ജില്ലയില്‍ ഓഗസ്റ്റിലുണ്ടായ മഴക്കെടുതിയില്‍  പട്ടികവര്‍ഗ്ഗ മേഖലയിലെ 39 കോളനികളെ നേരിട്ട് ബാധിക്കുകയും 29 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ജീവഹാനി സംഭവിക്കുകയോ  കാണാതാവുകയോ ചെയ്തിട്ടുള്ളതായി നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. തകര്‍ന്ന മുഴുവന്‍ കോളനികളും സന്ദര്‍ശിച്ച് നാശനഷ്ടം കണക്കാക്കുന്ന പ്രവര്‍ത്തനം നടന്നുവരികയാണ്.  കരുളായി ഗ്രാമപഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, പോത്തുകല്ല് പഞ്ചായത്തിലെ ചളിയ്ക്കല്‍, കവളപ്പാറ, തണ്ടന്‍കല്ല് കോളനികള്‍ പൂര്‍ണ്ണമായും നശിക്കുകയും വാസയോഗ്യമല്ലാതാവുകയും ചെയ്തിട്ടുണ്ട്.  ഇവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കും. മുണ്ടക്കടവ് കോളനിയിലെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഊരുകൂട്ടം ചേര്‍ന്ന് നടപടി തുടര്‍ന്നുവരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതും ഇനിയും പുനസ്ഥാപിക്കാത്തതുമായ കോളനികളില്‍ സോളാര്‍ ലൈറ്റ് വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍, വകുപ്പ് ഡയറക്ടര്‍ എന്നിവരുടെ  നേതൃത്വത്തില്‍ ദുരിതബാധിത പ്രദേശങ്ങളായ കവളപ്പാറ, ഇരുട്ടുകുത്തി, തണ്ടന്‍കല്ല്, കുമ്പളപ്പാറ, വാണിയമ്പുഴ, നെടുങ്കയം, മുണ്ടക്കടവ് എന്നീ കോളനികള്‍ നേരിട്ട് സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.

പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ കോളനിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍നാശനഷ്ടം സംഭവിക്കുകയും 60 ആളുകളെ കാണാതാവുകയും ചെയ്തതില്‍     29 പേര്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. മൃതദേഹം തൊട്ടടുത്ത ക്യാമ്പില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത്  പൊതുശ്മശാനത്തില്‍ സംസ്‌ക്കരിക്കുകയായിരുന്നു. മുണ്ടക്കടവ്, നെടുങ്കയം, വലിയ ഭൂമിക്കുത്ത് കോളനികളില്‍ വെള്ളം കയറി പൂര്‍ണ്ണമായും നശിച്ച അവസ്ഥയായിരുന്നു.  മാഞ്ചീരി ചോലനായ്ക്ക കോളനിയിലേക്കുള്ള റോഡ് തകര്‍ന്ന് ഒറ്റപ്പെട്ടെങ്കിലും ദുരന്തനിവാരണ സേന, വനം വകുപ്പ് എന്നിവരെ ഏകോപിപ്പിച്ച് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍, സാധനസാമഗ്രികള്‍ എന്നിവ കോളനിയില്‍ എത്തിച്ചിരുന്നു.
വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ പുഞ്ചക്കൊല്ലി, അളയ്ക്കല്‍ കോളനികളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന്  പല വീടുകളിലും അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഒലിച്ചു പോയതിനെ തുടര്‍ന്ന് വകുപ്പിന്റെ എഫ്.എസ്.പി പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്തിരുന്നു. ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് വിവിധ പട്ടികവര്‍ഗ്ഗ കോളനികളില്‍ നിന്നുള്ള 778 പട്ടികവര്‍ഗ്ഗ കുടുംബങ്ങളിലെ 2443 പേരെയാണ് 30 ക്യാമ്പുകളിലായി താമസിപ്പിച്ചത്. ഓരോ ക്യാമ്പിലും വകുപ്പിലെ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച്  ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ ആറു ക്യാമ്പുകളിലായി 114 കുടുംബങ്ങളില്‍ നിന്നുള്ള 363 ആളുകളുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗക്കാര്‍ മാത്രം താമസിച്ചുവരുന്ന കരുളായി മുണ്ടക്കടവ് ബദല്‍ സ്‌കൂള്‍ ക്യാമ്പിന്റെ ചുമതല നിലമ്പൂര്‍ ഐ.ടി.ഡി.പി ഏറ്റെടുത്ത് നടത്തിവരികയാണ്.