സാംസ്‌കാരിക ഉന്നതി മെച്ചപ്പെടുത്തേണ്ടത് കലാസൃഷ്ടിയുടെ അവിഭാജ്യഘടകമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി കേരളവർമ്മ വായനശാലയിൽ വെച്ച് നടന്ന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം യുവ കലാകരൻമാർക്കുള്ള വജ്രജൂബിലി ഫെലോഷിപ്പ് എന്ന നൂതന പദ്ധതി സംസ്ഥാന സാംസ്‌കാരിക വകുപ്പ് ആവിഷ്‌കരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ ഈ പദ്ധതി ആരംഭിച്ചത്. നമ്മുടെ സാംസ്‌കാരിക ഉന്നതി നിലനിർത്തുകയും യുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന ഓരോ കലാകാരന്മാർക്കും സാംസ്‌കാരിക വകുപ്പ് നൽകുന്ന 10,000 രൂപ കൂടാതെ ബ്ലോക്ക് പഞ്ചായത്ത് മുഖേന 5000 രൂപ അധികമായും നൽകും.
ഇതിനു പുറമേ ഗ്രന്ഥശാലകൾക്കുള്ള ഫർണിച്ചർ, വനിതാ മേസ്തിരി പരിശീലനം പൂർത്തിയാക്കിയവർക്ക് ടൂൾ കിറ്റ്, പ്രളയാനന്തര പുനർനിർമ്മാണം സാനിറ്ററി-ഇലക്ട്രിക് സാമഗ്രികൾ എന്നിവയുടെ വിതരണോദ്ഘാടനവും നടന്നു. 2019-20 വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് ഗ്രന്ഥശാലകൾക്കുള്ള ഫർണിച്ചർ വിതരണം നടത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നും ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള 23 ഗ്രന്ഥശാലകൾക്കാണ് ഫർണിച്ചർ വിതരണം ചെയ്യുന്നത്. 10,35,000 രൂപ ചിലവഴിച്ചു കൊണ്ട് 23 മേശ, 23 അലമാര, 100 കസേര എന്നിങ്ങനെയാണ് വിതരണം നടത്തുന്നത്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) -ന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി വനിതാ മേസ്തിരി പരിശീലനം പൂർത്തീകരിച്ച 30 വനിതകൾക്കുള്ള ടൂൾ കിറ്റ് വിതരണവും പ്രളയക്കെടുതിയിൽ പൂർണ്ണമായി വീടിന് നാശനഷ്ടം സംഭവിച്ച ബ്ലോക്ക് പഞ്ചായത്ത് പരുധിയിലെ 3 കുടുംബങ്ങൾ ഉൾപ്പെടെ വരവൂർ, മുള്ളൂർക്കര, തെക്കുംകര എന്നീ പഞ്ചായത്തുകൾക്ക് കീഴിലെ അർഹരായ 23 കുടുംബങ്ങൾക്കും സാനിറ്ററി-ഇലക്ട്രിക് സാമഗ്രികളുടെ വിതരണവും നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത്‌ലാൽ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയായി. പ്രൊജക്ട് ഡയറക്ടർ എം.കെ.ഉഷ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ. ശ്രീജ, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന, വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വിജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

Please follow and like us:
0