വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ സാംസ്കാരിക കേരളം ഒറ്റ മനസ്സോടെ ചെറുക്കണം.

ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളോടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്ന് പറഞ്ഞതിനാണ് സംഘപരിവാര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഭരണവര്‍ഗ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും  കൊലപാതകങ്ങള്‍ക്കുമെതിരെ ഐക്യരാഷ്ട്രസഭയില്‍ പോലും പ്രതിഷേധമുയര്‍ന്നു. ഇന്ത്യയിലെ പ്രമുഖരായ 48  സാംസ്കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ  ശക്തമായ നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതിനാണ് അടൂരിനെതിരെ ഭീഷണിയുമായി സംഘപരിവാര്‍ നേതാവ് വന്നിരിക്കുന്നത്.
തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പാക്കിസ്ഥാനിലേക്കയക്കുമെന്നാണ് സംഘപരിവാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ചന്ദ്രനിലയക്കുമെന്നാണ് പറയുന്നത്. ജ്ഞാനപീഠം ജേതാവും കേരളത്തിന്‍റെ അഭിമാനവുമായ എംടിയെ ഇടതുപക്ഷത്തിന്‍റെ കാലുനക്കിയെന്നാണ് സംഘപരിവാര്‍ മുഖപത്രം മുമ്പ് വിശേഷിപ്പിച്ചത്. മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി വാദിക്കുന്നവരെയൊക്കെ ഇവര്‍ ശത്രുക്കളായി കാണുന്നു.
ഭീഷണിക്ക് കീഴടങ്ങി നിശ്ശബ്ദമായി ജീവിക്കില്ലെന്ന  ഉറച്ച നിലപാട് അടൂര്‍ സ്വീകരിച്ചിരിക്കയാണ്. അദ്ദേഹത്തിനൊപ്പമാണ് കേരളത്തിന്‍റെ മനസ്സ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. അടൂരിനെ സംഘപരിവാര്‍ നേതാവ് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ  പ്രതികരണമറിയാന്‍ താല്‍പര്യമുണ്ട്.
വ്യത്യസ്ത അഭിപ്രായമുള്ളവരെ തകര്‍ത്തു കളയുമെന്ന സംഘപരിവാറിന്‍റെ നിലപാട് കേരളത്തില്‍ വിലപ്പോകില്ല. ജനാധിപത്യം, മതനിരപേക്ഷത, മനുഷ്യാവകാശങ്ങള്‍ എന്നിവ ഉയര്‍ത്തിപ്പിടിച്ച് സാംസ്കാരിക ലോകം അടൂരിന്‍റെ പിന്നില്‍ ഉറച്ചു നില്‍ക്കുമെന്ന് പ്രത്യാശിക്കുന്നു.