പാലക്കാട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ സംസ്ഥാനത്തിന്റെ വലിയൊരു സ്വപ്നമാണ് സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് പട്ടികജാതി-വര്‍ഗ്ഗ-നിയമ-സാംസ്‌ക്കാരിക- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് മെഡിക്കല്‍ കോളേജ് മെയിന്‍ ബ്ലോക്കിന്റെ ഉദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 549 കോടിയുടെ മാസ്റ്റര്‍ പ്ലാനാണ് മെഡിക്കല്‍ കോളേജിനായി തയ്യാറാക്കിയത്. 2014-15 വര്‍ഷത്തില്‍ കോളേജിലെ ആദ്യ ബാച്ചിന് പ്രവേശനം നല്‍കുകയും ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഹോസ്റ്റല്‍ തുറന്നുനല്‍കുകയും ചെയ്തു. മെഡിക്കല്‍ കോളേജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാനും പല പ്രതിസന്ധികളാണ് സര്‍ക്കാരിന് നേരിടേണ്ടി വന്നത്. മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം നേടുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിട്ടിന് അനുകൂലമായ നിലപാട് കേന്ദ്ര മന്ത്രി സ്വീകരിച്ചതോടെ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാര ലഭ്യത എളുപ്പമായെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ അധ്യാപകരെ സ്ഥിരപ്പെടുത്തിയത് സംബന്ധിച്ച വിവാദങ്ങള്‍ അനവസരത്തിലുള്ളതാണെന്ന് മന്ത്രി വ്യക്തമാക്കി. അര്‍ഹരായവരെ തന്നെയാണ് സ്ഥിരപ്പെടുത്തിയതെന്നും സ്ഥിരപ്പെടുത്തിയില്ലെങ്കില്‍ അത് മെഡിക്കല്‍ കോളേജിന്റെ അംഗീകാരത്തെ ബാധിക്കുമായിരുന്നെന്നും മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.