വളർച്ചയുടെ പുതിയ പടവുകൾ കയറുന്ന മലയാള സിനിമയിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഏറിവരികയാണ്. സിനിമയുടെ അരങ്ങിലും അണിയറയിലും സ്ത്രീമുന്നേറ്റം പ്രകടമാണ്. ആ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരാൻ വുമൺ ഇൻ സിനിമാ കളക്ടീവിന്‍റെ പുതിയ ഫിലിം സൊസൈറ്റി സംരംഭത്തിന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു.

പി കെ റോസിയുടെ ദുരന്തകഥയിൽ നിന്നാണ് നമ്മുടെ സിനിമാ ചരിത്രം ആരംഭിക്കുന്നത് തന്നെ. എന്നാൽ ഇന്ന് എല്ലാമേഖലയിലും സ്ത്രീകൾ തങ്ങളുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ അവരുടെ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചുവരികയാണ്. അതിന് ആ മേഖലയിലെ സ്ത്രീകൾ തന്നെ മുൻകൈയ്യെടുത്തു എന്നതാണ് ഏറ്റവും വലിയ കാര്യം. സർക്കാർ അവരോടൊപ്പം നിന്നു. വുമൺ ഇൻ സിനിമാ കളക്ടീവ് ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകവും രാജ്യത്തെ സിനിമാ മേഖലയ്ക്ക് തന്നെ മാതൃകയുമാവുകയാണ്.

മലയാള സിനിമയുടെ ആദ്യ അഭിനേത്രിയായ പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കാൻ പോവുകയാണ് വുമൻ ഇൻ സിനിമ കളക്ടീവ്. ഏറെ മാതൃകാപരമായ തീരുമാനമാണിത്. സിനിമയിൽ അഭിനയിച്ചതിൻറെ പേരിൽ, സമൂഹത്തിലെ താഴ്ന്ന ജാതിയിലായതിന്‍റെ പേരിൽ വേട്ടയാടപ്പെട്ട സ്ത്രീയാണ് റോസി. അവരുടെ പേരിൽ തുടങ്ങുന്ന ഈ സംരംഭം കേരളത്തിലെ സ്ത്രീകൾക്കാകെ പ്രചോദനമായിരിക്കും.

പി.കെ റോസിയുടെ പേരിൽ ഒരു ഫിലിം സൊസൈറ്റി ആരംഭിക്കുക എന്നതിലൂടെ ഇന്നത്തെ സിനിമാ ചരിത്രത്തൽ നിന്ന് ലിംഗ, ജാതി, മത, വംശ, സ്ഥല, വർണ്ണ സ്വത്വങ്ങളാൽ മാറ്റി നിർത്തപ്പെട്ടവരോടൊപ്പം നിൽക്കാനും അതിനെ കുറിച്ചു സംസാരിച്ച് തുടങ്ങാനുമുള്ള ഒരെളിയ ശ്രമമാണ് ഉദ്ദേശിക്കുന്നതെന്നാണ് കളക്ടീവ് പ്രവർത്തകർ പറയുന്നത്. സ്ത്രീകളായിട്ടുള്ള സംവിധായകരേയും ചലച്ചിത്ര പ്രവർത്തകരെയും സ്ത്രീപക്ഷ ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തെയും പ്രദർശിപ്പിക്കുകയും ചർച്ച ചെയ്യുകയും ആഘോഷിക്കുകയുമാണ് പൂർണ്ണമായും സ്ത്രീ/ട്രാൻസ്-സ്ത്രീകളാൽ നയിക്കപ്പെടുന്ന ഈ സൊസൈറ്റിയുടെ ലക്ഷ്യം.

കേരളത്തിലെ സിനിമാ മേഖല വളർന്നത് ഫിലിം സൊസൈറ്റികളിലൂടെയാണ്. കേരളം ലോകരാഷ്ട്രീയം മനസിലാക്കിയതും സിനിമകൾ ചർച്ച ചെയ്തു തുടങ്ങിയതും ഫിലിം സൊസൈറ്റികളിലൂടെയാണ്. ഈ സർക്കാർ വന്ന ശേഷം ഫിലിം സൊസൈറ്റികളുടെ പ്രോത്സാഹനത്തിനായി ഗ്രാമീണ ഫിലിം ഫെസ്റ്റിവെലുകളും ടൂറിംഗ് ടാക്കീസും സംഘടിപ്പിച്ചു. ഫിലിം സൊസൈറ്റികൾക്ക് സ്വന്തമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സഹായവും ചലച്ചിത്ര അക്കാദമി വഴി ലഭ്യമാക്കി. കൂടാതെ സിനിമാ മേഖലയിലെ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനും അവർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനും സർക്കാർ മുൻകയ്യെടുത്തു. കഴിഞ്ഞ ബജറ്റിൽ സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സിനിമാ നിർമ്മാണത്തിനുള്ള ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.

സർക്കാരിന്‍റെ ഇത്തരം പ്രവർത്തനങ്ങൾക്ക് കൂടി കരുത്ത് പകരുന്നതാണ് വുമൺ ഇൻ സിനിമാ കളക്ടീവിന്‍റെ പുതിയ സംരംഭം. പുതുതായി സ്ത്രീകളുടെ മേഖലയിൽ ഉയർന്നുവന്ന ഈ ഫിലിം സൊസൈറ്റിക്ക് ഒരുപാട് വലിയ കാര്യങ്ങൾ ചെയ്യാനാകും. ഇത്തരം സംരംഭങ്ങളിലൂടെ ഓരോ കുടുംബത്തിലെയും സ്ത്രീകളുടെ ഇടയിലേക്ക് വുമൺ ഇൻ സിനിമാ കളക്ടീവ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എത്തിക്കാനാകട്ടെ എന്നാശംസിക്കുന്നു.