെ ശങ്കരനാരായണന് (ചെറുകഥാ വിഭാഗം),ഡോക്ടര്‍ പി. ആര് ജയശീലന്‍(യുവകഥ വിഭാഗം) എന്നിവര്‍ പരിചയപ്പെടുത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. ശാന്തകുമാരി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷൈലജ, പഞ്ചായത്ത് അംഗം നിതിന്‍ കണിച്ചേരി, സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി ഡോ.പ്രഭാകരന് പഴശ്ശി, ഒ.വി വിജയന് സ്മാരക സമിതി സെക്രട്ടറി ടി.ആര് അജയന്, സി.പി ചിത്രഭാനു, പത്മശ്രീ ശിവന് നമ്പൂതിരി, ജ്യോതിബായ് പരിയാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
സാംസ്കാരിക വകുപ്പ് 2 കോടി ചിലവിട്ട് കലാസാംസ്കാരിക മേഖലയ്ക്ക് ഏറെ പ്രയോജനമാകുന്ന പ്രവര്‍ത്തനങ്ങളാണ് ഒ.വി വിജയന് സ്മാരക സമിതിയിലൂടെ തസ്രാക്കില്‍ നടപ്പിലാക്കിയിട്ടുള്ളത്്. നിര്‍മിതി കേന്ദ്രയാണ് ഈ പ്രവര്‍ത്തികള്‍ ചെയ്തുവരുന്നത്. തസ്രാക്കില്‍ രണ്ട് നിലകളിലായാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. 3600 സ്്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഒന്നാം നിലയില്‍ ഓഫീസ് റൂം, സ്റ്റോര്‍ റൂം, ഗ്രന്ഥശാല, വിശ്രമ മുറി, പ്രദര്‍ശനശാല എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അറബിക്കുളം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 40 ലക്ഷം രൂപചിലവഴിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി തസ്രാക്കിലും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സെമിനാറുകള്‍, സംവാദങ്ങള്‍, ശില്പശാലകള് തുടങ്ങിയ പരിപാടികള്‍ നടന്നുവരികയാണ്.
ഒ.വി വിജയന് സ്മാരക പുരസ്കാര ജേതാക്കള്‍
നോവല്‍ വിഭാഗത്തില്‍ വി.ജെ ജെയിംസ്, ചെറുകഥ വിഭാഗത്തില്‍ അയമനം ജോര്‍ജ്, യുവ കഥ വിഭാഗത്തില്‍ പ്രഖില്‍ ജോര്‍ജ് എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹരായി.