മലയാള കവിതയ്ക്ക് പുതിയ ഭാഷയും രൂപവും സമ്മാനിച്ച സവിശേഷ വ്യക്തിത്വമുള്ള കവിയായിരുന്നു ആറ്റൂര്‍ രവിവര്‍മ. അദ്ദേഹത്തിന്‍റെ  നിര്യാണം കേരളത്തിന്‍റെ സാംസ്കാരിക രംഗത്തിന്  നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്‍റെ  കുടുംബംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
മലയാള കവിതയില്‍ പ്രത്യേകമായ ഒരു ശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്.  കവിതയുടെ അലങ്കാരഭാരങ്ങളില്ലാതെ ഹൃദയത്തിന്‍റെ, സത്യമായ ഭാഷയാണ് അദ്ദേഹം കവിതയില്‍ ഉപയോഗിച്ചത്. കാലത്തിനനുസരിച്ച് മാറേണ്ടതാണ് കവിതയും എന്ന് അദ്ദേഹം വിശ്വസിച്ചു.
മികച്ച ഒരു അദ്ധ്യാപകന്‍ കൂടിയായിരുന്നു അദ്ദേഹം. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ അദ്ദേഹം അധ്യാപകനായിരിക്കെ ശിഷ്യനായിരിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന എന്നെപ്പോലുള്ള വിദ്യാര്‍ഥികളോടും സവിശേഷമായ സ്നേഹവാത്സല്യങ്ങള്‍ അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ മന്ത്രി വി എസ് സുനില്‍കുമാറിനോടൊപ്പം ആറ്റൂരിന്‍റെ വീട്ടിലെത്തി കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് നല്‍കാന്‍ അവസരം ലഭിച്ചു. കവിതാ രചനയില്‍ നിന്ന് ഒട്ടൊക്കെ വിരമിച്ചെങ്കിലും സാഹിത്യ പ്രവര്‍ത്തനം അവസാനിപ്പിക്കാതെ കമ്പരാമായണത്തിന്‍റെ മലയാള പരിഭാഷയുടെ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.
ആര്‍ക്കും കീഴടങ്ങാതെ കവിതയുടെ വഴിയില്‍ ഒറ്റയ്ക്ക് സഞ്ചരിച്ച അദ്ദേഹത്തിന്‍റെ ഓര്‍മ്മക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു.